'ബോളിവുഡിലെ 90 ശതമാനം വിവാഹബന്ധങ്ങളും വെറും മുഖംമൂടിയാണ്'

താരങ്ങളായ സ്മിത പാട്ടീലിന്റെയും രാജ് ബബ്ബാറിന്റെയും മകനാണ് നടൻ കൂടിയായ പ്രതീക് ബബ്ബാർ. പ്രതീക് ജനിച്ച് രണ്ടാഴ്ച കഴിയുമ്പോഴാണ് തന്റെ കുഞ്ഞിനെ തനിച്ചാക്കി, സ്മിത എന്നെന്നേക്കുമായി യാത്രയാവുന്നത്. കടുത്ത പനിയും മറ്റു ചില ആരോഗ്യപ്രശ്‌നങ്ങളുമായിരുന്നു മരണകാരണം.
അതിനുശേഷം സ്മിതയുടെ കുടുംബമാണ് പ്രതീകിനെ വളർത്തിയതെല്ലാം. അതുകൊണ്ടുതന്നെ അച്ഛനുമായി വലിയ അടുപ്പമില്ലായിരുന്നു പ്രതീകിന്. ''അച്ഛൻ മറ്റേ കുടുംബവുമായി തിരക്കിലായിരുന്നു'', എന്നാണ് പ്രതീക് പറഞ്ഞിരുന്നത്. രാജ് ബബ്ബാറിന്റെ രണ്ടാം ഭാര്യയായിരുന്നു സ്മിത. ആദ്യഭാര്യ നടി കൂടിയായ നാദിറ ബബ്ബാറും. ഇടയ്ക്കുവെച്ച് പ്രതീകും പിതാവും തമ്മിലുള്ള ബന്ധം നന്നായെങ്കിലും, കുറച്ചുനാൾ കഴിഞ്ഞപ്പോൾ വീണ്ടുമത് മോശമായി. 2025-ൽ തന്റെ പേര് ഔദ്യോഗികമായി മാറ്റുകയാണെന്ന് പ്രതീക് അറിയിച്ചു. ഇനിമുതൽ തന്റെ പേര് പ്രതീക് സ്മിത പാട്ടീൽ എന്നായിരിക്കുമെന്നും. തന്റെ ജീവിതത്തിൽ അച്ഛന്റെ അസാന്നിധ്യം എന്നുമുണ്ടായിരുന്നുവെന്നും അതാണ് പേരുമാറ്റലിന് കാരണമെന്നുമാണ് പ്രതീക് പറഞ്ഞത്.
2025-ലാണ് പ്രതീക് രണ്ടാമതും വിവാഹിതനായത്. നടിയായ പ്രിയ ബാനർജിയാണ് ഭാര്യ. വിവാഹത്തിനും തന്റെ പിതാവിനെയോ അർദ്ധസഹോദരങ്ങളെയോ പ്രതീക് ക്ഷണിച്ചിരുന്നില്ല. അതിന്റെ പേരിൽ അദ്ദേഹം നിരന്തരം ട്രോളുകൾക്ക് വിധേയനാവുകയും ചെയ്തു. അതിനെക്കുറിച്ചെല്ലാം സംസാരിക്കുകയാണ് പ്രതീക് ഇപ്പോൾ.
''ആളുകൾക്ക് സത്യം അറിയില്ല. ഇൻഡസ്ട്രിയിലെ ചിലർക്ക് സത്യം അറിയാം, ചിലർക്ക് അറിയില്ല, പൊതുജനങ്ങൾക്കും...'' മിസ് മാലിനിയുമായുള്ള അഭിമുഖത്തിൽ പ്രതീക് പറഞ്ഞു. ''എന്നാൽ ഒരു ദിവസം എല്ലാവർക്കും സത്യം മനസ്സിലാകും. ഒരു കഥയിലൂടെയോ, ഒരു പുസ്തകത്തിലൂടെയോ, ഒരു അഭിമുഖത്തിലൂടെയോ, ഒരു സിനിമയിലൂടെയോ''. ആ അനുഭവങ്ങളെല്ലാം തന്നെ കൂടുതൽ ശക്തനാക്കിയെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
പ്രതീകിനൊപ്പം ഭാര്യ പ്രിയയും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. വിവാഹവ്യവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിന് പ്രിയ നൽകിയ ഉത്തരമിങ്ങനെ, ''ബോളിവുഡ് വിവാഹങ്ങളിൽ 90 ശതമാനവും ഒരു മുഖംമൂടിയാണ്, ഞാൻ ഇവിടെയാണ് എന്നതിനാൽ എനിക്കത് അറിയാം'', ആ അഭിപ്രായത്തിനോട് പ്രതീകും യോജിച്ചു.
സിക്കന്ദർ, ഹിറ്റ്: ദ തേർഡ് കേസ് എന്നിവയാണ് പ്രതീകിന്റേതായി അവസാനമിറങ്ങിയ ചിത്രങ്ങൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actor Prateik Babbar and wife priya banerjee discuss Bollywood`s facade, his strained relationship with father Raj Babbar, and his name change