21-ാം വയസ്സില്‍ ഷാഹിദിനെ വിവാഹം കഴിച്ചതും അമ്മയായതും ഏകാന്തതയുണ്ടാക്കി, അവര്‍ക്കെന്നെ മനസ്സിലായില്ല

2015-ലാണ് ബോളിവുഡ് താരം ഷാഹിദ് കപൂര്‍ മിര രാജ്പുതിനെ വിവാഹംചെയ്യുന്നത്. ഇരുവരും തമ്മില്‍ 14 വയസ്സിന്റെ വ്യത്യാസമാണ്. വിവാഹിതരായി അടുത്ത കൊല്ലംതന്നെ ആദ്യത്തെ കുഞ്ഞിനെയും വരവേറ്റു. വളരെ ചെറുപ്രായത്തില്‍ തന്നെ ഭാര്യയും അമ്മയുമായത് അത്ര നല്ല അനുഭവമായിരുന്നില്ലെന്ന് തുറന്നുപറയുകയാണ് മിരയിപ്പോള്‍. വിവാഹത്തിന്റെ ആദ്യഘട്ടം ശരിക്കും ഒറ്റപ്പെട്ടതുപോലെയായിരുന്നു. തന്റെ കോളേജ് സുഹൃത്തുക്കള്‍ക്ക് അവരുടെ ജീവിതവും തന്റെ ജീവിതവും തമ്മില്‍ ബന്ധപ്പെടുത്താന്‍ ആവുമായിരുന്നില്ല. ഞാനും അവരും വേവ്വേറെ രീതിയിലാണ് മാറ്റങ്ങള്‍ക്ക് വിധേയരായതെന്നും മിര പറയുന്നു.
''ആ സമയത്ത് ഞങ്ങള്‍ ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിലായിരുന്നു. സുഹൃത്തുക്കള്‍ ചെയ്യുന്നത് എനിക്കും ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു. അവര്‍ കരിയറിലെ നാഴികക്കല്ലുകളോരോന്നും നേടുമ്പോള്‍ എനിക്കെന്തൊക്കെയോ നഷ്ടപ്പെടുന്നുവെന്ന് തോന്നി. അവര്‍ ഉന്നതപഠനത്തിന് പോവുന്നു, യാത്രചെയ്യുന്നു, അവര്‍ക്കും തനിക്കുമിടയില്‍ അകലം വന്നതുപോലെ. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം അവരും വിവാഹിതതരാവുകയും രക്ഷിതാക്കളാവുകയും ചെയ്തപ്പോഴാണ് എന്നെ അവര്‍ക്കും മനസ്സിലാവുന്നതുപോലെ തോന്നിയത്.''
''വിവാഹിതയായതോടെ മുന്‍പ് സംസാരിച്ചിരുന്നതുപോലെ എനിക്കവരോട് സംസാരിക്കാന്‍ കഴിയാതിരുന്നത് ഓര്‍മയുണ്ട്. 'എന്താണ് സംഭവിച്ചത്? നീ താമസം മാറി വിവാഹം കഴിച്ചു എന്നതുകൊണ്ട് ഞങ്ങളെ മറന്നു എന്നല്ല അര്‍ഥം' എന്നായിരുന്നു അവരുടെ പക്ഷം. ഞാന്‍ തിരക്കിലാണെന്നതായിരുന്നു സത്യം, അന്ന് അവര്‍ക്കത് മനസ്സിലായില്ല, പക്ഷേ ഭാഗ്യവശാല്‍, സൗഹൃദം ഒരു തരത്തില്‍ നിലനിന്നു. ഇപ്പോള്‍ അവര്‍ക്കത് മനസ്സിലാകും, കാരണം അവരും സമാനമായ ഘട്ടത്തിലാണ്,' -മിര പറഞ്ഞു.
2018-ല്‍ മിരയ്ക്കും ഷാഹിദിനും ഒരു ആണ്‍കുട്ടി കൂടി പിറന്നു. ഇപ്പോള്‍ മിര സംരംഭകയാണ്. സ്‌കിന്‍കെയര്‍ ബ്രാന്‍ഡിന്റെ സഹസ്ഥാപകയാണ്, വെല്‍നെസ് ബ്രാന്‍ഡും നോക്കിനടത്തുന്നു.
Content Highlights: shahid kapoors wife mira rajput admits marriage at 21 felt isolating