'ഞാൻ തെറ്റിദ്ധരിക്കപ്പെട്ടു'; വിവാഹനിശ്ചയം, വിവാഹം റദ്ദാക്കൽ, പിന്നാലെ ഒരുമിച്ച് ആകൃതിയും പൃഥ്വിയും

കുറച്ചുനാളുകളായി ക്രിക്കറ്റ് താരം പൃഥ്വി ഷായും നടിയും മോഡലുമായ ആകൃതി അഗർവാളും തമ്മിലുള്ള ബന്ധം ചർച്ചയാവാൻ തുടങ്ങിയിട്ട്. വിവാഹനിശ്ചയം കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ അത് റദ്ദാക്കിയതായി ഇരുവരും അറിയിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും ഒന്നിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വ്യത്യസ്തമായ ലക്ഷ്യങ്ങളും സാഹചര്യങ്ങളും കാരണം പരസ്പര സമ്മതത്തോടെ വേർപിരിയാൻ തീരുമാനിച്ചതായി ആകൃതി നേരത്തെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരുന്നു. എന്നാൽ, അഭിപ്രായവ്യത്യാസങ്ങൾ ചർച്ച ചെയ്ത് പരിഹരിച്ചെന്നും ബന്ധത്തിന് മറ്റൊരു അവസരം കൂടി നൽകാൻ തീരുമാനിച്ചെന്നും ആകൃതി ഇപ്പോൾ വെളിപ്പെടുത്തി.
ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ആകൃതി ഇക്കാര്യം വെളിപ്പെടുത്തിയത്. താനും പൃഥ്വിയും വീണ്ടും ഒന്നിച്ചെന്ന കാര്യം സ്ഥിരീകരിച്ചുകൊണ്ട് ആകൃതി ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ചു. ആ പോസ്റ്റിൽ ഇങ്ങനെ കുറിച്ചിരുന്നു, ''ഞങ്ങളെക്കാൾ നന്നായി ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് അറിയാമെന്ന് തോന്നിയിരുന്ന അടുത്ത ആളുകളുടെ അഭിപ്രായങ്ങൾ, ഞങ്ങളുടെ ബന്ധത്തെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാടിനെ സ്വാധീനിക്കാൻ ഞാൻ അനുവദിച്ചു. അങ്ങനെയാണ് വിവാഹം റദ്ദാക്കിയത്. എനിക്ക് തെറ്റായ ഉപദേശമാണ് ലഭിച്ചതെന്നും, ഞങ്ങൾക്ക് അർഹമായ രീതിയിലുള്ള ആത്മാർത്ഥമായ ഒരു സംഭാഷണം നടത്താതെയാണ് ഞാൻ ആ തീരുമാനമെടുത്തതെന്നും എനിക്ക് തോന്നുന്നു''.
ആ തീരുമാനത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ആകൃതി തുറന്നുപറഞ്ഞു. ''അതുമൂലമുണ്ടായ വേദനയ്ക്കും ഞാൻ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. അതിനുശേഷം ഞങ്ങൾ തുറന്നു സംസാരിക്കുകയും പരസ്പരം മനസ്സിലാക്കുകയും വീണ്ടും ഒന്നിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഞങ്ങൾ രണ്ടുപേരും പരസ്പരം ധാരാളമാണ്; ഞങ്ങൾക്ക് മറ്റാരെയും ആവശ്യമില്ല. ഇത്തവണ, ഞങ്ങളുടെ പരസ്പര ധാരണയും വിശ്വാസവും സ്‌നേഹവും അടിസ്ഥാനമാക്കിയാകണം ഞങ്ങളുടെ ഭാവി എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ പുതിയൊരു തുടക്കത്തിനൊരുങ്ങുമ്പോൾ, ഞങ്ങളുടെ ഈ തീരുമാനത്തെ ദയവായി മാനിക്കുക''.
2026 മാർച്ചിലാണ് തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞതായി പൃഥ്വിയും ആകൃതിയും അറിയിക്കുന്നത്. രണ്ടുമാസങ്ങൾക്കപ്പുറമാണ് ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നത്.
ആകൃതി ഇൻസ്റ്റഗ്രാമിൽ തുടർച്ചയായി പോസ്റ്റുകൾ പങ്കുവെക്കുകയും ചെയ്തിരുന്നു. ''ഞാൻ പലതവണ വഞ്ചിക്കപ്പെട്ടു, എന്നിട്ടും ഞാനൊന്നും മിണ്ടിയില്ല. ഒരു ചുവട് മുന്നോട്ട് വെച്ചതിന് ശേഷവും... എനിക്കിത് വിശ്വസിക്കാനാവുന്നില്ല'', എന്നാണ് ഒരു പോസ്റ്റിൽ കുറിച്ചത്. മറ്റൊരു പോസ്റ്റിൽ, ''എല്ലാം സത്യമാണ്, എല്ലാ അഭ്യൂഹങ്ങളും സത്യമാണ്. സോഷ്യൽ മീഡിയയിൽ അവനെക്കുറിച്ച് നിങ്ങൾ കാണുന്നതെല്ലാം'' എന്നും അവർ കുറിച്ചു. പുറകെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളെല്ലാം അവർ ഇൻസ്റ്റഗ്രാമിൽനിന്ന് ഡിലീറ്റ് ചെയ്തു. എന്നാൽ പോസ്റ്റുകളൊന്നും പൃഥ്വിയെക്കുറിച്ചല്ലെന്നും ആകൃതി പറഞ്ഞിരുന്നു. അതിനെല്ലാം അവസാനം തങ്ങൾ പിരിഞ്ഞെന്ന് പറഞ്ഞ് അവർ രംഗത്തെത്തുകയും ചെയ്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Akriti Agarwal confirmed reuniting with cricketer Prithvi Shaw., The couple had previously called off their engagement announced in March 2026 due to misunderstandings and outside influence., Akriti took full responsibility for the hasty decision and stated they are ready for a fresh start.