വിവാഹമോചനഹർജി നൽകി ഗോവിന്ദയുടെ ഭാര്യ, പിന്നീട് പിൻവലിച്ചു; എന്തിനാണ് ഈ തമാശയെന്ന് മാനേജർ

ഗോവിന്ദ, സുനിത അഹൂജ | IMDb
ഗോവിന്ദ, സുനിത അഹൂജ | IMDb

ബോളിവുഡ് താരം ഗോവിന്ദയും (Govinda) ഭാര്യ സുനിത അഹൂജയും (Sunita Ahuja) വിവാഹമോചിതരാകാൻ പോകുന്നുവെന്ന വാർത്തകൾ പുറത്തുവരാൻ തുടങ്ങിയിട്ട് കുറച്ചുനാളായി. ഗോവിന്ദ മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും സുനിത ആരോപിച്ചിരുന്നു. 'ഷുഗർ ഡാഡി' എന്നാണ് സുനിത ഗോവിന്ദയെ വിശേഷിപ്പിച്ചത്.

അതിനിടെയാണ് കഴിഞ്ഞദിവസം സുനിതയും മകൻ യശ്‌വർധനും മുംബൈയിലെ ഒരു കുടുംബകോടതിയിലെത്തിയത്. അതോടെ വിവാഹമോചനവാർത്തകൾ വീണ്ടും സജീവമായി. അതിന്റെ നടപടിക്രമങ്ങൾക്കായിട്ടാണ് സുനിത കോടതിയിലെത്തിയതെന്നും പറയപ്പെട്ടു. പാപ്പരാസികൾ ചുറ്റും കൂടി ചോദ്യങ്ങൾ ചോദിച്ചിട്ടും അവർ ഒന്നും പറഞ്ഞില്ല. കാറിൽ കയറുന്നതിനുമുമ്പ് തമാശയോടെ അവരിങ്ങനെ പറഞ്ഞു, ''എന്റെ ജന്മദിനം ആഘോഷിക്കാൻ വന്നതാണ്''. പിന്നാലെ, വിവാഹമോചനഹർജി പിൻവലിക്കാനാണ് സുനിത കോടതിയിൽ വന്നതെന്ന് ഗോവിന്ദയുടെ മാനേജർ അറിയിച്ചു.

എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് വിവാഹമോചന ഹർജി പിൻവലിക്കാനാണ് സുനിത എത്തിയതെന്ന് അദ്ദേഹം പറഞ്ഞത്. ആ തീരുമാനം സന്തോഷകരമാണെങ്കിലും, ഈ വിഷയം ഇത്രയും വഷളാകാൻ അനുവദിച്ചത് എന്തുകൊണ്ടാണെന്ന് മാനേജർ ചോദിച്ചു. ഏകദേശം ഒന്നര-രണ്ട് വർഷമായി ദമ്പതികളുടെ അഭിപ്രായവ്യത്യാസങ്ങൾ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നുവെന്നും ഇത് അവരുടെ പ്രശസ്തിക്ക് അനാവശ്യമായ കോട്ടം വരുത്തിവച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബന്ധങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ സാധാരണമാണെന്നും എന്നാൽ ഒരു തർക്കം കോടതികളിൽ എത്തുമ്പോൾ, പൊതുജനങ്ങളെ അത് അറിയിക്കുന്നതിന് തുല്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കേസിൽ അത് ഒഴിവാക്കാമായിരുന്നുവെന്നും മാനേജർ കൂട്ടിച്ചേർത്തു.

''ഇത് ആളുകൾ അറിയേണ്ട കാര്യമില്ലായിരുന്നു. കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്വകാര്യമായി ചർച്ച ചെയ്ത് പരിഹരിക്കാമായിരുന്നു. ഇന്ന് കേസ് പിൻവലിക്കാനായിരുന്നു ഉദ്ദേശ്യമെങ്കിൽ പിന്നെ എന്തിനാണ് ആദ്യം കേസ് കൊടുത്തത്? അതാണ് എന്നെ സങ്കടപ്പെടുത്തുന്നത്. ഒരു കുടുംബത്തിനുള്ളിലെ ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണകളും ഒരുമിച്ച് ഇരുന്ന് സംസാരിച്ച് പരിഹരിക്കാനാകും. പ്രശ്‌നങ്ങൾ വലുതായേക്കാം, പക്ഷേ അവ പരിഹരിക്കുക അസാധ്യമല്ല''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Sunita Ahuja visited a Mumbai family court accompanied by her son Yashvardhan. Rumors of divorce and Govinda's alleged affair had circulated for nearly two years. Sunita ultimately withdrew her divorce petition, according to Govinda's manager.