ജൂലായ് 5-നാണ് നടൻ ആമിർ ഖാനും പ്രണയിനി ഗൗരി സ്പ്രാറ്റും വിവാഹിതരായത്. ഇരുവരുടെയും വളരെയടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 60-ാം വയസ്സിലെ ആമിറിന്റെ വിവാഹം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മാത്രമല്ല, അദ്ദേഹത്തിന്റേത് മൂന്നാം വിവാഹവും. ഇതൊക്കെയാണ് വിവാഹം വിവാദമാകാൻ കാരണമായത്. അതിനുപിന്നാലെ ആമിർ 'ലവ് ജിഹാദി'ന്റെ അംബാസഡർ ആണെന്ന രീതിയിലുള്ള ചർച്ചകളും നടന്നു. ഗൗരിയും ആമിറിന്റെ മുൻഭാര്യമാരായ റീന ദത്തയും കിരൺ റാവുവും ഹിന്ദുക്കളാണെന്നതായിരുന്നു ഇത്തരമൊരു ആരോപണമുണ്ടാകാൻ കാരണമായത്. മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയും ആമിറിനെ പരസ്യമായി 'ലവ് ജിഹാദിന്റെ അംബാസഡർ' എന്ന് വിളിച്ചിരുന്നു.

ഇപ്പോഴിതാ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ് ആമിർ. മതപരിവർത്തനം തന്റെയോ കുടുംബാംഗങ്ങളുടെയോ ബന്ധത്തിൽ ഒരിക്കലുമൊരു ഘടകമായിരുന്നില്ലെന്നും അദ്ദേഹം വിശദമാക്കുന്നു. റെഡ്ഡിഫുമായുള്ള (Rediff) അഭിമുഖത്തിലാണ് ആമിർ ഇതെല്ലാം തുറന്നുപറഞ്ഞത്. തന്റെ മൂന്നുവിവാഹങ്ങളും രജിസ്റ്റർ മാര്യേജ് ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പങ്കാളികളിലാരും തന്നെ മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടുമില്ല. തന്റെ കുടുംബം എല്ലായ്പ്പോഴും വ്യത്യസ്ത വിശ്വാസങ്ങളെ ബഹുമാനിച്ചിരുന്നുവെന്നും മതപരമായ ചടങ്ങുകൾക്ക് പകരം സിവിൽ വിവാഹങ്ങളാണ് തിരഞ്ഞെടുത്തിരുന്നതെന്നുമുള്ള വസ്തുതയെ അവഗണിച്ചാണ് ഇത്തരം ആരോപണങ്ങളെന്നും ആമിർ പറയുന്നു. അതിനുദാഹരണമായി തന്റെ കുടുംബത്തിലെ പല വിവാഹങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.

''സത്യം എന്തെന്നാൽ, ഞങ്ങളുടേത് എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു കുടുംബമാണ്. എന്റെ രണ്ട് സഹോദരിമാരും ഹിന്ദുക്കളെയാണ് വിവാഹം കഴിച്ചിരിക്കുന്നത്; എന്റെ മകളും ഒരു ഹിന്ദുവിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. എന്റെ കസിൻ മൻസൂർ ഒരു ക്രിസ്ത്യാനിയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്'', ആമിറിന്റെ വാക്കുകൾ.

''ഗൗരിയോ കിരണോ റീനയോ മതം മാറിയിട്ടില്ല, കാരണം ഞങ്ങൾ രജിസ്റ്റർ വിവാഹങ്ങളാണ് നടത്തിയത്. ഗൗരി ഹിന്ദുവല്ല; അവർ ക്രിസ്ത്യാനിയാണ്. ക്രിസ്ത്യൻകുടുംബത്തിൽ ജനിച്ചുവെന്ന് മാത്രം. കാലം കഴിയുന്തോറും ജീവിതം കൂടുതൽ തമാശയായിക്കൊണ്ടിരിക്കുകയാണ്''.

റീത്ത ദത്തയെ ആമിർ വിവാഹം കഴിക്കുന്നത് 1986-ലാണ്. 16 വർഷത്തിനുശേഷം വിവാഹമോചിതരായി. കിരൺ റാവുവുമായുള്ള വിവാഹം 2005-ലായിരുന്നു. അതും 16 വർഷത്തിനുശേഷം വിവാഹമോചനത്തിൽ കലാശിച്ചു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi