രണ്ടാനമ്മ സോണി റസ്ദാനുമായുള്ള ബന്ധം ഫോർമാലിറ്റിയെന്ന് രാഹുൽ ഭട്ട്, ‘ആലിയയേക്കാൾ മികച്ചത് പൂജ തന്നെ’

മഹേഷ് ഭട്ട്, പൂജാ ഭട്ട്, സോണി റസ്ദാൻ | PTI
മഹേഷ് ഭട്ട്, പൂജാ ഭട്ട്, സോണി റസ്ദാൻ | PTI

സംവിധായകൻ മഹേഷ് ഭട്ടിന് ആദ്യ ഭാര്യ കിരൺ കപൂറി(ലോറെയ്ൻ ബ്രൈറ്റ്)ലുള്ള മക്കളാണ് നടി പൂജാ ഭട്ടും മുൻ ബിഗ് ബോസ് മത്സരാർഥി രാഹുൽ ഭട്ടും. തന്റെ കുടുംബജീവിതത്തെക്കുറിച്ചും അർധ സഹോദരിമാരായ ആലിയ ഭട്ട്, ഷഹീൻ ഭട്ട്, ആലിയയുടെ ഭർത്താവ് രൺബീർ കപൂർ എന്നിവരുമായുള്ള ബന്ധത്തെക്കുറിച്ചും അടുത്തിടെ അദ്ദേഹം മനസ്സുതുറന്നു.

സിദ്ധാർഥ് കണ്ണനുമായുള്ള അഭിമുഖത്തിൽ രൺബീർ കപൂറിനെ കണ്ടിട്ടുണ്ടോ എന്നായിരുന്നു ഒരു ചോദ്യം. "ഞാൻ രൺബീറിനെ 5-6 തവണ കണ്ടിട്ടുണ്ട്. സിക്കന്ദർ ഖേറിന്റെ പാർട്ടിയിൽ വെച്ച് രണ്ടുതവണ കണ്ടു, അന്ന് രൺബീർ ചെറുപ്പമായിരുന്നു. വളരെ കൂളായ, ആദരവുള്ള വ്യക്തിയാണദ്ദേഹം. 'അനിമൽ' സിനിമയിൽ ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് അദ്ദേഹം എന്നോട് ചോദിച്ചിരുന്നു."-രാഹുൽ പറഞ്ഞു.

"ഞങ്ങൾ തമ്മിൽ നല്ല സൗഹൃദ ബന്ധമാണുള്ളത്. ഞാനവരെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. ഷഹീൻ ഇപ്പോൾ സെറ്റിൽഡായതിൽ സന്തോഷമുണ്ട്. ആലിയ ഭാഗ്യവതിയാണ്. അവളെയോർത്ത് സന്തോഷം. അവരെന്റെ ഇളയ സഹോദരിമാരാണ്, എന്നെ 'സണ്ണി ബണ്ണി' എന്നാണ് വിളിക്കുന്നത്." രണ്ടാനമ്മ സോണി റസ്ദാൻ നല്ലവളും സ്നേഹമുള്ളവളുമാണെന്നും രാഹുൽ അഭിപ്രായപ്പെട്ടു. "എങ്കിലും, ആ ബന്ധം ഒരു ചടങ്ങ് മാത്രമാണെന്ന് എനിക്ക് തോന്നുന്നു. അവരെന്നെ വിളിക്കാറുണ്ട്, പക്ഷേ അതെല്ലാം ഒരു ചടങ്ങ് മാത്രമാണ്" അദ്ദേഹം പറഞ്ഞു. വിശേഷവേളകളിലാണ് കുടുംബം കൂടുതലും കണ്ടുമുട്ടുന്നതെന്നും രാഹുൽ പറഞ്ഞു.

"ഞങ്ങൾ അച്ഛന്റെ ജന്മദിനത്തിലും ക്രിസ്മസിനും ദീപാവലിക്കുമാണ് കണ്ടുമുട്ടുന്നത്. ഞാനവിടെയുണ്ടെന്ന് അവർക്കറിയാം. അവരോട് കൂടുതൽ അടുപ്പമുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു. അവരെന്നെ ബഹുമാനിക്കുന്നു, ഷഹീൻ തീർച്ചയായും എന്നെ കൂടുതൽ ബഹുമാനിക്കുന്നു, ആലിയയ്ക്ക് താരപ്പൊലിമയുണ്ട്. അവൾ വ്യത്യസ്തയാണ്, ഒരാളതിനെ ബഹുമാനിക്കണം. കുടുംബത്തിൽ എനിക്കേറ്റവും പ്രധാനപ്പെട്ട ബന്ധം സ്വന്തം സഹോദരി പൂജയുമായുള്ളതാണ്" അദ്ദേഹം കൂട്ടിച്ചേർത്തു.

പൂജ ഭട്ട് ആലിയയേക്കാൾ മികച്ചതാണെന്ന് രാഹുൽ ഭട്ട് മുൻപ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. "പൂജയും ആലിയയും രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിൽ ജനിച്ചവരാണ്. ആലിയയ്ക്ക് നല്ല, വൈവിധ്യമാർന്ന സിനിമകളുണ്ട്. പൂജയ്ക്ക് കൂടുതൽ വ്യക്തിത്വമുണ്ടായിരുന്നു, അവൾ വസ്ത്രം ധരിക്കുന്ന രീതി മുതൽ. അതാണ് എന്റെ വിശ്വാസം, എന്റെ വ്യക്തിപരമായ അഭിപ്രായം. നിങ്ങൾ താരതമ്യം ചെയ്യുകയാണെങ്കിൽ, സഹോദരങ്ങളിൽ വെച്ച് അവളേറ്റവും ബുദ്ധിയും കഴിവുമുള്ളവളാണ്."-രാഹുൽ ആവർത്തിച്ചു.

ആലിയ വിജയിച്ചിട്ടുണ്ട്, ഒന്നോ രണ്ടോ തവണയല്ല, അവളുടെ സിനിമാ തിരഞ്ഞെടുപ്പ് സ്ഥിരമായി മികച്ചതായിരുന്നു. അവൾക്ക് കഴിവുണ്ട്, പബ്ലിക് റിലേഷൻസുണ്ട്, എങ്ങനെ സൃഷ്ടിക്കണമെന്ന് അവൾക്കറിയാം. ഞാൻ പറയാനുദ്ദേശിക്കുന്നത്, ആലിയയുമായി താരതമ്യം ചെയ്യുമ്പോൾ പൂജ കൂടുതൽ കഴിവുള്ളവളാണ്. അവൾക്ക് കൂടുതൽ ഭംഗിയുണ്ടായിരുന്നു, വ്യക്തിത്വമുണ്ടായിരുന്നു, നന്നായി സംസാരിച്ചിരുന്നു, അറിവുണ്ടായിരുന്നു. പക്ഷേ, അതൊരു വ്യത്യസ്ത കാലഘട്ടമായിരുന്നു-രാഹുൽ വിശദീകരിച്ചു. 1970-ലാണ് മഹേഷ് ഭട്ട് കിരണിനെ വിവാഹം ചെയ്യുന്നത്. പിന്നീട് വേർപിരിഞ്ഞു. 1986-ൽ സോണി റസ്ദാനെ വിവാഹം കഴിച്ചു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Rahul Bhatt shared his interactions with brother-in-law Ranbir Kapoor, who asked him about handling weapons for Animal., He discussed his civil dynamics with half-sisters Alia and Shaheen Bhatt, and stepmother Soni Razdan., Rahul clarified his past comparison between Pooja Bhatt and Alia Bhatt, praising their respective eras.