പട്ടേലിന്റെ മകള്‍ മണിബെന്‍; നെഹ്രുവിന്റെ അവഗണന, സഹോദരനുമായുള്ള രാഷ്ട്രീയപ്പിണക്കം

സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകള്‍ മണിബെന്‍ അച്ഛന്റെ ബാഗും ഒരു ബുക്കുമായി നെഹ്റുവിനെ ചെന്നുകണ്ടു. ആ ബാഗും ബുക്കും നെഹ്രുവിനെ ഏല്‍പ്പിക്കണമെന്ന് പട്ടേല്‍ മരണത്തിനു മുന്‍പ് മകളോട് ചട്ടം കെട്ടിയിരുന്നു. സാധനങ്ങള്‍ രണ്ടും നെഹ്റു കൈപ്പറ്റി. നന്ദിയും പറഞ്ഞു. ബാഗിനുള്ളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടേതായ 35 ലക്ഷം രൂപയും പുസ്തകത്തില്‍ അതിന്റെ കണക്കുമായിരുന്നു.
എന്നാല്‍, മറ്റൊന്നും നെഹ്റു മണിബെന്നിനോട് സംസാരിച്ചില്ല. ഏറെ നേരം കാത്തിരുന്ന ശേഷം അവര്‍ അവിടെ നിന്ന് എഴുന്നേറ്റുപോയി. അച്ഛന്റെ മരണശേഷം താന്‍ എങ്ങനെ ജീവിക്കുമെന്നോ എന്തെങ്കിലും സഹായം വേണ്ടതുണ്ടോ എന്നോ നെഹ്റു ചോദിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ,അതുണ്ടായില്ല. ഡോ. വര്‍ഗീസ് കുര്യന്റെ ആത്മകഥയായ 'ഐ ടൂ ഹാഡ് എ ഡ്രീം' എന്ന പുസ്തകത്തിലാണ് മണിബെന്നിന്റെ വേദന പരാമര്‍ശിക്കപ്പെടുന്നത്.
പട്ടേലിന്റെ രണ്ടുമക്കളും രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. ഐതിഹാസികമായ ബര്‍ദോളി സത്യാഗ്രഹത്തിലും രാജ്‌കോട്ട് സത്യാഗ്രഹത്തിലും നിസ്സഹകരണ സമരത്തിലും മണിബെന്‍ ഭാഗമായിരുന്നു. ഒരുപാടു വട്ടം അറസ്റ്റ് വരിച്ച മണി, 12 വര്‍ഷത്തോളം ജയിലില്‍ കിടന്നു. സ്വാതന്ത്ര്യസമരത്തില്‍ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കാക്കുന്നതില്‍ മണിയുടെ സാന്നിധ്യം വലിയ പങ്കുവഹിച്ചു. പട്ടേലിന്റെ മക്കളില്‍ മണിബെന്നാണ് 1950-ലെ പട്ടേലിന്റെ മരണശേഷം ആദ്യം പൊതുതിരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങുന്നത്. 1952-ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഖേദയില്‍ നിന്ന് കോണ്‍ഗ്രസ്സിനായി ഗോദയിലിറങ്ങിയ മണിബെന്‍ വലിയ ഭൂരിപക്ഷത്തോടെ ജയിച്ചു.
ബോംബൈ മുനിസിപ്പല്‍ കോപ്പറേഷനിലെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അംഗമായിരുന്നു പട്ടേലിന്റെ മകന്‍ ദഹ്യഭായി പട്ടേല്‍, അതും പതിനെട്ട് വര്‍ഷം. 1957-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും എന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍, ജനുവരിയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ സര്‍ദാര്‍ പട്ടേലിന്റെ സംഭാവനകളെ അംഗീകരിക്കാന്‍ നെഹ്റു വിസമ്മതിച്ചത് അദ്ദേഹത്തെ പ്രകോപിപ്പിച്ചു. അതുകൊണ്ട് താന്‍ കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചുവെന്നാണ് 'രാജ്യസഭാ മാന്‍ പെഹലോന്‍ വര്‍ഷ' എന്ന തന്റെ പുസ്തകത്തില്‍ ദഹ്യഭായി പറയുന്നത്. മുന്‍പ് കോണ്‍ഗ്രസ് വിട്ട ഇന്ദുലാല്‍ യാജ്ഞിക് രൂപീകരിച്ച മഹാ ഗുജറാത്ത് ജനപരിഷദ് എന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ദഹ്യഭായി 1985-ല്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
സഹോദരന്‍ കോണ്‍ഗ്രസ് വിടുന്നതിനോടും മറ്റൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിനെതിരെ മത്സരിക്കുന്നതിനോടും മണിബെന്നിന് എതിര്‍പ്പായിരുന്നു. സഹോദരനോട് കരഞ്ഞുകൊണ്ട് തര്‍ക്കിക്കുന്ന മണിബെന്നിനെ കുറിച്ചുള്ള ഓര്‍മ ഇന്ദുലാല്‍ തന്റെ ഓര്‍മ്മപുസ്തകത്തില്‍ പങ്കുവെക്കുന്നുണ്ട്. സഹോദരന്‍ കോണ്‍ഗ്രസ് വിട്ടിട്ടും മണിബെന്‍ ഉറച്ചുനിന്നു 1957-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആനന്ദ് മണ്ഡലത്തില്‍ നിന്ന് അവര്‍ ജയിച്ചു.
കോണ്‍ഗ്രസ് പൂര്‍ണമായും നെഹ്രുവിന്റെ നിഴലിലായെന്നും അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് ചായ്‌വ് അംഗീകരിക്കാനാകില്ലെന്നും ആരോപിച്ച് സി. രാജഗോപാലാചാരി സ്ഥാപിച്ച സ്വാതന്ത്ര പാര്‍ട്ടിക്ക് ഗുജറാത്തില്‍ സ്വാധീനം വര്‍ധിച്ചുവരുന്നുണ്ടായിരുന്നു. കോണ്‍ഗ്രസിനോട് പലവിധ എതിര്‍പ്പുണ്ടായിരുന്നവരും പുതിയ പാര്‍ട്ടിയുടെ ഭാഗമായി. 1962-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആനന്ദ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മണിബെന്‍ മത്സരിച്ചു. ദഹ്യഭായി അപ്പോഴേക്കും സ്വാതന്ത്രപാര്‍ട്ടിയുടെ നേതാക്കന്മാരില്‍ ഒരാളായി മാറിയിരുന്നു. ഇത്തവണ മണി തോറ്റു. കോണ്‍ഗ്രസ്സിനെതിരെ സ്വാതന്ത്ര പാര്‍ട്ടി സ്ഥാനാര്‍ഥിയാണ് ജയിച്ചത്.
1962-ല്‍ പരാജയം രുചിച്ചെങ്കിലും 1964 മുതല്‍ 1970 വരെ രാജ്യസഭാംഗമായി തുടരാന്‍ മണിബെന്നിന് കഴിഞ്ഞു.1969-ല്‍ കോണ്‍ഗ്രസ് പിളര്‍ന്ന് ഇന്ദിരാ ഗാന്ധി പുറത്തുപോയപ്പോള്‍ മണി പഴയ കോണ്‍ഗ്രസിനൊപ്പം (കോണ്‍ഗ്രസ് O) ഉറച്ചുനിന്നു. 1973-ല്‍ വീണ്ടും അവര്‍ ലോക്‌സഭയിലേക്ക് ജയിച്ചു. അതേ വര്‍ഷമാണ് ദഹ്യഭായിയുടെ മരണം. മരിക്കുമ്പോള്‍ അദ്ദേഹം രാജ്യസഭാ അംഗമായിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന 1977-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മണിബെന്‍ മത്സരിച്ചു. ഇക്കുറി ഭാരതീയ ലോക് ദള്‍ സ്ഥാനാര്‍ഥിയായിട്ടായിരുന്നു പോരാട്ടം. ഇത്തവണയും ജയം അവരെ തുണച്ചു. പക്ഷേ, ഇത് മണിബെന്നിന്റെ തിരഞ്ഞെടുപ്പ് ജീവിതത്തിന്റെ അവസാനമായിരുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഉരുക്കുതൂണായി നിന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ മകള്‍, സഹോദരന്‍ കോണ്‍ഗ്രസ്സിനെ തള്ളിപ്പറഞ്ഞിട്ടും ആ പ്രസ്ഥാനത്തെ ചേര്‍ത്തുനിര്‍ത്തിയവള്‍. അവസാനമായി മണിബെന്‍ മത്സരിച്ചത് അതേ കോണ്‍ഗ്രസിനെതിരെ ആണെന്നത് ജീവിതത്തിന്റെ അനേകം വികൃതികളില്‍ ഒന്നാകാം.
രാജ്യസഭയിലും ലോക്‌സഭയിലും പ്രാതിനിധ്യം നേടിയ ഏക ഗുജറാത്തി വനിതാ രാഷ്ട്രീയ നേതാവാണ് മണിബെന്‍. സ്വയം നൂല്‍നൂറ്റ ഖാദി മാത്രമണിഞ്ഞ് ജീവിച്ച യഥാര്‍ത്ഥ ഗാന്ധീയ. രാഷ്ട്രീയലാക്കോടെ പട്ടേലിനെ വാനോളമുയര്‍ത്തുന്നവര്‍ എന്തുകൊണ്ടാകും മണിബെന്നിനെ വാഴ്ത്തിപ്പാടാത്തത് ?
Content Highlights: the life of maniben patel