നടിയും മോഡലുമായിരുന്നു റിച്ചാ ശർമ. പക്ഷേ അവർ അറിയപ്പെട്ടത് സഞ്ജയ് ദത്തിന്റെ ആദ്യഭാര്യയെന്ന നിലയിലാണ്. മുംബൈയിലാണ് ജനിച്ചതെങ്കിലും, ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾക്കൊപ്പം ന്യൂയോർക്കിലേക്ക് പോയി. വളർന്നതെല്ലാം അവിടെയായിരുന്നു. അന്നും ഹിന്ദിസിനിമകളോട് ഭ്രാന്തമായ ഇഷ്ടമുണ്ടായിരുന്നു റിച്ചയ്ക്ക്. അഭിനയിക്കണമെന്ന മോഹവും ഉള്ളിലുണ്ടായിരുന്നു. അക്കാലത്ത് ഒരു ചടങ്ങിനായി സൂപ്പർസ്റ്റാർ ദേവ് ആനന്ദ് ന്യൂയോർക്കിലെത്തി. 'ദേസ് പർദേസ്' എന്ന സിനിമയുടെ പ്രീമിയറിനുവേണ്ടിയായിരുന്നുവത്. ആ സിനിമ കാണാനായി റിച്ചയും മാതാപിതാക്കൾക്കൊപ്പമെത്തി. റിച്ച ഒട്ടും മടിക്കാതെ ദേവ് ആനന്ദിനെ കണ്ട്, സിനിമയിൽ ഒരവസരം കിട്ടുമോയെന്ന് ചോദിച്ചു. റിച്ചയുടെ നിഷ്‌കളങ്കമായ ആ ചോദ്യം ദേവ് ആനന്ദിനെ ആകർഷിച്ചു. എന്നാലന്ന് റിച്ചയ്ക്ക് 14 വയസ്സേയുള്ളൂ. കുറച്ചുകൂടി വലുതായാൽ തന്റെ നായികയാക്കാമെന്ന് ദേവ് വാക്കുനൽകുകയും ചെയ്തു.

1984-ൽ റിച്ചയെ തേടി ഒരു ഫോൺകോൾ വന്നു. ദേവ് ആനന്ദ് ആയിരുന്നു അങ്ങേത്തലയ്ക്കൽ. 'എന്റെ സിനിമയിൽ നിങ്ങൾക്ക് യോജിച്ച ഒരു റോളുണ്ട്. ഇപ്പോഴും അഭിനയിക്കാൻ താത്പര്യമുണ്ടോ?' എന്നാണ് അദ്ദേഹം ചോദിച്ചത്. റിച്ചയ്ക്ക് ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ഉടനെ മുംബൈയിലെത്തി. ദേവിന്റെ 'ഹം നൗജവാൻ' എന്ന സിനിമയിലൂടെ അങ്ങനെ ബോളിവുഡിലേക്ക്. ടീന മുനിം, സീനത്ത് അമൻ എന്നിവരെ ബോളിവുഡിൽ അവതരിപ്പിച്ച ദേവിന്റെ പുതിയ കണ്ടുപിടുത്തമായിട്ടാണ് റിച്ചയെ അവതരിപ്പിച്ചത്. ദേവ് ആനന്ദ് കൊണ്ടുവന്ന നായികമാരെല്ലാം ബോളിവുഡ് കീഴടക്കിയവരായിരുന്നു. അതുകൊണ്ട് റിച്ചയും ദീർഘമായൊരു കരിയർ തന്നെ സ്വപ്‌നംകണ്ടു. അതൊന്നും വെറുതെയായില്ല. റിച്ചയുടെ നിഷ്‌കളങ്കതയും സൗന്ദര്യവുമെല്ലാം പ്രേക്ഷകരെ ആകർഷിച്ചു. പിന്നാലെ ഒട്ടേറെ അവസരങ്ങളും തേടിയെത്തി.

പ്രണയത്തിനായി സിനിമ വിട്ടു
അനുഭവ്, ഇൻസാഫ് കി ആവാസ്, ഇൻസാഫ് കി ആവാസ്, സഡക് ഛപ്, ആഗ് ഹി ആഗ് തുടങ്ങിയ സിനിമകൾ. അനിൽ കപൂർ, ജാക്കി ഷ്‌റോഫ് തുടങ്ങിയവരുടെ നായികയായി. അതിനിടയിലാണ് സഞ്ജയ് ദത്ത്, റിച്ചയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ഒരു മാസികയിൽ റിച്ചയുടെ ചിത്രങ്ങൾ കണ്ടപ്പോൾ തന്നെ സഞ്ജയ്ക്ക് ഒരു ക്രഷ് തോന്നി. പിന്നാലെ, ഒരു സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ചടങ്ങിനിടയിൽ സഞ്ജയും റിച്ചയും പരസ്പരം കണ്ടു. രണ്ടുപേർക്കും ഒരിഷ്ടം തോന്നി. സഞ്ജയ് പിന്നീട് പറഞ്ഞതിങ്ങനെ, ''എന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ടൊരു ചടങ്ങിലാണ് റിച്ചയെ ആദ്യമായി കാണുന്നത്. ഒരു ജീൻസും മൾട്ടികളേർഡ് ടോപ്പുമിട്ടാണ് വന്നത്. അന്ന് പരിചയപ്പെട്ടു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ ഞാനവളെ വിളിച്ചു, എന്റെ കൂടെ പുറത്തുപോവാൻ വരുമോയെന്ന് ചോദിച്ചു''. റിച്ചയും സഞ്ജയും പലതവണ പുറത്തുപോയി. അത് പ്രണയത്തിലേക്ക് വഴിമാറി.

വിവാഹം കഴിക്കാമെന്നായി ഇരുവർക്കും. അന്നാണെങ്കിൽ സഞ്ജയ്ക്ക് ഒരു ബാഡ് ഇമേജ് ഉണ്ടായിരുന്നു ആളുകളുടെ മനസ്സിൽ. എന്നിട്ടും റിച്ച വിവാഹമെന്ന തീരുമാനത്തിൽ ഉറച്ചുനിന്നു. സിനിമയ്ക്കായി തന്റെ മാതാപിതാക്കളെ വിട്ടാണ് റിച്ച ഇന്ത്യയിലെത്തിയത്. എന്നാൽ, സഞ്ജയ് ദത്തിന് തന്റെ ഭാര്യ സിനിമയിൽ അഭിനയിക്കുന്നതിനോട് താത്പര്യമില്ലായിരുന്നു. അങ്ങനെ റിച്ച തന്റെ കരിയറും വേണ്ടെന്നുവെച്ചു. 1987-ൽ ന്യൂയോർക്കിൽവെച്ചായിരുന്നു വിവാഹം. തൊട്ടടുത്തവർഷം ഒരു കുഞ്ഞുമുണ്ടായി, തൃഷാല. അതിനിടയിലൊക്കെ വിട്ടുമാറാത്ത തലവേദനയും കാഴ്ചക്കുറവും റിച്ചയെ അലട്ടിയിരുന്നു. അതൊന്നും ആദ്യമത്ര കാര്യമാക്കിയില്ല. കുഞ്ഞിന് രണ്ടുമാസമുള്ളപ്പോഴാണ് ഡോക്ടറെ കാണിക്കുന്നത്. ബ്രെയിൻ ട്യൂമർ എന്ന പരിശോധനാഫലം റിച്ചയെയും സഞ്ജയെയും അടിമുടി തകർത്തു. ചികിത്സയ്ക്കായി റിച്ച ന്യൂയോർക്കിലേക്ക് പോയി.

അസുഖവും ഗോസിപ്പും തകർത്ത് ജീവിതം
അവിടംമുതലാണ് റിച്ചയും സഞ്ജയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴുന്നതും. റിച്ച ചികിത്സയുടെ ആവശ്യത്തിനായി ന്യൂയോർക്കിൽ, സഞ്ജയ് ആണെങ്കിൽ ഇന്ത്യയിലും. അതവർക്കിടയിൽ അകലമുണ്ടാക്കി. അതിനൊപ്പം സഞ്ജയ് മാധുരി ദീക്ഷിത്തുമായി പ്രണയത്തിലാണെന്ന വാർത്തകൾ പരന്നു. വിവാഹബന്ധം വേർപെടുത്തി സഞ്ജയ്, മാധുരിയെ വിവാഹംകഴിക്കാൻ പോവുകയാണെന്നുപോലും വാർത്തകൾ പരന്നു. ഇതെല്ലാം റിച്ചയെ മാനസികമായും ശാരീരികമായും തകർത്തു. വിവാഹബന്ധം തകരാതിരിക്കാനായി 1992-ൽ റിച്ച മകൾക്കൊപ്പം ഇന്ത്യയിലേക്ക് തിരിച്ചുവന്നു. പക്ഷേ, അപ്പോഴൊന്നും സഞ്ജയ് റിച്ചയ്‌ക്കൊപ്പം സമയം ചെലവഴിക്കാൻ തയ്യാറായില്ലത്രെ. അതിനിടയിൽ ചികിത്സയ്ക്കായി ന്യൂയോർക്കിലേക്കും തിരിച്ചുമുള്ള യാത്രകൾ. പലതവണ സുഖംപ്രാപിച്ചുവെന്ന് തോന്നിയെങ്കിലും, അസുഖം മടങ്ങിവന്നു.

കുറേ ആരോപണ-പ്രത്യാരോപണങ്ങൾ അവരുടെ കുടുംബത്തിൽ പ്രശ്‌നങ്ങൾ രൂക്ഷമാക്കി. അസുഖം ബാധിച്ച് ആസ്പത്രിയിലായ റിച്ചയെ സഞ്ജയ് അവഗണിക്കുന്നുവെന്ന് റിച്ചയുടെ മാതാപിതാക്കൾ ആരോപിച്ചു. റിച്ചയുടെ മുടി കൊഴിഞ്ഞുതുടങ്ങിയതോടെ അവർക്കൊപ്പം പൊതുസ്ഥലത്ത് വരാൻ സഞ്ജയ്ക്ക് ഇഷ്ടമില്ലെന്നും കുറ്റപ്പെടുത്തലുണ്ടായി. എന്നാൽ, നടിയായിട്ടുപോലും റിച്ച തന്റെ ജോലിയുടെ സ്വഭാവം മനസ്സിലാക്കിയില്ലെന്ന് സഞ്ജയ് പറഞ്ഞു. ഷൂട്ടിങ് കഴിഞ്ഞ് രാത്രി വൈകിയെത്തുന്നതൊന്നും റിച്ചയ്ക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ലെന്നും സഞ്ജയ് ആരോപിച്ചു.

അതിനിടയ്ക്കാണ് സഞ്ജയ് ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ റിച്ചയ്‌ക്കെതിരെ തുറന്നടിക്കുന്നത്. ഒരിക്കൽ മകളെ കാണാനായി ന്യൂയോർക്കിലെത്തി. അന്ന് 'അങ്കിൾ' എന്നാണ് മകൾ തന്നെ വിളിച്ചത്. കുട്ടിയുടെ മനസ്സിൽ തന്റെ ഓർമ്മ നിലനിർത്തുന്നതിൽ റിച്ച പരാജയപ്പെട്ടുവെന്ന് സഞ്ജയ് വിമർശിച്ചു. ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. റിച്ചയുടെ മാതാപിതാക്കളാണ് ഇതിനെല്ലാം പിന്നിലെന്നും സഞ്ജയ് പറഞ്ഞു.

അതിനിടയിൽ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 1993-ൽ സഞ്ജയ് കേസിൽ അകപ്പെട്ടു. അനധികൃതമായി ആയുധം കൈവശം വച്ച കേസിലാണ് അറസ്റ്റിലാവുന്നത്. കുറ്റപ്പെടുത്തലുകൾ തുടരുന്നതിനിടയിൽ 1996-ൽ റിച്ച ലോകത്തോട് വിടപറഞ്ഞു. പിന്നാലെ മകളുടെ കസ്റ്റഡിക്കായി സഞ്ജയ് നിയമപോരാട്ടത്തിലേർപ്പെട്ടു. റിച്ചയുടെ മാതാപിതാക്കൾക്കൊപ്പം കുട്ടിയെ അയയ്ക്കാനായിരുന്നു കോടതി വിധി. പിന്നീട് വർഷങ്ങൾക്കുശേഷമാണ് തൃഷാല അച്ഛനോട് അടുത്തത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi