സഞ്ജയ് ദത്തിനെ വിവാഹംകഴിക്കാൻ സിനിമവിട്ട റിച്ച; ബ്രെയിൻ ട്യൂമറും ഭർത്താവിന്റെ പ്രണയവും അവരെ തകർത്തു

നടിയും മോഡലുമായിരുന്നു റിച്ചാ ശർമ. പക്ഷേ അവർ അറിയപ്പെട്ടത് സഞ്ജയ് ദത്തിന്റെ ആദ്യഭാര്യയെന്ന നിലയിലാണ്. മുംബൈയിലാണ് ജനിച്ചതെങ്കിലും, ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾക്കൊപ്പം ന്യൂയോർക്കിലേക്ക് പോയി. വളർന്നതെല്ലാം അവിടെയായിരുന്നു. അന്നും ഹിന്ദിസിനിമകളോട് ഭ്രാന്തമായ ഇഷ്ടമുണ്ടായിരുന്നു റിച്ചയ്ക്ക്. അഭിനയിക്കണമെന്ന മോഹവും ഉള്ളിലുണ്ടായിരുന്നു. അക്കാലത്ത് ഒരു ചടങ്ങിനായി സൂപ്പർസ്റ്റാർ ദേവ് ആനന്ദ് ന്യൂയോർക്കിലെത്തി. 'ദേസ് പർദേസ്' എന്ന സിനിമയുടെ പ്രീമിയറിനുവേണ്ടിയായിരുന്നുവത്. ആ സിനിമ കാണാനായി റിച്ചയും മാതാപിതാക്കൾക്കൊപ്പമെത്തി. റിച്ച ഒട്ടും മടിക്കാതെ ദേവ് ആനന്ദിനെ കണ്ട്, സിനിമയിൽ ഒരവസരം കിട്ടുമോയെന്ന് ചോദിച്ചു. റിച്ചയുടെ നിഷ്കളങ്കമായ ആ ചോദ്യം ദേവ് ആനന്ദിനെ ആകർഷിച്ചു. എന്നാലന്ന് റിച്ചയ്ക്ക് 14 വയസ്സേയുള്ളൂ. കുറച്ചുകൂടി വലുതായാൽ തന്റെ നായികയാക്കാമെന്ന് ദേവ് വാക്കുനൽകുകയും ചെയ്തു.
1984-ൽ റിച്ചയെ തേടി ഒരു ഫോൺകോൾ വന്നു. ദേവ് ആനന്ദ് ആയിരുന്നു അങ്ങേത്തലയ്ക്കൽ. 'എന്റെ സിനിമയിൽ നിങ്ങൾക്ക് യോജിച്ച ഒരു റോളുണ്ട്. ഇപ്പോഴും അഭിനയിക്കാൻ താത്പര്യമുണ്ടോ?' എന്നാണ് അദ്ദേഹം ചോദിച്ചത്. റിച്ചയ്ക്ക് ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ഉടനെ മുംബൈയിലെത്തി. ദേവിന്റെ 'ഹം നൗജവാൻ' എന്ന സിനിമയിലൂടെ അങ്ങനെ ബോളിവുഡിലേക്ക്. ടീന മുനിം, സീനത്ത് അമൻ എന്നിവരെ ബോളിവുഡിൽ അവതരിപ്പിച്ച ദേവിന്റെ പുതിയ കണ്ടുപിടുത്തമായിട്ടാണ് റിച്ചയെ അവതരിപ്പിച്ചത്. ദേവ് ആനന്ദ് കൊണ്ടുവന്ന നായികമാരെല്ലാം ബോളിവുഡ് കീഴടക്കിയവരായിരുന്നു. അതുകൊണ്ട് റിച്ചയും ദീർഘമായൊരു കരിയർ തന്നെ സ്വപ്നംകണ്ടു. അതൊന്നും വെറുതെയായില്ല. റിച്ചയുടെ നിഷ്കളങ്കതയും സൗന്ദര്യവുമെല്ലാം പ്രേക്ഷകരെ ആകർഷിച്ചു. പിന്നാലെ ഒട്ടേറെ അവസരങ്ങളും തേടിയെത്തി.
Content Highlights: richa sharma, sanjay dutts first wife, left bollywood for marriage. Her life was marked by brain tumor and a troubled relationship