വിരാട് കോഹ്‌ലിയുടെ സ്വയംവരം നടത്തി ഷാരൂഖ് ഖാന്‍, വൈറലായി വീഡിയോ

വിരാട്, അനുഷ്‌ക | AFP
വിരാട്, അനുഷ്‌ക | AFP

ഐപിഎല്ലില്‍ കന്നിക്കിരീടം ചൂടിയതിന്റെ ആഘോഷത്തിമിര്‍പ്പിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. 18 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലെ വിജയം ആരാധകരും കുടുംബവും ഒന്നിച്ചുചേരുന്ന ആനന്ദനിമിഷമായിരുന്നു വിരാട് കോഹ്‌ലിക്ക്്. വിരാടിന്റെ മത്സരങ്ങള്‍ കാണാന്‍ സ്ഥിരമായി എത്താറുണ്ട് ഭാര്യ അനുഷ്‌ക. ഓരോ കളി കഴിയുമ്പോഴും ഇരുവരും ഒന്നിച്ചുള്ള സ്‌നേഹനിമിഷങ്ങള്‍ പകര്‍ത്താന്‍ ക്യാമറകള്‍ ചുറ്റും കൂടുന്നതും പതിവാണ്.

ഇത്തവണയും വിരാടിനൊപ്പം വിജയമാഘോഷിക്കാന്‍ മൈതാനത്തേക്ക് ഓടിയെത്തി അനുഷ്‌ക. മറ്റുള്ളവര്‍ വിരാടിനെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ ഗാലറിയില്‍ ഭാര്യയെ കണ്ണുകള്‍ കൊണ്ട് തിരയുകയായിരുന്നു അദ്ദേഹം. ഈ ദൃശ്യങ്ങള്‍ ചുറ്റും കൂടിനിന്നവര്‍ ഒപ്പിയെടുത്തു. ആനന്ദത്തിന്റെയും കണ്ണീരിന്റെയും നിമിഷങ്ങളായിരുന്നു ഇരുവര്‍ക്കുമത്. ആരും ഇഷ്ടപ്പെട്ടുപോവുന്ന ദമ്പതികളാണ് ഇരുവരും.

അതേസമയം, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷാരൂഖ് ഖാന്‍ നടത്തിയ വിരാടിന്റെ 'സ്വയംവര'ത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വീണ്ടും വൈറലായിരിക്കുകയാണിപ്പോള്‍. ഇരുവരും പ്രണയം പരസ്യപ്പെടുത്തുന്നതിനു മുമ്പ് 2014-ല്‍ ഐപിഎല്ലിന്റെ ഉദ്ഘാടന ചടങ്ങില്‍ നടന്ന സംഭവമാണിത്.

2013 തൊട്ട് അനുഷ്‌കയും വിരാടും ഡേറ്റിങ്ങിലായിരുന്നെങ്കിലും കുറേക്കാലം പ്രണയം രഹസ്യമാക്കി വെക്കുകയായിരുന്നു. അന്നത്തെ ഏറ്റവും യോഗ്യതയുള്ള ബാച്ചിലറായിരുന്ന വിരാടിനായി സ്റ്റേജില്‍ 'സ്വയംവരം' നടത്തുകയാണെന്ന് ഷാരൂഖ് പ്രഖ്യാപിച്ചു. ഒരു പെണ്‍കുട്ടിയില്‍ എന്താണ് ഇഷ്ടപ്പെടുന്നതെന്ന് വിരാടിനോട് ചോദിച്ചു. കട്ടിയുള്ള മുടി, വലിയ കണ്ണുകള്‍, പക്വത തുടങ്ങി ഒരു പട്ടിക തന്നെ അദ്ദേഹം നിരത്തി. തുടര്‍ന്ന് ഷാരൂഖ് അനുഷ്‌കയുടെ ഒരു ചിത്രം വിരാടിനെ കാണിച്ചു. ഇതോടെ വിരാട് നാണിച്ചുകൊണ്ട് മറുപടി പറയുകയായിരുന്നു.

സ്വയംവരത്തിന് തിരഞ്ഞെടുക്കാന്‍ ഏതാനും ആളുകളുടെ ചിത്രം സ്റ്റേജില്‍ നിരന്നു. കുറേ ചിത്രങ്ങള്‍ വെച്ചതില്‍ ഒടുവില്‍ അനുഷ്‌കയെ വിരാടിന്റെ സ്വയംവരത്തിലെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. അനുഷ്‌കയുടെ ചിത്രം വിരാടിനെ ഷാരൂഖ് അണിയിക്കുകയും ചെയ്തു.

വിരാട്, അനുഷ്‌ക

ഇതിനു പിന്നാലെ, 'തുജ് മേ രബ് ദിഖ്താ ഹെ' എന്ന പാട്ടിന് വിരാടും ഷാരൂഖും ഒന്നിച്ച് നൃത്തം ചെയ്യുകയും ചെയ്തു. അനുഷ്‌കയുടെ ആദ്യചിത്രത്തിലെ പാട്ടായിരുന്നു അത്, ഷാരൂഖ് ആയിരുന്നു നായകന്‍.