അവരായിരുന്നു മാര്‍ക്കേസിന്റെ വലംകൈ... ഏറ്റവും അടുത്ത ചങ്ങാതിയും അവര്‍ തന്നെ

മാര്‍ക്കേസും മെഴ്‌സിഡസും
മാര്‍ക്കേസും മെഴ്‌സിഡസും

2020 ആഗസ്റ്റ് 15നായിരുന്നു മെര്‍സിഡസ് ബര്‍ച്ച പാര്‍ഡോ എന്ന കൊളംബിയക്കാരിയുടെ മരണം. മരിക്കുമ്പോള്‍ 88 വയസ്സായിരുന്നു അവരുടെ പ്രായം. ലോകമെമ്പാടും മെഴ്‌സിഡസിന്റെ മരണം വാര്‍ത്തയായി. സാംസ്‌കാരിക ലോകത്ത്, പ്രത്യേകിച്ചും സാഹിത്യാസ്വാദകരുടെ മനസ്സിലേക്ക് ആ മരണം മഞ്ഞ ശലഭങ്ങളുടെ  ചിറകടിയൊച്ചയായി വന്നുപതിച്ചു. മെഴ്‌സിഡസ് കഥകള്‍ എഴുതിയിട്ടില്ല, കവിതകളും. അവരൊരു പ്രസാധക പോലുമായിരുന്നില്ല. പക്ഷേ, അവര്‍ ലോകസാഹിത്യത്തിന് പ്രതിഭാശാലിയായ ഒരെഴുത്തുകാരനെ സമ്മാനിച്ചു. വിശ്വവിഖ്യാതമായ കഥകളെഴുതാന്‍ അവരയാള്‍ക്കു കൂട്ടിരുന്നു. വിശ്വപ്രസിദ്ധ ലാറ്റിനമേരിക്കന്‍ സാഹിത്യകാരന്‍ ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്കേസിന്റെ ഭാര്യയായിരുന്നു മെഴ്‌സിഡസ്. 

മെഴ്‌സിഡസിനെ വിവാഹം കഴിക്കുമ്പോള്‍തന്നെ മാര്‍ക്കേസ്  പ്രതിഭയായിരുന്നു... പക്ഷേ, മെഴ്‌സിഡസ് ജീവിതത്തിലേക്ക് വന്നിരുന്നില്ലെങ്കില്‍ അയാളൊരുപക്ഷേ ഒന്നുമാവുകയില്ലായിരുന്നു. മാര്‍ക്കേസിന്റെ ജീവചരിത്രകാരന്‍ ജെറാള്‍ഡ് മാര്‍ട്ടിന്റെ വാക്കുകളാണിത്. 

ആദ്യത്തെ കാഴ്ച
അരക്കാറ്റക്ക എന്ന നദീതീര നഗരത്തിലെ ഫാര്‍മസിസ്റ്റിന്റെ മകളായിരുന്നു മെഴ്‌സിഡസ്. പതിമൂന്നാം വയസ്സിലാണ് മാര്‍ക്കേസ് അവളെ ആദ്യമായി കാണുന്നത്. എട്ടുവയസ്സുകാരിയായ കൊച്ചുപെണ്‍കുട്ടി. അഞ്ചു വര്‍ഷങ്ങള്‍ക്കപ്പുറം അവനവളെ വീണ്ടും കണ്ടുമുട്ടി. അതൊരു പാര്‍ട്ടിക്കിടയിലായിരുന്നു. മെഴ്‌സിഡസ് കുറച്ചുകൂടി വളര്‍ന്നു. കോലന്‍ മുടിയിഴകളുള്ള പതിമൂന്നുകാരിക്കു മുന്നില്‍ പതിനെട്ടുകാരന്‍ പയ്യന്‍ ഹൃദയം കുടഞ്ഞിട്ടു. നീയെന്നെ കല്യാണം കഴിച്ചേ പറ്റൂ...തപ്പിയും തടഞ്ഞും അവനാകെ പറഞ്ഞൊപ്പിക്കാന്‍ പറ്റിയത് അതുമാത്രമായിരുന്നു. മെഴ്‌സിഡസിന് സത്യത്തില്‍ പേടിയാണ് തോന്നിയത്. പക്ഷേ, പെട്ടെന്നുണ്ടായ വെപ്രാളത്തില്‍ അവള്‍ക്കവനെ വിഷമിപ്പിക്കാനായില്ല. അങ്ങനെ വന്യമായൊരു പ്രണയം വിരിയുകയായിരുന്നു. പത്താം വര്‍ഷത്തില്‍ അവര്‍ വിവാഹിതരായി. അവര്‍ക്ക് രണ്ട് ആണ്‍കുഞ്ഞുങ്ങളും പിറന്നു.

പതിനെട്ടു മാസങ്ങള്‍
മെഴ്‌സിഡസിന്റെ ഭര്‍ത്താവാകുമ്പോള്‍ മാര്‍ക്കേസ് അറിയപ്പെടുന്ന സാഹിത്യകാരനൊന്നുമായിരുന്നില്ല. ഏതോ പ്രാദേശിക പത്രത്തില്‍ സബ് എഡിറ്ററാണ് അയാളന്ന്. എഴുതണമെന്നും പ്രശസ്തനാകണമെന്നുമൊക്കെ ആഗ്രഹിച്ചു നടക്കുന്ന സാധാരണക്കാരന്‍. കനപ്പെട്ട ഒരു നോവല്‍ ഉടന്‍ എഴുതിത്തരാമെന്ന് ഒരു പ്രത്യേക സാഹചര്യത്തില്‍ മാര്‍ക്കേസ് ബ്യൂണസ് അയേഴ്‌സിലെ ലിറ്റററി ഏജന്റിന് വാക്ക് കൊടുക്കുന്നു. എന്തെഴുതണമെന്നും എങ്ങനെ എഴുതണമെന്നും യാതൊരു ധാരണയും അന്നയാളുടെ മനസ്സില്‍ ഉണ്ടായിരുന്നില്ല. പന്നീട് മെഴ്‌സിഡസുമൊത്തുള്ള ഒരു യാത്രയ്ക്കിടെയാണ് ആഴമുള്ളൊരു കഥാതന്തു അയാളുടെ മനസ്സിലേക്ക് എത്തുന്നത്. അപ്പോള്‍ തന്നെ എഴുതിത്തുടങ്ങണം എന്ന തടുക്കാനാകാത്ത തോന്നലോടെ  അദ്ദേഹം കാര്‍ തിരിച്ചു. ഉദ്ദേശിച്ച യാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് മാര്‍ക്കേസ് മെക്‌സിക്കോയിലെ വീട്ടിലെ ഒരു മുറിക്കുള്ളില്‍ കയറി വാതിലടച്ചു. ഒന്നും രണ്ടുമല്ല പതിനെട്ടു മാസങ്ങള്‍ ആ മുറിയായിരുന്നു മാര്‍ക്കേസിന്റെ ലോകം.

ഒരു വഴി
എഴുത്തുമുറിക്കുള്ളില്‍ മാര്‍ക്കേസും  സങ്കല്‍പവും തമ്മിലുള്ള  യുദ്ധം മുറുകുമ്പോള്‍  അതിനു പുറത്ത് മെഴ്‌സിഡസ് യാഥാര്‍ത്ഥ്യവുമായി  പോരു തുടങ്ങും.  വീട്ടുകാര്യങ്ങള്‍ നോക്കണം. വീട്ടുവാടക കൊടുക്കണം. പണം കണ്ടെത്താനാണെങ്കില്‍ വഴികളുമില്ല.

പക്ഷേ, ഈ പ്രാരാബ്ധവും പൊല്ലാപ്പും പറഞ്ഞ് മാര്‍ക്കേസിന്റെ എഴുത്തു മുടക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. ഒരാവശ്യത്തിനായും അവരയാളുടെ വാതിലില്‍ തട്ടിയില്ല.

കാര്യങ്ങള്‍ മുടക്കമില്ലാതെ നടന്നുപോകാന്‍ മേഴ്‌സിഡസിനു മുന്നില്‍ ഒരു വഴി തെളിഞ്ഞു. വീട്ടുപകരണങ്ങള്‍ വിറ്റും പണയപ്പെടുത്തിയും അവര്‍ പണം കണ്ടെത്തി. ഫ്രിഡ്ജും, റേഡിയോയും, പാത്രങ്ങളും കൃത്യമായ ഇടവേളകളില്‍ വീടുവിട്ടിറങ്ങി. 

മഞ്ഞ റോസാപ്പൂവ്
എല്ലാ ദിവസവും രാവിലെ അവര്‍ അയാളുടെ മേശപ്പുറത്ത് ഒരു മഞ്ഞ റോസാപ്പൂവ് കൊണ്ടുവെക്കും. പൂക്കളും സ്ത്രീകളും അരികിലുണ്ടെങ്കില്‍ ദൗര്‍ഭാഗ്യങ്ങള്‍ ഒഴിഞ്ഞുപോകുമെന്നായിരുന്നു മാര്‍ക്കേസിന്റെ വിശ്വാസം. സമയാസമയങ്ങളില്‍ മെഴ്‌സിഡസ് മൊരിച്ചെടുത്ത ഇറച്ചിക്കഷണങ്ങളും സിഗരറ്റും സ്‌കോച്ചുമായി എഴുത്തുകാരന്റെ മുറിയിലെത്തും.  

ചില ദിവസങ്ങളില്‍ മുറിക്കുള്ളില്‍ നിന്നും മാര്‍ക്കേസ് ഉറക്കെ കരഞ്ഞു കൊണ്ട് പുറത്തിറങ്ങും. മെഴ്‌സിഡസിന്റെ മടിയില്‍ കിടന്ന് അയാള്‍ വാവിട്ടു നിലവിളിക്കും. ഏതോ കഥാപാത്രത്തിന്റെ മരണം നടന്നുകഴിഞ്ഞെന്ന് അവര്‍ ഉറപ്പിക്കും. ആ വിലാപത്തില്‍ അവരും പങ്കുചേരും. എഴുത്തുകാരന്റെ വിഷാദത്തെ അവരൊരിക്കലും ഭ്രാന്തെന്നു വിശേഷിപ്പിച്ചില്ല.

അങ്ങനെ 1966 ല്‍ മാര്‍ക്കേസ് കഥ പൂര്‍ത്തിയാക്കി. അഞ്ഞൂറ് പേജോളം വരുന്ന ആദ്യ പ്രതി പ്രസാധകന് അയച്ചുകൊടുക്കാന്‍ പണമില്ലാതെ വന്നപ്പോള്‍ അവിടെയും മെഴ്‌സിഡസ് രക്ഷയ്‌ക്കെത്തി. വീട്ടില്‍ ആകെ അവശേഷിച്ച ഹെയര്‍ ഡ്രയറും ബ്ലെന്‍ഡറും വിറ്റുകിട്ടിയ  പണവുമായി  അവരിരുവരും ഒന്നിച്ച് തപാലാപ്പീസിലേക്ക് നടന്നു.

ഏകാന്തതയുടെ മാജിക്

മാര്‍ക്കേസിന്റെ കഥകളിലെ മാജിക്കല്‍ റിയലിസം പോലെ പിന്നീടു നടന്നതൊക്കെയും യാഥാര്‍ത്ഥ്യത്തിനു നിരക്കാത്ത ഇന്ദ്രജാലങ്ങളായിരുന്നു. കണ്ണാടിഗ്രാമമായ മക്കോണ്ടോയിലെ ബുവുണ്ടിയ കുടുംബത്തിന്റെ ഏഴുതലമുറകളുടെ കഥപറയുന്ന കൃതി ലോകപ്രശസ്തമായി. നാല്പത്തിനാല് ഭാഷകളിലായി അഞ്ച്‌കോടി കോപ്പികള്‍ വിറ്റഴിഞ്ഞ കൃതി. സ്പാനിഷ് ഭാഷയില്‍ ബൈബിളിനു ശേഷം ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട പുസ്തകം. ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ പുറത്തിറങ്ങിയതോടെ,  എം.ടി യുടെ ഭാഷയില്‍, ലോകം മുഴുവനും ആഹ്ലാദകരമായ ഒരു നടുക്കത്തോടെ അദ്ദേഹത്തെ ആരാധിക്കാന്‍ തുടങ്ങി.  കഥയിലെ പ്രധാന സ്ത്രീകഥാപാത്രമായ ഉര്‍സുലയ്ക്ക് മേഴ്‌സിഡസുമായുള്ള സാമ്യം മാര്‍ക്കേസ് അംഗീകരിച്ചിട്ടുണ്ട്.

1982ല്‍ സാഹിത്യ നൊബേല്‍ മാര്‍ക്കേസ് സ്വന്തമാക്കി. പിന്നീടും അദ്ദേഹം  കഥകളേറെയെഴുതി. 1987ല്‍ പുറത്തിറങ്ങിയ ലവ് ഇന്‍ ദ ടൈം ഓഫ് കോളറയുടെ ആദ്യ താളുകളിലൊന്നില്‍ മാര്‍ക്കേസ് ഇങ്ങനെ കുറിച്ചു...തീര്‍ച്ചയും മേഴ്‌സിഡസിന്...തന്നെ താനാക്കി പരുവപ്പെടുത്തിയ കരുതലിനും കരുത്തിനും ആ പുസ്തകം അദ്ദേഹം സമര്‍പ്പിച്ചു. എഴുത്തിന്റെ ഏകാന്ത നാളുകളില്‍ മെഴ്‌സിഡസ് പുറത്തെടുത്ത ഇന്ദ്രജാലമാണ് തനിക്ക് തുണയായതെന്ന് മാര്‍ക്കേസ് ഇടയ്ക്കിടെ പറഞ്ഞിരുന്നു. അവരായിരുന്നു അദ്ദേഹത്തിന്റ വലംകൈ...ഏറ്റവും അടുത്ത ചങ്ങാതിയും അവര്‍ തന്നെ... 2014 ഏപ്രില്‍ 14ന് മാര്‍ക്കേസ് അന്തരിച്ചു. ആറു വര്‍ഷങ്ങള്‍ക്കിപ്പുറം മെഴ്‌സിഡസും യാത്രയായി. 

നാം മറന്നതെല്ലാം നമ്മെ ഓര്‍മിപ്പിക്കാനാണ് മാലാഖമാര്‍ എന്ന് വോള്‍ട്ടര്‍ ബെഞ്ചമിന്‍ എന്ന ജര്‍മ്മന്‍ ചിന്തകന്‍ പറഞ്ഞിട്ടുണ്ട്. മാര്‍ക്കേസിന്റെ കാര്യത്തില്‍ ആ മാലാഖ മെഴ്‌സിഡസ് ആയിരുന്നു. എഴുതൂ എഴുതൂ എഴുതുക മാത്രം ചെയ്യൂ എന്ന് അവരയാളെ ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു...

Content Highlights: relationship between gabriel garcia marquez and Mercedes Barcha