പാട്ട് തീരുവോളം അദ്ദേഹം, ഉഷ ഉതുപ്പിനെ ഇമചിമ്മാതെ നോക്കിക്കൊണ്ടിരുന്നു;അവിടുന്ന് തുടങ്ങിയ പ്രണയം

ഉഷാ ഉതുപ്പിന്റെ ഏറ്റവും വലിയ ശക്തിയായിരുന്നു അവരുടെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പ്. ഇന്നുരാവിലെയാണ് ജാനി, കൊല്‍ക്കത്തയില്‍വെച്ച് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ഉഷാ ദീദിയുടെ പാട്ടുപോലെ തന്നെ മനോഹരമാണ് അവരുടെ പ്രണയവും. കൊല്‍ക്കത്ത അവര്‍ക്ക് നല്‍കിയ സന്തോഷങ്ങളില്‍ ആ പ്രണയവും ഉള്‍പ്പെടുന്നു.
ജനിച്ചത് മുംബൈയിലാണെങ്കിലും, കൊല്‍ക്കത്ത ഉഷ ഉതുപ്പിനേറെ പ്രിയപ്പെട്ട ഇടമായി മാറിയത് ജാനിയുള്ളതുകൊണ്ടാവാം. വളരെ അലസമായി, സൗമ്യമായി ഒഴുകുന്ന പുഴപോലെയായിരുന്നു ആ സ്‌നേഹം. ഉഷയുടെ എല്ലാ അഭിമുഖങ്ങളിലും ഭര്‍ത്താവിനോടുള്ള പ്രണയവും ബഹുമാനവും നിറഞ്ഞുനിന്നു. അവരുടെ ബന്ധത്തെക്കുറിച്ച് 'ദ ക്വീന്‍ ഓഫ് ഇന്ത്യന്‍ പോപ്: ദ ഓതറൈസ്ഡ് ബയോഗ്രഫി ഓഫ് ഉഷ ഉതുപ്പ്' എന്ന പുസ്തകത്തില്‍ വികാസ് കുമാര്‍ വിവരിക്കുന്നുണ്ട്.
വിവാഹിതയായി അഞ്ചുവര്‍ഷം കഴിഞ്ഞപ്പോഴാണ്, കൊല്‍ക്കത്തയിലെ പ്രശസ്തമായ ട്രിന്‍കാസ് നൈറ്റ് ക്ലബില്‍ പാടാന്‍ ഉഷയ്ക്ക് അവസരം കിട്ടുന്നത്. മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന കോണ്‍ട്രാക്ട് വിജയകരമായി പൂര്‍ത്തിയാക്കി. വീണ്ടും അവര്‍ ക്ലബിലേക്ക് ക്ഷണിച്ചു. ആ യാത്രയില്‍ ഭര്‍ത്താവ് രാമുവും കൂട്ടിനുണ്ടായിരുന്നു. ആദ്യദിവസത്തെ ഷോയിലാണ് ജാനിയെ ആദ്യമായി കാണുന്നത്. ഹേര്‍ബ് ആല്‍പര്‍ട്ടിന്റെ
'എ ടേസ്റ്റ് ഓഫ് ഹണി' ആയിരുന്നു അന്ന് ഉഷ പാടിയത്. ആ പാട്ടിനിടയിലെല്ലാം ഉഷ കണ്ടു, അടുത്തുള്ള ടേബിളില്‍ കൈകള്‍വെച്ച് ഇമചിമ്മാതെ നോക്കിയിരിക്കുന്ന ജാനിയെ.
കുറച്ചുകഴിഞ്ഞ് നോക്കുമ്പോള്‍ ജാനിയും രാമുവും സംസാരിച്ചിരിക്കുന്നത് ഉഷ ശ്രദ്ധിച്ചു. ഭര്‍ത്താവിന് കൊല്‍ക്കത്തയില്‍ ഒരു സൗഹൃദം കിട്ടിയല്ലോ എന്നവര്‍ സന്തോഷിക്കുകയും ചെയ്തു. അടുത്തദിവസം തന്നെ ഉച്ചഭക്ഷണത്തിനായി ജാനി, രാമുവിനെ ക്ഷണിച്ചു. ഉഷയെ പ്രണയിക്കുന്നുവെന്ന് രാമുവിനോടാണ് ജാനി ആദ്യം പറയുന്നത്. ''ഉഷയുടെ മനസ്സിലെന്താണെന്ന് എനിക്കറിയില്ല. പക്ഷേ നിങ്ങളുടെ ഭാര്യയുമായി ഞാന്‍ പ്രണയത്തിലാണ്''.
അന്ന് വൈകുന്നേരം പാടുമ്പോള്‍ രാമുവിനെ അവിടെങ്ങും കണ്ടില്ല. ജാനി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഷോ കഴിഞ്ഞപ്പോള്‍ ജാനി ഉഷയ്ക്കടുത്തെത്തി, വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞു. ആ യാത്രയില്‍ ഇരുവരും ഒരക്ഷരം മിണ്ടിയില്ല. വീട്ടിലെത്തിയപ്പോഴാണ് ഉഷ കാര്യങ്ങളെല്ലാം അറിയുന്നത്. സംഭവിച്ചതെല്ലാം പറഞ്ഞശേഷം രാമു ചോദിച്ചു, ''ജാനി പറഞ്ഞതില്‍ എന്തെങ്കിലും സത്യമുണ്ടോ? നിനക്കും അയാളോട് ഇഷ്ടമുണ്ടോ?'' എല്ലാ പേടിയും മാറ്റിവെച്ച് ഉഷ മറുപടി പറഞ്ഞു, ''ഉണ്ട്.''
അവിടുന്നങ്ങോട്ട് കുറേ മാനസികപ്രയാസങ്ങള്‍ അനുഭവിച്ചു. ഇതുകേട്ടയുടന്‍ രാമു പ്ലേറ്റ് നിലത്തേക്ക് വലിച്ചെറിഞ്ഞു. അന്നുരാത്രി മുഴുവന്‍ ഉഷ കരഞ്ഞു. രാമു ഉഷയോട് അകലം പാലിച്ചു, പരിപാടികള്‍ക്ക് ഒപ്പം പോകാതെയായി. ഓരോ ദിവസം കഴിയുന്തോറും ഉഷയ്ക്ക് ഒരു കാര്യം മനസ്സിലായി, അഞ്ചുവര്‍ഷത്തെ തന്റെ വൈവാഹികജീവിതത്തില്‍ ഇരുട്ടൊഴിച്ച് വേറൊന്നും ഉണ്ടായിരുന്നില്ലെന്ന്. മറുവശത്ത് ഉഷയുടെ പാട്ടുകള്‍ കേള്‍ക്കാന്‍ മുടങ്ങാതെ ജാനി ക്ലബിലെത്തി. പാട്ടുതീരുന്നതുവരെ ഉഷയെ നോക്കിക്കൊണ്ടിരുന്നു. ഓരോ തവണ കാണുമ്പോഴും, അവര്‍ തമ്മിലുള്ള അടുപ്പം കൂടി. കോണ്‍ട്രാക്ട് കഴിഞ്ഞ് തിരിച്ചുപോവുമ്പോഴേക്കും ഏറെ ദൃഢമായിരുന്നു ആ ബന്ധം.
രാമുവും ഉഷയും തിരിച്ച് നാട്ടിലെത്തി. വീണ്ടും ട്രിന്‍കാസ് ക്ലബിലേക്ക് വിളി വന്നപ്പോള്‍ സന്തോഷത്തോടെ സ്വീകരിച്ചു. പക്ഷേ ഇത്തവണ ഒറ്റയ്ക്കായിരുന്നു. കുറേ നാളത്തെ തീരുമാനങ്ങള്‍ക്കുശേഷം ജാനിയും ഉഷയും വിവാഹിതരായി. അവിടുന്നങ്ങോട്ട് പ്രണയിച്ച് ജീവിക്കുകയായിരുന്നു അവര്‍. ഇപ്പോള്‍ ആ സ്‌നേഹക്കൂട്ടില്‍നിന്ന് ജാനി മറഞ്ഞിരിക്കുന്നു.
Content Highlights: story of usha uthup and husband jani chacko