‘എന്നെ ഒരിടത്തും തളച്ചിടാൻ കഴിയില്ലായിരുന്നു, പറന്നുപോകാൻ ആഗ്രഹിക്കുന്ന ഒരു പട്ടംപോലെയായിരുന്നു ഞാൻ’

റാണ ദഗ്ഗുബതി ഭാര്യക്കൊപ്പം | Instagram
റാണ ദഗ്ഗുബതി ഭാര്യക്കൊപ്പം | Instagram

വ്യക്തിജീവിതം രഹസ്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന നടനാണ് റാണ ദഗ്ഗുബതി. എന്നാൽ അടുത്തിടെ റിയ ചക്രവർത്തിയുമായുള്ള 'ചാപ്റ്റർ 2' എന്ന പോഡ്‌കാസ്റ്റിൽ, കോവിഡ് കാലം തന്റെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും മിഹീക ബജാജുമായുള്ള വിവാഹത്തെക്കുറിച്ചും അദ്ദേഹം മനസ്സ് തുറന്നു.

താൻ വിവാഹിതനാകാൻ പോകുകയാണെന്ന് റാണ ഒരിക്കൽ അപ്രതീക്ഷിതമായി ഫോൺ ചെയ്ത് പറഞ്ഞ കാര്യം റിയ ഓർമ്മിപ്പിച്ചു. പെട്ടെന്നുണ്ടായ ആ മാറ്റത്തിന് പിന്നിലെ കാരണമെന്താണെന്ന് റിയ ചോദിച്ചപ്പോൾ റാണ നൽകിയ മറുപടി ഇങ്ങനെയായിരുന്നു: "ലോക്ക്ഡൗൺ കാലം അതിന് കാരണമായി. 2020-ൽ അമേരിക്കയിൽ നിന്ന് ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെയാണ് കോവിഡ് വരുന്നത്. അമേരിക്കയിലെ ജീവിതം എന്നെ ഒരു ലോക്ക്ഡൗണിനായി നേരത്തെ തന്നെ സജ്ജമാക്കിയിരുന്നു, കാരണം അവിടെ ഞാൻ ഒറ്റയ്ക്കായിരുന്നു," റാണ പറഞ്ഞു. നേരത്തെ ഹൃദയസംബന്ധമായ അസുഖങ്ങളും വൃക്കരോഗവും ബാധിച്ച റാണ, ശസ്ത്രക്രിയയ്ക്കും തുടർന്നുള്ള ചികിത്സകൾക്കുമായാണ് അമേരിക്കയിൽ പോയത്. ആ കാലഘട്ടത്തിന് ശേഷമാണ് അദ്ദേഹം മിഹീകയുമായി സംസാരിച്ച് തുടങ്ങുന്നത്.

"മിഹീകയുമായി ആദ്യം സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ, ഇവർക്കൊപ്പം ജീവിതകാലം മുഴുവൻ ജീവിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നിയിരുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

"ഞങ്ങൾ തമ്മിൽ നേരത്തെ അറിയാമായിരുന്നു എങ്കിലും വലിയ സുഹൃത്തുക്കളൊന്നും ആയിരുന്നില്ല. കോവിഡ് കാലത്താണ് ഞങ്ങൾ കൂടുതൽ സംസാരിച്ചത്. അങ്ങനെ ഞങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ചു. അതൊരു മികച്ച സമയമായിരുന്നു, കാരണം കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് വലിയ ആഘോഷങ്ങൾ ഒഴിവാക്കി, ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ ലളിതമായി വിവാഹം നടത്താൻ കഴിഞ്ഞു."

2020 ഓഗസ്റ്റിൽ ഹൈദരാബാദിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. സാമൂഹിക അകലം പാലിച്ച് നടന്ന ചടങ്ങിൽ കേവലം 30 അതിഥികൾ മാത്രമാണ് പങ്കെടുത്തത്.

വിവാഹത്തെക്കുറിച്ച് ഇന്നത്തെ യുവാക്കൾക്കിടയിലുള്ള ആശയക്കുഴപ്പത്തെക്കുറിച്ച് റിയ ചോദിച്ചപ്പോൾ റാണ ഇങ്ങനെ മറുപടി നൽകി:
"വിവാഹം എന്നത് വ്യക്തിപരമായ കാര്യമാണ്. എന്നെ ഒരിടത്തും തളച്ചിടാൻ കഴിയില്ലായിരുന്നു. എപ്പോൾ വേണമെങ്കിലും എങ്ങോട്ട് വേണമെങ്കിലും പറന്നുപോകാൻ ആഗ്രഹിക്കുന്ന ഒരു പട്ടംപോലെയായിരുന്നു ഞാൻ. എനിക്ക് വേണമെങ്കിൽ പെട്ടെന്ന് ലോസ് ഏഞ്ചൽസിലേക്ക് താമസം മാറാം, അങ്ങനെ സ്വതന്ത്രമായി നടക്കാനായിരുന്നു എനിക്കിഷ്ടം."

എന്നാൽ ഒരു ഘട്ടത്തിൽ ആ സ്വഭാവത്തിൽ മാറ്റം വന്നതായി അദ്ദേഹം പറഞ്ഞു. " ജീവിതത്തിൽ മുറുകെ പിടിക്കാൻ എന്തെങ്കിലും വേണമെന്ന് പിന്നീട് എനിക്ക് തോന്നി. മിഹീക എനിക്ക് നൽകിയത് അതാണ്. അവൾക്ക് വളരെ ശാന്തമായ സ്വഭാവമാണ്," റാണ പറഞ്ഞു.

2025 ജൂണിൽ നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ 'റാണ നായിഡു സീസൺ 2'-ലാണ് റാണ അവസാനമായി അഭിനയിച്ചത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Rana Daggubati opens up about his marriage to Miheeka Bajaj, the profound impact of Covid-19 on his life, and his evolving perspectives on freedom and commitment.