പങ്കാളിയുടെ വ്യക്തിപ്രഭാവം നിങ്ങളില്‍ സ്വയം ചെറുതായിപ്പോയെന്ന തോന്നലുണ്ടാക്കുന്നോ? സ്വാഗ് ഗ്യാപ്പ് ആവാം

പ്രതീകാത്മക ചിത്രം / freepik
പ്രതീകാത്മക ചിത്രം / freepik

താരതമ്യങ്ങളുടെ ലോകത്ത്, പ്രണയം കൂടെയുള്ള വ്യക്തിയുമായി നമ്മളെത്തന്നെ എങ്ങനെ അളക്കുന്നു എന്നതായി മാറിക്കൊണ്ടിരിക്കുന്നു. നിങ്ങളുടെ പങ്കാളിയുടെ വ്യക്തിപ്രഭാവം, ആത്മവിശ്വാസം, അല്ലെങ്കില്‍ സാമൂഹികമായ സാന്നിധ്യം എന്നിവ അവരുടെ അറിവോടെയല്ലാതെ തന്നെ നിങ്ങളെ ചെറുതാക്കുന്നതായി തോന്നുന്നുണ്ടോ?

വിദഗ്ധരുടെ അഭിപ്രായത്തില്‍, 'സ്വാഗ് ഗ്യാപ്പ്' എന്ന് വിളിക്കപ്പെടുന്ന ഈ  അസന്തുലിതാവസ്ഥ ബന്ധങ്ങളെയും മാനസികാരോഗ്യത്തെയും പുനര്‍നിര്‍മ്മിക്കുകയാണ്. നിങ്ങളുടെ പങ്കാളിയുടെ ആത്മവിശ്വാസം, സാമൂഹികമായി ഇടപെടാനുള്ള കഴിവ്, അല്ലെങ്കില്‍ കരിയറിലെ നേട്ടങ്ങള്‍ എന്നിവയുമായി നിങ്ങളുടേതിനെ സ്വയം താരതമ്യം ചെയ്യുന്നത് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഒരുപക്ഷേ 'സ്വാഗ് ഗ്യാപ്പ്' അനുഭവപ്പെട്ടിരിക്കാം. ഈ പ്രവണതയുടെ കാതല്‍, ഒളിഞ്ഞിരിക്കുന്ന ഒരു സാമൂഹിക താരതമ്യമാണ്.

'സ്വാഗ് ഗ്യാപ്പ്' എന്നത് പണം, ഫാഷന്‍, അല്ലെങ്കില്‍ ജനപ്രീതി എന്നിവയെക്കുറിച്ചല്ല. ഒരു പങ്കാളിക്ക് മറ്റൊരാളുടെ അരികില്‍ താന്‍ ചെറുതാണെന്ന് തോന്നിത്തുടങ്ങുമ്പോഴുണ്ടാകുന്ന അദൃശ്യമായ അസന്തുലിതാവസ്ഥയാണെന്നാണ് മനശാസ്ത്രവിദഗ്ദര്‍ പറയുന്നത്. ഇത് മനഃപൂര്‍വമാകണമെന്നില്ല. ഒരാള്‍ തന്റെ മൂല്യത്തെ പങ്കാളിയുടെ സ്വാഗ് ആയി കരുതുന്ന ഒന്നുമായി താരതമ്യം ചെയ്യാന്‍ തുടങ്ങുമ്പോള്‍, കാര്യങ്ങള്‍ മാറിമറിയുന്നു. സ്‌നേഹം നഷ്ടപ്പെടുന്നു.

സമൂഹമാധ്യമങ്ങളുടെ അതിപ്രസരത്തോടെ ഇന്ന് എല്ലാം ഒരു പ്രദര്‍ശനവസ്തുവാണ്. ബന്ധങ്ങള്‍ സ്വകാര്യ ഇടങ്ങളല്ല, മറിച്ച് ചിട്ടപ്പെടുത്തിയ പ്രകടനങ്ങളാണ്. ഒരാള്‍ കൂടുതല്‍ ആകര്‍ഷകമായി അല്ലെങ്കില്‍ ആരാധിക്കപ്പെടുന്നതായി തോന്നുമ്പോള്‍, മറ്റൊരാള്‍ക്ക് പലപ്പോഴും താന്‍ വിലകുറഞ്ഞുപോവുന്നെന്ന് തോന്നുന്നു. ഇത് അസൂയ ജനിപ്പിക്കുകയും ആത്മാഭിമാനം കുറയ്ക്കുകയും ഉത്കണ്ഠ, വിഷാദം തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.

ഇതില്‍ നിന്നു പുറത്തുകടക്കാനുള്ള ആദ്യപടി ഇത് അംഗീകരിക്കുക എന്നതാണ്. മത്സരത്തില്‍ നിന്ന് ശ്രദ്ധ മാറ്റി പരസ്പരം പൂരകങ്ങളാകുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക. പങ്കാളികള്‍ രണ്ടു വ്യക്തികളാണ്, അവര്‍ വ്യത്യസ്തരാണ്. ആ വ്യത്യാസങ്ങള്‍ അധികാര ശ്രേണിയല്ല, മറിച്ച് യോജിപ്പാണ് ഉണ്ടാക്കേണ്ടത്. സഹാനുഭൂതി വീണ്ടെടുക്കാൻ ഇമോഷന്‍-ഫോക്കസ്ഡ് തെറാപ്പി, സ്വയം വിമര്‍ശിക്കുന്ന ചിന്തകളെ നിയന്ത്രിക്കാന്‍ കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി പോലുള്ള ചികിത്സാ രീതികള്‍ സഹായിക്കും.

( പൊതുവായ വിവരങ്ങൾ മാത്രമാണിവ. ആരോഗ്യവിദഗ്ദന്റെ നിർദേശപ്രകാരം മാത്രം മുന്നോട്ടുപോവുക.)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: discover `swag gap,` the hidden imbalance in modern relationships where one partner feels diminished. Learn to recognize, address, and overcome it for healthier connections.