ഭർത്താവ് കരിയർ കെട്ടിപ്പടുക്കുമ്പോൾ കുട്ടിയെ നോക്കണമെന്ന് ഭാര്യ മനസ്സിലാക്കണം-സുനിൽ ഷെട്ടി

സുനിൽ ഷെട്ടി | PTI
സുനിൽ ഷെട്ടി | PTI

ഭർത്താക്കന്മാർ ജോലി ചെയ്യുമ്പോൾ കുട്ടികളെ പരിപാലിക്കേണ്ടത് തങ്ങളാണെന്ന് സ്ത്രീകൾ മനസ്സിലാക്കണമെന്ന് നടനും നിർമ്മാതാവുമായ സുനിൽ ഷെട്ടി. ക്ഷമയില്ലായ്മ ആധുനിക വിവാഹബന്ധങ്ങളെ ബാധിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "ഇന്നത്തെ കുട്ടികൾക്ക് ഒട്ടും ക്ഷമയില്ല. കുറച്ചുനാൾ കഴിയുമ്പോഴേക്കും വിവാഹം ഒത്തുതീർപ്പായി മാറും, അവിടെ നിങ്ങൾ പരസ്പരം മനസ്സിലാക്കുകയും അന്യോന്യം ജീവിക്കുകയും വേണം. അതിന് ശേഷം ഒരു കുഞ്ഞു വരുന്നു, ഭർത്താവ് തൻ്റെ കരിയർ കെട്ടിപ്പടുക്കുകയാണെങ്കിൽ, കുട്ടിയെ താൻ നോക്കേണ്ടിവരുമെന്ന് ഭാര്യ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. തീർച്ചയായും, ഭർത്താവും കൂടെയുണ്ടാകും. എന്നാൽ ഇക്കാലത്ത് എല്ലാ കാര്യങ്ങളിലും സമ്മർദ്ദം വളരെ കൂടുതലാണ്."-സുനിൽ പറയുന്നു.

ഡിജിറ്റൽ ലോകം നമ്മളാരും ആവശ്യപ്പെടാത്ത ഉപദേശങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പരാതിപ്പെട്ടു.  എങ്ങനെ ഒരമ്മയാകണം, അച്ഛനാകണം, എന്ത് കഴിക്കണം, എന്ത് ചെയ്യണം എന്നൊക്കെ വെർച്വൽ ലോകം നിങ്ങളോട് പറയും. മുത്തശ്ശി, അമ്മ, സഹോദരിമാർ, വീട്ടുകാർ എന്നിവരുടെ അനുഭവങ്ങൾ കേട്ട് ഇതെല്ലാം പഠിക്കുന്നതാണ് നല്ലതെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾക്ക് പ്രയോജനപ്പെടുന്നത് മാത്രം സ്വീകരിക്കുക, ബാക്കിയുള്ളവ ഉപേക്ഷിക്കുക. ഇപ്പോൾ വിവാഹത്തിനു മുമ്പേ ആളുകൾ വിവാഹമോചനം നേടുകയാണെന്നും സുനിൽ പറഞ്ഞു.

1991-ലാണ് സുനിൽ ഷെട്ടി മനാ ഷെട്ടിയെ വിവാഹം ചെയ്യുന്നത്. ഇരുവരും ഒരേ സമുദായത്തിൽ നിന്നുള്ളവരായിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് ബന്ധത്തോട് എതിർപ്പായിരുന്നു. പക്ഷേ, അതൊന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല. സിനിമാ ജീവിതത്തിന്റെ തുടക്കത്തിലാണ് സുനിൽ ഷെട്ടി വിവാഹം കഴിക്കുന്നത്. നേരത്തേയുള്ള വിവാഹം പ്രതിച്ഛായയെയും ആരാധകരുടെ എണ്ണത്തെയും ബാധിക്കുമെന്ന് പലരും മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അദ്ദേഹം തീരുമാനത്തിൽ ഉറച്ചുനിന്നു. അഥിയ ഷെട്ടിയും അഹാൻ ഷെട്ടിയുമാണ് മക്കൾ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Suniel Shetty discusses the challenges of modern marriages, parenting, and the impact of the digital age on families.