‘എനിക്ക് തെറ്റുപറ്റിയിരിക്കാം’, അമ്മ പോയതോട ഹൃതിക്കിന്റെ അമ്മയുമായി കൂടുതലടുത്തെന്ന് സൂസെയ്ൻ

സുസെയ്ൻ ഖാൻ, ഹൃത്വിക് റോഷന്‍ | PTI
സുസെയ്ൻ ഖാൻ, ഹൃത്വിക് റോഷന്‍ | PTI

വർഷങ്ങൾക്കുമുമ്പ് ദാമ്പത്യബന്ധം വേർപെടുത്തിയവരാണ് ബോളിവുഡ് താരം ഹൃതിക് റോഷനും സൂസെയ്ൻ ഖാനും. ബോക്സോഫീസ് താരമായി ഹൃത്വിക് തുടർന്നപ്പോൾ ഫാഷൻ ഡിസൈനറെന്ന പ്രൊഫഷനിൽ സൂസെയ്നും തിളങ്ങി. വിവാഹബന്ധം അവസാനിപ്പിച്ചെങ്കിലും ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. രണ്ട് ആൺമക്കളുടെ മാതാപിതാക്കളെന്ന നിലയിൽ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവഹിക്കുന്നു. സുസെയ്നും ഹൃതിക്കും തങ്ങളുടെ പങ്കാളികളായ സബ ആസാദ്, അർസ്‌ലാൻ ഗോണി എന്നിവരോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. ഇരുവരുടെയും കുടുംബങ്ങളും അടുത്ത ബന്ധം പുലർത്തുന്നു.

കഴിഞ്ഞ വർഷമാണ് സൂസെയ്ന്റെ അമ്മ സറീൻ ഖാൻ അന്തരിച്ചത്. അതിനുശേഷം ഹൃതിക്കിന്റെ അമ്മ പിങ്കി റോഷനുമായുള്ള അടുപ്പം ദൃഢമായെന്ന് പറയുകയാണ് ഇപ്പോൾ സൂസെയ്ൻ. 

"കഴിഞ്ഞ ആറുമാസത്തിൽ ഹൃതിക്കിന്റെ മാതാപിതാക്കളുമായി, പ്രധാനമായും അമ്മയുമായുള്ള എന്റെ ബന്ധം വളരെ മനോഹരമായി മാറി. കാരണം, ഒരുകാലത്ത് ഞങ്ങളിരുവരും കടന്നുപോവേണ്ടി വന്ന ദുസ്സഹമായ സാഹചര്യത്തിൽ ഞാനൊരുപാട് വേദനിച്ചിരുന്നു. അവരെന്നെ എത്രയധികം സ്നേഹിച്ചിരുന്നു, എവിടെയെങ്കിലും എനിക്ക് തെറ്റ് പറ്റിയിട്ടുണ്ടാകാം. അതിനാൽ എന്റെ അമ്മ മരിച്ചതിനുശേഷം, അവരോടുള്ള എന്റെ സ്നേഹം കൂടുതൽ ആഴത്തിലായി. കഴിഞ്ഞകാലത്ത് അവരെനിക്ക് എന്തായിരുന്നു എന്നതിനെക്കുറിച്ചുള്ള ഒരു യഥാർത്ഥ തിരിച്ചറിവും ഇപ്പോഴുണ്ടായി”-ഒരു പോഡ്‌കാസ്റ്റിൽ അതിഥിയായി പങ്കെടുക്കവേ അവർ പറഞ്ഞു.

പിങ്കിക്ക് തിരിച്ചും തന്നോട് വലിയ വാത്സല്യമാണെന്നും സൂസെയ്ൻ പറഞ്ഞു. തന്നെക്കുറിച്ചവർ അഭിമാനിക്കുന്നുണ്ടെന്നും. “എനിക്ക് വേണ്ടി കൂടെ നിന്നിട്ടുള്ളവരെ ഞാൻ സ്നേഹിക്കണമെന്ന് എന്റെ അമ്മ എപ്പോഴും ആഗ്രഹിച്ചിരുന്നു. ഹൃതിക്കിന്റെ അമ്മയും അച്ഛനും എപ്പോഴും എനിക്കൊപ്പം നിന്നിട്ടുണ്ടെന്നും അതുകൊണ്ട്, 'നീ അവരോട് നന്നായിരിക്കണം' എന്നും അവരെപ്പോഴും പറയും. എന്നാൽ ജോലിയും സ്വന്തം സ്വാർത്ഥ ആവശ്യങ്ങളും കാരണം നമ്മൾ പലപ്പോഴും അത് മറന്ന് വ്യതിചലിച്ചുപോവുന്നു. അർസ്‌ലാനുമായി അവർക്കും (പിങ്കി) സബയുമായി എനിക്കും തമ്മിൽ ഊഷ്മളമായ ബന്ധമാണുള്ളത്. ഇപ്പോൾ, ഞങ്ങളെല്ലാവരും ഒരു സന്തോഷമുള്ള കുടുംബമാണ്, യാതൊരു അഹങ്കാരവുമില്ലാതെ പരസ്പരം കരുതുന്നവർ. ഞാൻ അനുഗ്രഹീതയാണ്"-സൂസെയ്ൻ പറഞ്ഞു.

സുസൈൻ ഖാനും ഹൃതിക് റോഷനും ബാല്യകാല സുഹൃത്തുക്കളായിരുന്നു, 2000 ഡിസംബറിൽ ഇരുവരും വിവാഹിതരായി. 2013-ലായിരുന്നു വേർപിരിയൽ. 2014-ൽ വിവാഹമോചനം ഔദ്യോഗികമാക്കുകയും ചെയ്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Sussanne Khan shared that the loss of her mother, Zarine Khan, brought her closer to former mother-in-law Pinkie Roshan., She highlighted the warm and ego-free bond shared between the extended family, including partners Saba Azad and Arslan Goni., Sussanne and Hrithik Roshan continue to co-parent their two sons harmoniously despite their 2014 divorce.