'ഇത് ലൗ ജിഹാദല്ല, വിവാഹത്തിനായി ഞങ്ങൾ മതംമാറിയിട്ടുമില്ല'; മൊണാലിസയും ഫർമാനും

ഇക്കഴിഞ്ഞ ദിവസമാണ് കുംഭമേളയിലെ വൈറൽ പെൺകുട്ടി (Maha Kumbh Mela Viral Girl) മൊണാലിസ ഭോസ്ലെയും ഫർമാൻ ഖാനും വിവാഹിതരായത്. തങ്ങൾക്ക് ഒരുമിച്ച് ജീവിക്കണമെന്ന ആവശ്യവുമായി തമ്പാനൂർ പോലീസ് സ്‌റ്റേഷനിലെത്തിയതായിരുന്നു ഇരുവരും. തങ്ങൾ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനാഗ്രഹമുണ്ടെന്നും മൊണാലിസയും ഫർമാനും വെളിപ്പെടുത്തി. എന്നാൽ തന്റെ അച്ഛൻ സമ്മതിക്കുന്നില്ലെന്നും മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുകയാണെന്നും മൊണാലിസ പറഞ്ഞു. പൂവാറിൽ നടക്കുന്ന സിനിമാ ഷൂട്ടിങ്ങിനിടെയാണ് സംരക്ഷണം തേടി പോലീസ് സ്‌റ്റേഷനിലെത്തിയത്.
ഇവരുടെ പരാതിയിൽ മൊണാലിസയുടെ പിതാവിനെ പോലീസ് വിളിച്ചുവരുത്തി. തനിക്ക് ഫർമാനൊപ്പം താമസിക്കാനാണ് താത്പര്യമെന്ന് മൊണാലിസ തുറന്നുപറഞ്ഞു. അതോടെ വിവാഹത്തിലേക്കുള്ള വഴിതുറന്നു. ഒടുവിൽ തിരുവനന്തപുരത്തെ അരുമാനൂർ ക്ഷേത്രത്തിലെ ശ്രീനാരായണഗുരുവിന്റെ പ്രതിഷ്ഠയ്ക്ക് മുന്നിൽവെച്ചായിരുന്നു വിവാഹം. മന്ത്രി വി.ശിവൻകുട്ടി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എന്നിവർ ഉൾപ്പെടെ വിവാഹത്തിൽ പങ്കെടുത്തു.
അതിനിടെ ഇവരുടെ വിവാഹം 'ലൗ ജിഹാദ്' (Love Jihad) എന്ന തരത്തിലുള്ള പ്രചരണങ്ങളുമുണ്ടായി. ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ ഇരുവരും അത് തള്ളിക്കളഞ്ഞു. തങ്ങൾ മതംമാറിയിട്ടില്ലെന്നും അവർ പറഞ്ഞു. ''എന്നെ മറ്റൊരു വിവാഹം കഴിപ്പിക്കാനാണ് മാതാപിതാക്കൾ ശ്രമിച്ചത്. എനിക്ക് ഫർമാനെ വിവാഹം കഴിക്കാനായിരുന്നു താത്പര്യം'', മൊണാലിസ പറഞ്ഞു. തന്റെ പിതാവും കേരളത്തിലുണ്ടെന്നും എന്നാൽ ഈ തീരുമാനത്തിൽ അസ്വസ്ഥനായതിനാൽ വിവാഹത്തിൽ പങ്കെടുത്തില്ലെന്നും മൊണാലിസ പറഞ്ഞു. ''ഇപ്പോൾ അദ്ദേഹം ദേഷ്യത്തിലാണ്. കുറച്ചുദിവസം കഴിഞ്ഞ് അദ്ദേഹത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തും''.
വിവാഹത്തിനായി മതപരിവർത്തനം നടത്തിയെന്ന ചില വടക്കേ ഇന്ത്യൻ മാധ്യമങ്ങളിൽ വന്ന വാർത്തകൾ ഫർമാൻ തള്ളിക്കളഞ്ഞു. ''ഞങ്ങൾ രണ്ടുപേരും മതം മാറിയിട്ടില്ല. അവൾ ഹിന്ദുവായി തുടരുന്നു, ഞാൻ മുസ്ലീമായി തുടരുന്നു. പ്രണയത്തിൽ, മതപരിവർത്തനം ആവശ്യമില്ല,'' അദ്ദേഹം പറഞ്ഞു. മൊണാലിസയുടെ ആഗ്രഹങ്ങൾക്കനുസരിച്ചാണ് ഒരു ക്ഷേത്രത്തിൽവെച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം നടത്തിയതെന്നും ദമ്പതികൾ പറഞ്ഞു. ''മൊണാലിസ ആഗ്രഹിച്ച രീതിയിൽ വിവാഹം കഴിക്കാൻ ഞാനും സമ്മതിച്ചു. അവളുടെ സന്തോഷമാണ് ഞാനാഗ്രഹിക്കുന്നത്. ഞങ്ങൾ എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്നു''.
ഉത്തർപ്രദേശ് സ്വദേശിയായ ഫർമാനും മധ്യപ്രദേശിൽനിന്നുള്ള മൊണാലിസയും കേരളത്തിൽ ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് പരിചയപ്പെടുന്നത്. അത് പ്രണയമാവുകയും ചെയ്തു. ആറുമാസമായി തങ്ങൾ പ്രണയത്തിലാണെന്നും ഇരുവരും വെളിപ്പെടുത്തി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Monalisa Bhosle and Farman confirm their marriage was not a result of religious conversion. The couple explicitly rejected 'Love Jihad' allegations circulating on social media.