‘ശരിയായ സമയം എപ്പോൾ വരുമെന്ന് പറയാനാകില്ല, എല്ലാം പരസ്യമായി അറിയിക്കും’

നടി കൃതി സനോണിന്റെ അനിയത്തി, നൂപുർ സനോണിന്റെയും ഗായകൻ സ്റ്റെബിൻ ബെന്നിന്റെയും വിവാഹനിശ്ചയ വാർത്തയാണ് ഇപ്പോൾ ബോളിവുഡിൽ തരംഗമാകുന്നത്. ശനിയാഴ്ച തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് നൂപുർ ഈ സന്തോഷവാർത്ത പങ്കുവെച്ചത്. മുട്ടുകുത്തി നിന്നാണ് സ്റ്റെബിൻ നൂപുറിനെ പ്രപ്പോസ് ചെയ്തത്. ഫ്‌ളോറൽ ഡ്രസ്സിൽ അതീവ സുന്ദരിയായി നൂപുർ എത്തിയപ്പോൾ നീല നിറത്തിലുള്ള സ്യൂട്ടാണ് സ്റ്റെബിൻ ധരിച്ചിരുന്നത്.
2023 മുതൽ ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ഇവർ ഔദ്യോഗികമായി ഇത് സ്ഥിരീകരിക്കുന്നത്.
മുമ്പ് 'ഹിന്ദുസ്ഥാൻ ടൈംസിന്' നൽകിയ ഒരു അഭിമുഖത്തിൽ, നുപുറുമായുള്ള പ്രണയവാർത്തകളെ സ്റ്റെബിൻ നിഷേധിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു: 'ഞാൻ ഇതുവരെ ഒന്നും ഔദ്യോഗികമായി അറിയിച്ചിട്ടില്ല, അതുകൊണ്ട് തന്നെ ഞാൻ ഇപ്പോഴും സിംഗിൾ ആണ്, ജീവിതം ആസ്വദിക്കുകയുമാണ്. ശരിയായ സമയം എപ്പോൾ വരുമെന്ന് പറയാനാകില്ല, അത് വരുമ്പോൾ ഞാൻ എല്ലാം പരസ്യമായി അറിയിക്കും.'
'ഇതൊക്കെ സ്വാഭാവികമാണ്, ഈ മേഖലയിൽ ആളുകൾക്ക് നിങ്ങളെക്കുറിച്ച് സംസാരിക്കാൻ വിഷയങ്ങൾ വേണം. അതുകൊണ്ട് ഞാൻ ഇതിനെ ഗൗരവമായി എടുക്കുന്നില്ല. എന്നെക്കുറിച്ചുള്ള സംസാരങ്ങൾ പോസിറ്റീവ് ആയിരിക്കുന്നിടത്തോളം എനിക്ക് കുഴപ്പമില്ല, അത് എന്റെ പ്രതിച്ഛായയെ ബാധിക്കുന്നില്ലല്ലോ. നൂപുർ എന്റെ പ്രിയ സുഹൃത്താണ്, അതുകൊണ്ട് തന്നെ ഇത്തരം ഗോസിപ്പുകൾക്ക് പിന്നാലെ പോയി വിശദീകരണം നൽകാൻ ഞാൻ ശ്രമിക്കാറില്ല' എന്നും അദ്ദേഹം പറഞ്ഞിരുന്നു.
വിവാഹനിശ്ചയം കഴിഞ്ഞതോടെ ആരാധകർ അടുത്തതായി കാത്തിരിക്കുന്നത് ഇവരുടെ കല്യാണത്തിനാണ്. ജനുവരി 11-ന് വിവാഹം നടക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
നൂപുറിന്റെ വിരലിലെ മോതിരമാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. സാധാരണ വജ്ര മോതിരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു 'മാർക്വിസ് കട്ട്' വജ്രമാണ് ഇത്. മോതിരത്തിന് നടുവിലെ വലിയ വജ്രത്തിന് ഇരുവശത്തുമായി രണ്ട് ചെറിയ വജ്രങ്ങൾ കൂടി പതിപ്പിച്ചിട്ടുണ്ട്. ഏകദേശം എട്ട് ലക്ഷം രൂപയ്ക്ക് മുകളിലാണ് ഈ മോതിരത്തിന്റെ വിലയെന്ന് 'ഹോട്ടർഫ്‌ളൈ' റിപ്പോർട്ട് ചെയ്യുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actress Kriti Sanon`s sister, Nupur Sanon, is engaged to singer Stebin Ben. A romantic proposal and a stunning diamond ring mark their official announcement. Explore the details!