300 കോടിയുടെ ആസ്തി, ബോബി ഡിയോളിൻ്റെ ബിസിനസുകാരിയായ പങ്കാളി

'ആനിമൽ' എന്ന ചിത്രത്തിലെ അബ്രാർ ഹഖ് എന്ന കഥാപാത്രത്തിലൂടെയാണ് ബോബി ഡിയോൾ അടുത്തിടെ ഏറ്റവുമധികം കൈയടി നേടിയത്. ഇതോടെ 'ലോർഡ് ബോബി'യെന്നൊരു വിളിപ്പേരും ഇന്റർനെറ്റ് അദ്ദേഹത്തിന് നൽകി. മുൻപെങ്ങുമില്ലാത്ത വിധത്തിലാണ് അബ്രാർ ബോബിയെ വീണ്ടും വെളിച്ചത്തേക്ക് കൊണ്ടുവന്നത്.
ബോളിവുഡിലെ ഏറ്റവും ശക്തരായ അഭിനേതാക്കളിൽ ഒരാളായി അദ്ദേഹത്തിന്റെ രണ്ടാം വരവ് ആരാധകർ ആഘോഷിക്കുമ്പോൾ, ഭാര്യ ടാന്യയും ശ്രദ്ധ നേടുന്നു. തന്റെ ജീവിതത്തിലെ ഏല്ലാ നേട്ടങ്ങൾക്കും കാരണക്കാരിയായി ബോബി പറയാറുള്ള ടാന്യ, ഒരു സംരംഭക കൂടിയാണ്. ബിസിനസ് കുടുംബത്തിൽ നിന്നാണ് ടാന്യയുടെ വരവ്.
ഇന്ത്യൻ സാമ്പത്തിക രംഗത്ത് ഏറെ പേരെടുത്ത ബിസിനസുകാരനും ബാങ്കറുമായ ദേവേന്ദ്ര അഹൂജയാണ് ടാന്യയുടെ അച്ഛൻ. സെഞ്ചൂറിയൻ ബാങ്കിൻ്റെ പ്രൊമോട്ടറായിരുന്നു അദ്ദേഹം. 20ത്ത് സെഞ്ച്വറി ഫിനാൻസിൻ്റെ മാനേജിങ് ഡയറക്ടറും. 2010-ൽ അദ്ദേഹം അന്തരിച്ചപ്പോൾ, ഏകദേശം 300 കോടി രൂപ വിലമതിക്കുന്ന ഓഹരികളും സ്വത്തുക്കളും ടാന്യയ്ക്ക് അനന്തരാവകാശമായി ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇത്രയും വലിയ സമ്പത്തുണ്ടായിരുന്നിട്ടും, ഒരു ഇൻ്റീരിയർ ഡിസൈനറായി സ്വന്തമായ പാത വെട്ടിത്തുറക്കാൻ ടാന്യ തീരുമാനിക്കുകയായിരുന്നു.
പ്രണയവിവാഹമായിരുന്നു ബോബിയുടെയും ടാന്യയുടെയും. ആറുമാസം പ്രണയിച്ചശേഷം 1996-ല്‍ വിവാഹം. മാധ്യമങ്ങളുടെ നിരന്തരമായ ശ്രദ്ധയിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനാണ് ടാന്യ പൊതുവെ ഇഷ്ടപ്പെടാറ്. ഉന്നതതല പരിപാടികൾ, റെഡ് കാർപെറ്റുകൾ, സിനിമാ പ്രദർശനങ്ങൾ എന്നിവയിലൊഴികെ പൊതുവേദികളിൽ അപൂർവമായേ ടാന്യയെത്താറുള്ളൂ.
തൻ്റെ സ്ഥിരതയ്ക്കും വിജയത്തിനും കാരണം ടാന്യയാണെന്ന് ബോബി ഡിയോൾ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. 'ഞാനൊരു വിശാലമനസ്കനാണ്. എൻ്റെ ഭാര്യ ജോലി ചെയ്യുന്നതിനെ ഒരിക്കലും തടഞ്ഞിട്ടില്ല, അവളെ അടക്കിനിർത്തുകയോ, സ്വയം വിലകുറഞ്ഞതായി തോന്നിപ്പിക്കുകയോ ചെയ്തിട്ടില്ല. ഇന്ന് ഞാനിങ്ങനെ ആയിത്തീർന്നതിന് കാരണം എൻ്റെ ഭാര്യയാണ്.' എന്നാണ് ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖത്തിൽ ബോബി പറഞ്ഞത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover Tanya Deol, wife of Bobby Deol, a successful entrepreneur with a net worth of Rs 300 crore. Learn about her family, career, and love story.