മൂന്ന് പുരുഷൻമാർക്കൊപ്പം ബാർഹോട്ടലിൽ ഭക്ഷണം കഴിച്ചുവെന്നത് അടുത്ത ആരോപണമായി

തായ്ലാന്‍ഡിലുണ്ടായിരുന്ന പത്തുദിവസം ജീവിതത്തിലെ ഒരുവിധം ആകുലതകളില്‍നിന്നൊക്കെ മുക്തയായതുപോലെ എനിക്കുതോന്നി. മക്കളെ ഓര്‍ക്കുമ്പോള്‍ ചെറിയൊരു പ്രയാസം തോന്നുമെങ്കിലും കാഴ്ചകളുടെയും അനുഭവങ്ങളുടെയും വൈവിധ്യത്തില്‍ അതിന്റെ ഘനം കുറഞ്ഞുവന്നു. നാടുമായി യാതൊരു ബന്ധവുമില്ല. കോളേജില്‍നിന്ന് കുട്ടികളുമായി പഠനയാത്രയ്ക്ക് പോയ ദിവസങ്ങളില്‍ എനിക്കുവന്ന കോളുകളെക്കുറിച്ച് ഞാന്‍ ഓര്‍ത്തു. അതത് സമയം ഫോണെടുക്കാത്തതിനെത്തുടര്‍ന്ന് അച്ഛനെക്കൊണ്ടുവരെ വിളിപ്പിച്ചിരുന്നവര്‍ക്ക് കയ്യെത്താത്ത അകലെയാണല്ലോ ഞാന്‍ എന്ന സമാധാനം. ലോകത്തെവിടെപ്പോയാലും സമാധാനമായി ജീവിക്കാന്‍ സമ്മതിക്കില്ലെന്ന ഭീഷണി ഓര്‍മ്മയിലെത്തി. ദൂരത്തായാലും ചില അലട്ടലുകള്‍ മാരകമാണ്.
യാത്രകഴിഞ്ഞ് എത്തിയ എന്നെയും അനുജത്തിയെയും എയര്‍പോര്‍ട്ടില്‍ വന്ന് കാത്തുനിന്നതും കണ്ണൂരേക്ക് കൊണ്ടുപോയതും ഭര്‍ത്താവാണ്. അദ്ദേഹത്തിന്റെ ചലനങ്ങളില്‍ പ്രകടമായ അസ്വാഭാവികതയുണ്ടായിരുന്നു. പതിവില്‍നിന്ന് വിരുദ്ധമായി ഏറ്റവും വിലകൂടിയ വസ്ത്രങ്ങളും ഷൂസും ധരിച്ചിരുന്നു. അതിനൊക്കെ പണം ചെലവാക്കുന്നതിനോട് എതിര്‍പ്പുള്ള ആളാണല്ലോ എന്ന് അമ്പരന്നതും മനസ്സ് വായിച്ചിട്ടെന്നോണം 'നീ പൈസ നാനാവിധം കളയുമ്പോള്‍ എനിക്കും അത് ചെയ്യാമല്ലോ' എന്നദ്ദേഹം പറഞ്ഞു. ഡ്രസ്സിന്റെ കാര്യമാണെങ്കില്‍, എത്ര ഭംഗിയായി നടക്കുന്നോ അത്രയും നല്ലതാണെന്ന് ഞാന്‍ സമ്മതിച്ചു. കണ്ണൂരേക്കുള്ള ട്രെയിനില്‍ മുഴുവന്‍ നേരം പല കാര്യങ്ങള്‍ക്കായി അദ്ദേഹം വഴക്കുകൂടിക്കൊണ്ടിരുന്നു.
യാത്രയാണ് പ്രകോപനമെങ്കില്‍ ഇരുവരുംകൂടി ആലോചിച്ചിട്ടുതന്നെയാണല്ലോ പുറപ്പെട്ടത് എന്ന് ഞാന്‍ ചോദിച്ചു. ഇപ്പോഴത്തെ പ്രകടനങ്ങള്‍ ശരിയല്ല, പലതരം ഉപാധികളുടെ മേലാണ് ബന്ധം നിലനില്‍ക്കുന്നത് എന്നതിനാല്‍ എന്നെ ശകാരിക്കാനോ അലട്ടാനോ അദ്ദേഹത്തിന് അധികാരമില്ലെന്ന് ഞാന്‍ ഓര്‍മ്മിപ്പിച്ചു. അങ്ങനെയാണ് തമ്മിലുള്ള കരാര്‍. ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയായി തുടരുന്നിടത്തോളം എന്ത് ഒത്തുതീര്‍പ്പായാലും എനിക്കുമേല്‍ എല്ലാത്തരം അധികാരങ്ങളുമുണ്ടെന്ന് അദ്ദേഹവും വാദിച്ചു. ഇപ്പോള്‍ നടക്കുന്ന നാടകങ്ങള്‍ അവസാനിക്കുകയാണ്. മര്യാദയ്ക്ക് കൂടെ കിടന്നോളണം. തോന്നിവാസം നടക്കാന്‍ സമ്മതിക്കില്ല. ട്രെയിനിലെ മറ്റ് യാത്രക്കാര്‍ ശ്രദ്ധിക്കുന്ന കാര്യം അനുജത്തി സൂചിപ്പിച്ചു. ഒരു യാത്രയുടെ മുഴുവന്‍ നല്ല ഓര്‍മ്മകളിലും കരി കലക്കിക്കൊണ്ടുള്ള ആ പ്രകടനം അങ്ങേയറ്റം വെറുപ്പിക്കുന്നതായിരുന്നു.
പിറ്റേന്നും വഴക്ക് തുടര്‍ന്നു. കെ.എസ്.എഫ്.ഇ.യില്‍ എനിക്കുണ്ടായിരുന്ന തിരിച്ചടവായിരുന്നു പുതിയ വിഷയം. എന്റെ ശമ്പളത്തിന്റെയും മാസമുള്ള തിരിച്ചടവുകളുടെയും വിശദവിവരം ട്രഷറിയിലെ ഒരു സുഹൃത്ത് വഴി അദ്ദേഹം സമ്പാദിച്ചിരുന്നു. കെ.എസ്.എഫ്.ഇ.യിലെ ആ ലോണ്‍ എങ്ങനെ വന്നുവെന്ന് നേരത്തെ നാം സംസാരിച്ചിരുന്നല്ലോ. സ്വാഭാവികമായും അതിന്റെ തിരിച്ചടവ് അദ്ദേഹത്തെ പ്രകോപിപ്പിച്ചു. അതിനൊപ്പം പി.എഫിലേക്കുള്ള തുക ചെറുതായി വര്‍ധിപ്പിച്ചതും കൂടിയായപ്പോള്‍ തികഞ്ഞു. അതൊക്കെയും അദ്ദേഹം അവതരിപ്പിച്ചത് സാമ്പത്തിക കാര്യങ്ങളില്‍ ഞാന്‍ സ്വയം തീരുമാനമെടുക്കുന്നു എന്ന ആരോപണം ഉറപ്പിക്കാനാണ്.
നല്ല ഒരു സ്ത്രീ, കുടുംബിനി അങ്ങനെയൊന്നും ചെയ്യില്ല. എനിക്ക് അതുകേട്ടിട്ട് പുതുതായി ഒന്നും തോന്നിയില്ല. ഉപേക്ഷിക്കലും തിരിച്ചെടുക്കലും മുറയ്ക്ക് നടക്കുന്ന ഒരു ദാമ്പത്യത്തില്‍ എന്താണ് പ്രതീക്ഷിക്കാനുള്ളത്? അതുകൊണ്ട് സാമ്പത്തികകാര്യങ്ങള്‍ തുടര്‍ന്നും ഞാന്‍ തന്നെയാണ് നോക്കുക എന്നുറപ്പിച്ചുപറഞ്ഞു. അതിന്റെയൊന്നും പിന്നാലെ ചാരന്മാരെ വിട്ട് ബുദ്ധിമുട്ടേണ്ടതില്ല. അപ്പോള്‍ അങ്ങനെ പിടിച്ചുനിന്നെങ്കിലും പിന്നീട് വല്ലാത്ത അപമാനം തോന്നി. ഇത്തരം കാര്യങ്ങളും താങ്കളുടെ ഔദ്യോഗികകൃത്യനിര്‍വഹണത്തിന്റെ പരിധിയില്‍ വരുന്നതാണോ എന്ന് ട്രഷറിയിലെ പ്രസ്തുത അഭ്യുദയകാംക്ഷിയോട് വിളിച്ച് ചോദിച്ചാലോ എന്ന് ഒരു തവണ ആലോചിച്ചു.
ഇടയ്ക്ക് ഓര്‍മ്മിപ്പിക്കാന്‍ തോന്നുന്ന ഒരു കാര്യം ഇതുതന്നെയാണ്. ഇത്തരം അഭ്യുദയകാംക്ഷികളെ ജീവിതത്തിന്റെ പല വഴികളിലും നാം കാണും. വിവാഹബന്ധം തുടര്‍ന്നാലും ഇല്ലെങ്കിലും അതുണ്ടാവും. സ്വന്തം നിലയ്ക്ക് ജീവിക്കാന്‍ തീരുമാനമെടുക്കുമ്പോള്‍ ഏറ്റവുമധികം സൂക്ഷിക്കേണ്ടത് ഇത്തരക്കാരെയാണ്. കുടുംബം തകരാതെ നിര്‍ത്താനുള്ള മുളങ്കാലുകളുമായി ഇക്കൂട്ടര്‍ പല ദിക്കുകളില്‍നിന്ന് പാഞ്ഞുവരും. സ്ത്രീകളെ മര്യാദ പഠിപ്പിക്കുന്ന കാര്യത്തില്‍ അസാധാരണമായ ഒരു ഐക്യം രൂപപ്പെടുന്നതുകാണാം. അതില്‍ പുരുഷനോടൊപ്പം നില്‍ക്കുന്ന സംവിധാനങ്ങളാണ് നമ്മുടെ നാട്ടിലേറെയും.
ഇതൊക്കെയും തുടക്കങ്ങള്‍ മാത്രമാണ്, എന്തായാലും മനസ്സ് തളര്‍ന്നിരിക്കുമ്പോള്‍ ആരോടും പൊരുതാനാവില്ലെന്നുറച്ച് അന്നേരം ഞാന്‍ പിന്തിരിഞ്ഞു. ഒന്നിച്ച് ജീവിക്കുന്നില്ലെങ്കിലും ഭാര്യയുടെ ചലനങ്ങള്‍ക്കുമീതേ തന്റെ ചാരക്കണ്ണുകളുണ്ടെന്ന് തെളിയിക്കലായിരുന്നത്രേ അദ്ദേഹത്തിന്റെ ഉദ്ദേശ്യം. തനിക്ക് സംസ്ഥാനവ്യാപകമായി വന്‍ സ്വാധീനമുണ്ടെന്ന് പരിചയക്കാരോടും അല്ലാത്തവരോടുമൊക്കെ പറയുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മിക്കയിടങ്ങളിലും സ്വാഭാവികമായുണ്ടാകുന്ന സൗഹൃദങ്ങളെയാണ് അദ്ദേഹം അങ്ങനെ അവതരിപ്പിച്ചിരുന്നത്. ആദ്യകാലത്ത് അദ്ദേഹത്തിനുണ്ടെന്നവകാശപ്പെട്ടിരുന്ന സ്വാധീനശേഷിയില്‍ ഞാനും വിശ്വസിച്ചിരുന്നു. എന്നാല്‍ ഉന്നതതലങ്ങളില്‍ പിടിപാടൊന്നും കൂടാതെ സാധാരണയായി നടക്കുന്ന സംഗതികളല്ലാതെ അദ്ദേഹത്തിന് ഒന്നും സാധിച്ചിരുന്നില്ല എന്നതാണ് വാസ്തവം.
എം.ജി. സര്‍വകലാശാലയില്‍നിന്ന് ഒരു പി.ജി. സിലബസ് വാങ്ങിയെടുക്കാന്‍ സ്വാധീനത്തിന്റെ ആവശ്യമില്ല. അതുപക്ഷേ, സ്വന്തം സ്വാധീനത്തിന്റെ തെളിവായി അദ്ദേഹം ഏറെക്കാലം അവതരിപ്പിച്ചിരുന്നു. കണ്ണൂര്‍ജില്ലയിലെ മേല്‍വിലാസക്കാരിയായ എനിക്ക് ഹയര്‍ സെക്കന്‍ഡറിയില്‍ ആദ്യപോസ്റ്റിങ് വരുമ്പോള്‍ അത് ആലപ്പുഴയ്ക്ക് മാറ്റാന്‍ അദ്ദേഹം എത്ര ശ്രമിച്ചിട്ടും നടന്നിട്ടുമില്ല. അടുത്ത ട്രാന്‍സ്ഫറിലാണ് സാധാരണപോലെ ഞാന്‍ ആലപ്പുഴയ്ക്ക് എത്തുന്നത്. പക്ഷേ, ഇത്തരം കാര്യങ്ങള്‍ തന്റെ ഇടപെടലിലാണ് നടക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. അതുകൊണ്ട് ഉന്നതതലങ്ങളില്‍ വളരെയധികം പിടിപാടുള്ളയാളാണെന്ന തോന്നല്‍ പലര്‍ക്കുമുണ്ടായി. അത് ഏറ്റവും ദയനീയമായി ബാധിച്ച ഒരേയൊരു വ്യക്തി ഞാനായിരുന്നു. ഇറക്കാനും തുപ്പാനും വയ്യാത്ത നിലയിലായി പലപ്പോഴും ഞാന്‍. വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒരു സാഹചര്യത്തിലാണ് ഞാനുള്ളതെന്ന് അപ്പോഴൊന്നും എനിക്ക് മനസ്സിലായില്ല, ഇടയ്ക്കിടെ സ്വയം പുകഴ്ത്തിപ്പറയുന്ന സ്വഭാവം ഏതെങ്കിലും തരത്തിലുള്ള അപകര്‍ഷതകൊണ്ടാവാമെന്ന് പില്‍ക്കാലത്ത് സൈക്കോളജിസ്റ്റ് സൂചിപ്പിക്കുന്നതുവരെ.
സുഹൃത്തുക്കളേ, നിങ്ങള്‍ തൊഴില്‍ ചെയ്യുന്ന ആളാണെങ്കില്‍ തൊഴിലിടത്തില്‍ നിങ്ങളുടെ ജീവിതപങ്കാളിക്ക് ഒരു റോളുമില്ലെന്ന് മനസ്സിലാക്കുകതന്നെ വേണം. ''എന്നെ എന്തെങ്കിലും പറഞ്ഞാല്‍ എന്റെ ചേട്ടന്‍ ചോദിക്കാന്‍ വരും'', എന്ന മട്ടിലുള്ള ഇമേജ് ഒരിക്കലും ഉണ്ടാക്കിവയ്ക്കരുത്. അത്തരമൊന്ന് ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിന് എന്നെപ്പറ്റിയുള്ള പരാതികളിലൊന്ന്. തൊഴിലിടത്തില്‍ ഭര്‍ത്താവിനെ ക്വട്ടേഷന് കൊണ്ടുപോകേണ്ടതിന്റെ ആവശ്യം തത്കാലം ഇല്ലായിരുന്നു. ജോലിചെയ്ത ഇടങ്ങളിലൊന്നും അത്തരത്തിലുള്ള പ്രതിസന്ധികളൊന്നും ഉണ്ടായിട്ടില്ല. തൊഴിലിടം നാം ഏറ്റവുമധികം സമയം ചെലവാക്കുന്ന സ്ഥലമാണ്. ഏറ്റവും ക്രിയാത്മകമായും സര്‍ഗാത്മകമായും അവിടത്തെ സമയം ചെലവിടുകയെന്നത് വളരെ പ്രധാനമാണ്.
അവിടത്തെ സംഘര്‍ഷങ്ങള്‍ പങ്കാളിയോട് പറയേണ്ടതില്ല എന്നര്‍ഥമില്ല. അത്തരം തുറന്നുപറച്ചിലുകള്‍ മനസ്സ് അയവുള്ളതാക്കും. എല്ലാം സംസാരിച്ച്, വേണമെങ്കില്‍ പരസ്പരം വഴക്കുമുണ്ടാക്കാവുന്നതാണ്. അതുംകഴിഞ്ഞ് സ്വസ്ഥമായി ചിന്തിച്ചാലേ പല പ്രശ്‌നങ്ങളുടെയും അടിസ്ഥാനകാരണം തുറന്നുകിട്ടൂ. ഇടപെടേണ്ട വിധത്തില്‍ ഗൗരവതരമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇടപെടേണ്ടിവരും. അതുപക്ഷേ, പങ്കാളിയുടെ പൂര്‍ണമായ സമ്മതത്തോടുകൂടിമാത്രമേ ആകാവൂ. അതിനുപകരം തൊട്ടതിനും പിടിച്ചതിനും ചാടിപ്പുറപ്പെടുന്നവര്‍ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുക. അതൊരുകാര്യം. അതിലും പ്രധാനപ്പെട്ട മറ്റൊന്ന് സ്വന്തം തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ സ്വകാര്യത സൂക്ഷിക്കുക എന്നതുതന്നെയാണ്. വ്യക്തിജീവിതത്തിലെന്നതുപോലെ ഔദ്യോഗികജീവിതത്തിലും മനുഷ്യര്‍ക്ക് സ്വകാര്യത ആവശ്യമാണ്. സഹപ്രവര്‍ത്തകരെക്കുറിച്ചുള്ള ഔദ്യോഗികമോ അല്ലാത്തതോ ആയ എല്ലാ വിവരങ്ങളും അതേപടി പങ്കാളിക്ക് കൈമാറുന്നത് ഉചിതമല്ല, വിവേകവുമല്ല. സ്‌നേഹവിശ്വാസങ്ങളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് ചിലപ്പോള്‍ ഏറ്റവും നിസ്സാരമെന്നുതോന്നിക്കുന്ന സംഭവംപോലും എതിരായി ഉപയോഗിക്കപ്പെട്ടേക്കാം.
ഒറ്റ ഉദാഹരണം പറയാം. ഒരിക്കല്‍ ഒരു വെറും വര്‍ത്തമാനത്തിനിടയില്‍ കോളേജില്‍നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തുപോയ കാര്യം ഞാന്‍ ഭര്‍ത്താവിനോട് പറഞ്ഞു. ഏഴുപേരുണ്ടായിരുന്നു ഞങ്ങള്‍, രണ്ട് ഓട്ടോകളിലായാണ് പോയത്, നാലും മൂന്നുമായാണ് കയറിയത്, അതൊരു ബാര്‍ഹോട്ടലായിരുന്നു, ഭക്ഷണശേഷം മൂന്നുപേര്‍ വാല്യുവേഷന്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന മറ്റൊരു കോളേജിലേക്ക് പോയി, ഞങ്ങള്‍ നാലുപേര്‍ ഒരു ഓട്ടോയില്‍ത്തന്നെ അധികച്ചാര്‍ജ് കൊടുത്താണെങ്കിലും തിരിച്ചുവന്നു- ഇത്രയും കാര്യങ്ങളില്‍ അസ്വാഭാവികമായി യാതൊന്നുമില്ല. പറഞ്ഞശേഷം അത്തരമൊരു സംഭവം ഞാന്‍തന്നെ മറന്നു.
ഒന്നരവര്‍ഷത്തിനുശേഷം എനിക്കെതിരേ വന്ന മാരകമായ ഒരാരോപണം അതായിരുന്നു! മൂന്ന് പുരുഷന്മാര്‍ക്കൊപ്പം ഒരു ഓട്ടോറിക്ഷയില്‍ പോയി, ബാര്‍ഹോട്ടലില്‍ ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചു, തിരിച്ചും വന്നു, ബാര്‍ഹോട്ടലാണോ, ചെല്ലുന്നവര്‍ മദ്യപിച്ചിരിക്കും! മദ്യപിച്ച മൂന്ന് പുരുഷന്മാര്‍ക്കൊപ്പം ഒരു ഓട്ടോയില്‍ തിങ്ങിഞെരുങ്ങിയിരിക്കുമ്പോള്‍ അവര്‍ക്ക് എന്തെല്ലാം തോന്നിയിരിക്കാം? ഭക്ഷണം കാന്റീനില്‍നിന്ന് കഴിക്കാമായിരുന്നല്ലോ? മര്യാദയുള്ള സ്ത്രീകള്‍ ഇങ്ങനെ പോവാറില്ല. അതുകൊണ്ട് ഞാന്‍ ഇവരുമായൊക്കെ അവിഹിതബന്ധത്തിലാണ് എന്ന് ഊഹിക്കാം! എത്ര ബാലിശമാണെന്ന് കേള്‍ക്കുമ്പോള്‍ തോന്നും. പക്ഷേ, അക്കാലത്തുനടന്ന പലയിനം വിചാരണാപഞ്ചായത്തുകളില്‍ ഇക്കാര്യത്തില്‍ ഞാന്‍ ചെയ്തത് തെറ്റാണ് എന്നുവാദിച്ച പലരുമുണ്ടായിരുന്നു.
സ്‌നേഹമുള്ള ഭര്‍ത്താവിന് അതൊന്നും സഹിക്കില്ല. ഭര്‍ത്താവ് അടിച്ചുപരിക്കേല്പിച്ചാലും ''ഞാന്‍ അനുസരണക്കേട് കാണിച്ചതിനാലാണ് ഏട്ടന്‍ അടിച്ചത്, ആശുപത്രിയില്‍ കൊണ്ടുപോയി. മാപ്പും ചോദിച്ചു. എന്റെ ഭാഗത്താണ് തെറ്റ്'', എന്ന് ഏറ്റുപറയുന്ന സ്ത്രീകള്‍ പുതിയ തലമുറയിലുമുണ്ടല്ലോ. അത്തരക്കാര്‍ക്ക് ഒരുപക്ഷേ, ഇതേ അഭിപ്രായംതന്നെയാവും ഇക്കാര്യത്തില്‍ പറയാനുണ്ടാവുക. പക്ഷേ, മനുഷ്യാന്തസ്സിനെ വിലമതിക്കുന്നവര്‍ക്ക് മറിച്ചാവും അഭിപ്രായം.
സഹജീവിതത്തില്‍ എല്ലാം പങ്കുവയ്ക്കുകയും തുറന്നുപറയുകയും വേണമെന്ന് പറയുമ്പോഴും അതിലും വിവേചനബുദ്ധിയുണ്ടായിരിക്കേണ്ടത് പ്രധാനമാണ്. സ്‌നേഹത്തിന്റെ പേരുംപറഞ്ഞ് തുറന്ന പുസ്തകമാകാന്‍ ശ്രമിച്ച ഭൂരിപക്ഷംപേരും അതിന് വലിയ വില കൊടുത്തിട്ടുണ്ട്. ആവര്‍ത്തിക്കുന്നു, നിങ്ങളെ സ്‌നേഹിക്കുക എന്നതിന് നിങ്ങളുടെ ആത്മാഭിമാനത്തിന് പരിക്കേല്പിക്കാതിരിക്കുക എന്നതാണ് പ്രാഥമികമായ അര്‍ഥം.
Content Highlights: rajasree about indian marriages