‘അവസാനംവരെ എന്റെ പ്രിയപ്പെട്ടവൾ നീ തന്നെയായിരിക്കും’; രാധികയോടുള്ള പ്രണയം തുറന്നുപറഞ്ഞ് ശരത്കുമാർ

രാധികയും ശരത്കുമാറും/Instagram
രാധികയും ശരത്കുമാറും/Instagram

തമിഴ് നടൻ ശരത്കുമാർ അടുത്തിടെ നടന്ന ഒരു പുരസ്‌കാരദാന ചടങ്ങിൽ നടത്തിയ ഹൃദയസ്പർശിയായ പ്രസംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. 'ഡ്യൂഡ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച വില്ലൻ വേഷത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ അദ്ദേഹം, സിനിമാജീവിതത്തിലെ ഓർമകൾ പങ്കുവെച്ചതിനൊപ്പം ഭാര്യയും നടിയുമായ രാധികയെക്കുറിച്ചും സ്‌നേഹനിർഭരമായി സംസാരിച്ചു. പ്രണയവും തമാശയും ഓർമകളും നിറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകൾ സദസ്സിനെയും ആരാധകരെയും ഒരുപോലെ ആകർഷിക്കുകയായിരുന്നു. പ്രസംഗത്തിനിടെ രാധികയെ വിവാഹാഭ്യർഥന നടത്തിയ നിമിഷവും ശരത്കുമാർ പങ്കുവെച്ചു. ചടങ്ങിൽ ഒപ്പമുണ്ടായിരുന്ന രാധികയെ നോക്കി “ഞാൻ മറ്റൊരു സ്ത്രീയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് രാധിക അതുവഴി നടന്നുപോയത്. അപ്പോൾ തന്നെ ഞാൻ ചോദിച്ചു, 'എന്നെ വിവാഹം കഴിക്കുമോ?' അതിന് അവൾ മറുപടി പറഞ്ഞു. പക്ഷേ ആ മറുപടി ഇവിടെ പറയാൻ കഴിയില്ല,” എന്നാണ് അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞത്. 

തുടർന്ന് വികാരഭരിതനായി അദ്ദേഹം കൂട്ടിച്ചേർത്തു: “അവസാനം വരെ എന്റെ പ്രിയപ്പെട്ടവൾ നീ തന്നെയായിരിക്കും. നീയാണ് എന്റെ രാധിക, എന്റെ ഭാര്യ.”

ശരത്കുമാറിന്റെ ഈ വാക്കുകൾക്ക് സദസ്സിൽനിന്ന് വലിയ കൈയടിയാണ് ലഭിച്ചത്. വർഷങ്ങളായുള്ള ഇവരുടെ ദാമ്പത്യബന്ധത്തിലെ സ്‌നേഹവും പരസ്പര ബഹുമാനവും കണ്ടുകൊണ്ടിരിക്കുന്ന ആരാധകരും സോഷ്യൽ മീഡിയയിലൂടെ അഭിനന്ദനങ്ങളറിയിച്ചു. 

പ്രസംഗത്തിനിടെ പ്രണയത്തെക്കുറിച്ചും രസകരമായൊരു നിരീക്ഷണം അദ്ദേഹം പങ്കുവെച്ചു. “വില്ലൻ ഇഷ്ടപ്പെട്ട പെൺകുട്ടിയോട് കണ്ടയുടൻ തന്നെ പ്രണയം തുറന്നുപറയും. പക്ഷേ, നായകൻ പന്ത്രണ്ടാം റീൽ വരെ കാത്തിരിക്കും. അതുകൊണ്ട് പ്രണയമുണ്ടെങ്കിൽ വൈകിക്കരുത്, ഉടൻ പറഞ്ഞോളൂ,” എന്നാണ് അദ്ദേഹത്തിന്റെ ഉപദേശം. “ആരെയെങ്കിലും എങ്ങനെ ഇംപ്രസ് ചെയ്യാമെന്ന് പഠിക്കണമെങ്കിൽ എന്നെ സമീപിക്കാം. പക്ഷേ അതിന് ഫീസ് ഈടാക്കും,” എന്ന തമാശയും അദ്ദേഹം കൂട്ടിച്ചേർത്തതോടെ സദസ്സിൽ പൊട്ടിച്ചിരി ഉയർന്നു.

സിനിമയിലെ തന്റെ തുടക്കകാലവും ശരത്കുമാർ പ്രസംഗത്തിൽ അനുസ്മരിച്ചു. വില്ലൻ വേഷത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചതെന്നും ആ അവസരം നൽകിയ അന്തരിച്ച നടനും രാഷ്ട്രീയനേതാവുമായ വിജയകാന്തിനോട് എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'പുലൻ വിശാരണൈ' എന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തിനായി അനുയോജ്യനായ ഒരാളെ അന്വേഷിക്കുമ്പോഴാണ് തനിക്ക് അവസരം ലഭിച്ചതെന്നും അതിനായി മീശ വടിക്കേണ്ടിവന്നതായും അദ്ദേഹം ഓർത്തെടുത്തു. “സിനിമ കണ്ടശേഷം എനിക്ക് ഏറ്റവും കൂടുതൽ പ്രശംസ ലഭിക്കുമെന്ന് വിജയകാന്ത് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ അക്ഷരാർഥത്തിൽ സത്യമായി,” ശരത്കുമാർ പറഞ്ഞു.

അതേസമയം, 'ഡ്യൂഡ്' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ശരത്കുമാർ മികച്ച വില്ലൻ നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ദീർഘകാല സിനിമാജീവിതത്തിൽ മറ്റൊരു ശ്രദ്ധേയ നേട്ടമായാണ് ഈ അംഗീകാരം വിലയിരുത്തപ്പെടുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: sarathkumar-radhika-love-story-marriage-proposal