'ഗോവിന്ദയെ പോലുള്ള മകനെ വേണം, ഭർത്താവിനെ വേണ്ട; 40 വർഷം കഴിഞ്ഞ് വിഷമിക്കുന്നതിൽ കാര്യമില്ല’

കുറച്ചുനാളുകളായി നടൻ ഗോവിന്ദയുടെയും ഭാര്യ സുനിത അഹൂജയുടെയും സ്വകാര്യജീവിതം വാർത്തകളിലിടം പിടിച്ചിട്ട്. ഗോവിന്ദയ്‌ക്കെതിരെ സുനിത ഒരിടയ്ക്ക് നിരന്തരം ആരോപണങ്ങളുന്നയിച്ചു. ഒരു നടിയുമായി ഗോവിന്ദ പ്രണയത്തിലാണെന്നും അവർ ആരോപിച്ചു.
പിന്നാലെ ഇത്തരം ആരോപണങ്ങൾക്കെതിരെ ഗോവിന്ദ രംഗത്തെത്തി. തനിക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ''ഇതൊക്കെ ഒരു ഗൂഢാലോചനയുടെ ഭാഗമാണ്. എന്റെ കുടുംബത്തിലെ ആളുകളും ഇതിൽ അറിയാതെ ഉൾപ്പെട്ടിട്ടുണ്ട്. സുനിതയും അവളറിയാതെ ഇതിന്റെ ഭാഗമാവുകയായിരുന്നു'', എന്നാണ് ഇതിനെക്കുറിച്ച് ഗോവിന്ദ പറഞ്ഞത്.
ഇപ്പോഴിതാ ഇക്കാര്യങ്ങളെക്കുറിച്ച് വീണ്ടും സംസാരിക്കുകയാണ് സുനിത. ഗോവിന്ദയുമായുള്ള 40 വർഷത്തെ ദാമ്പത്യത്തെക്കുറിച്ചും അവർ സംസാരിച്ചു. ഒരു മകനും അച്ഛനുമായി താരതമ്യപ്പെടുത്തുമ്പോൾ ഗോവിന്ദയ്ക്ക് ഒരു നല്ല ഭർത്താവാകാൻ കഴിഞ്ഞില്ലെന്നും സുനിത പറഞ്ഞു.
ഗോവിന്ദയുടെ സ്ത്രീ ആരാധകരിൽ അസൂയയുണ്ടോ എന്ന ചോദ്യത്തിന് സുനിത നൽകിയ മറുപടിയിങ്ങനെ, ''ഒരാൾക്ക് അവരുടെ ഭർത്താവിൽ പൂർണ്ണ വിശ്വാസമുണ്ടെങ്കിൽ അതൊന്നുമുണ്ടാവില്ല''.
ഗോവിന്ദ തീർച്ചയായും ഒരു നല്ല അച്ഛനും മകനുമാണെന്നും സുനിത വെളിപ്പെടുത്തി. ഒരു ഭർത്താവിൽനിന്ന് താനാഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. ഡിന്നർ കഴിക്കാൻ പുറത്തുപോവുന്നത്, അവധിക്കാലം ആഘോഷിക്കുന്നത്, പാർട്ടി നടത്തുന്നത് പോലുള്ളവ ഒരു ഭർത്താവിൽനിന്ന് ഇഷ്ടപ്പെടുമായിരുന്ന കാര്യങ്ങളാണ്. എന്നാൽ ഗോവിന്ദ കുടുംബത്തിനുവേണ്ടി ജീവിക്കുന്ന തിരക്കിനിടയിൽ തനിക്കുവേണ്ടി ജീവിക്കാൻ മറന്നുവെന്നും സുനിത പറയുന്നു.
ഒരു സൂപ്പർസ്റ്റാറായിരുന്നിട്ടും ഗോവിന്ദ ജീവിതം ശരിക്ക് ആസ്വദിക്കാത്തതിൽ തനിക്ക് വിഷമം തോന്നിയെന്നും സുനിത തുറന്നുപറയുന്നു. ഗോവിന്ദയെപ്പോലുള്ള ഒരു മകനെയാണ് തനിക്ക് വേണ്ടതെന്നും എന്നാൽ ഗോവിന്ദയെപ്പോലുള്ള ഭർത്താവിനെയല്ലെന്നും അവർ പറഞ്ഞു. എന്നാൽ, വിവാഹിതയായിട്ട് 40 വർഷം പിന്നിട്ടതിനാൽ അക്കാര്യമോർത്ത് വിഷമിക്കുന്നതിൽ കാര്യമില്ലെന്നും അവർ പറയുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sunita Ahuja discusses the challenges of her 40-year marriage with Govinda. Claims Govinda is an excellent son and father but fell short as a husband.