'സമ്മർദങ്ങൾക്ക് കീഴടങ്ങാൻ ആഗ്രഹിക്കുന്നില്ല'; ദിഷയുമായുള്ള പ്രണയവാർത്തകൾക്കിടെ തൽവീന്ദർ

നടി ദിഷ പഠാനിയും പഞ്ചാബി ഗായകൻ തൽവീന്ദറും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പരന്നുതുടങ്ങിയിട്ട് കുറച്ചുനാളായിരുന്നു. നടി കൃതി സനോണിന്റെ സഹോദരി നൂപുർ സനോണിന്റെ വിവാഹച്ചടങ്ങുകളിൽ ഇരുവരും കൈകോർത്തുപിടിച്ച് പ്രത്യക്ഷപ്പെട്ടതോടെയാണ് ഗോസിപ്പുകൾ ശക്തമായത്. അതിനിടെ ഒരുമിച്ച് ലിഫ്റ്റിൽനിന്നിറങ്ങുന്നതും ഒരേ കാറിൽ കയറിപ്പോകുന്നതുമായ വീഡിയോകളും ആരാധകർ ഏറ്റെടുത്തു.
പൊതുവേദികളിൽ തന്റെ മുഖം മറച്ചുവെക്കുന്ന ശീലമുള്ള തൽവീന്ദർ, ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴും മുഖംമറച്ചായിരുന്നു വന്നത്. ചടങ്ങുകൾ കഴിഞ്ഞ് ഒരുമിച്ചാണ് തിരിച്ചുപോയതും. ഉദയ്പൂർ വിമാനത്താവളത്തിൽവെച്ചും ഇവരുടെ ചിത്രങ്ങൾ പാപ്പരാസികൾ പകർത്തി. അന്നൊന്നും തങ്ങളുടെ ബന്ധങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകളോട് തൽവീന്ദറോ ദിഷയോ പ്രതികരിച്ചിരുന്നില്ല.
അതിനുശേഷം ഒരാഴ്ച കഴിഞ്ഞ്, മുംബൈ മഹാലക്ഷ്മി റേസ്‌കോഴ്‌സിൽ നടന്ന ലോപലൂസ ഇന്ത്യ 2026-ൽ പങ്കെടുക്കാനായി ദിഷയും തൽവീന്ദറും കൈകൾ കോർത്തുപിടിച്ചെത്തി. അതോടെ താരങ്ങൾ തങ്ങളുടെ ബന്ധം ഔദ്യോഗികമാക്കുകയാണോ എന്ന് ആരാധകർ സംശയിച്ചു. അതിനും ഇരുവരും മറുപടി പറഞ്ഞില്ല.
ഇപ്പോഴിതാ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയുമായുള്ള അഭിമുഖത്തിൽ ഇതിനെക്കുറിച്ച് പ്രതികരിക്കുകയാണ് തൽവീന്ദർ. ''നൂപുറിന്റെ വിവാഹത്തിന് തൊട്ടുമുമ്പാണ് ഞങ്ങൾ പരസ്പരം പരിചയപ്പെട്ടത്. അതോടെ അപ്രതീക്ഷിതമായി എല്ലാവരുടെയും ശ്രദ്ധ ഞങ്ങളുടെ നേർക്കായി. സമ്മർദങ്ങൾക്കോ കിംവദന്തികൾക്കോ കീഴടങ്ങാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ ഇപ്പോഴും സ്വയം കണ്ടെത്തുകയാണ്, ഇപ്പോഴും സ്വയം മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു. അവർ കിംവദന്തികൾ പ്രചരിപ്പിക്കാൻ ശ്രമിച്ചാൽ, കിംവദന്തികൾ കിംവദന്തികളായി തന്നെ തുടരും'', തൽവീന്ദർ വെളിപ്പെടുത്തുന്നു.
പ്രണയത്തെയും ബന്ധങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് തൽവീന്ദർ നൽകിയ മറുപടിയിങ്ങനെ, ''ഞാൻ എല്ലാ ദിവസവും പ്രണയത്തിലാകുന്നു, ഇപ്പോഴും ഞാൻ പ്രണയത്തിലാകുന്നു''.
മുഖംമറച്ചും മാസ്‌ക് ധരിച്ചും മുഖത്ത് പെയിന്റ് അടിച്ചുമൊക്കെയാണ് തൽവീന്ദർ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളത്. പൊതുസ്ഥലത്ത് പെർഫോം ചെയ്യുമ്പോൾ തന്റെയുള്ളിലെ ഈഗോ ഇല്ലാതാക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. 2024-ലാണ് അദ്ദേഹം തന്റെ ആദ്യത്തെ മ്യൂസിക് ആൽബം പുറത്തിറക്കുന്നത്. ടീ-സീരീസ് ഉൾപ്പെടെയുള്ള വൻകിടബ്രാൻഡുകളുമായി യോജിച്ച് പ്രവർത്തിച്ചിട്ടുണ്ട് തൽവീന്ദർ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Singer Talwiinder address dating rumours with actor disha patani, stating they are exploring themselves and won`t succumb to pressure or gossip