'ശ്വാസംമുട്ടിച്ച ബന്ധങ്ങളിൽനിന്ന് പുറത്തുകടന്നു; ഈ ഗുണമുള്ള ആളെയേ വിവാഹം കഴിക്കൂ'

മലയാളത്തിനുപുറമെ തമിഴ്, തെലുഗു, കന്നഡ, ഹിന്ദി സിനിമകളിലും സജീവമാണ് നടി നിത്യ മേനോൻ. തമിഴിൽ തലൈവൻ തലൈവി, ഇഡലി കടൈ എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി റിലീസായിട്ടുള്ളത്. ഇനി പുറത്തിറങ്ങാനുള്ളത് 'മിസ്റ്റർ ആന്റ് മിസിസ് ഗ്രേ' എന്ന ഹിന്ദിചിത്രമാണ്. വിവേക് ഒബ്‌റോയ് ആണ് ചിത്രത്തിൽ നായകൻ. ഡിസംബറിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബന്ധങ്ങളെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്.

തനിക്ക് നിയന്ത്രണങ്ങളായി അനുഭവപ്പെടുന്ന ബന്ധങ്ങളിൽ നിന്ന് പിന്മാറിയതിനെക്കുറിച്ചാണ് താരം അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ സംസാരിച്ചത്. താൻ വിവാഹത്തിന് എതിരാണെന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ടെങ്കിലും, താൻ വിവാഹത്തിന് എതിരല്ലെന്നും അവർ വ്യക്തമാക്കി. വെറും വിവാഹത്തിന് വേണ്ടിയുള്ള വിവാഹമല്ല, മറിച്ച് തനിക്ക് അനുയോജ്യനായ ഒരാളെയാണ് താൻ അന്വേഷിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.

പോഡ്കാസ്റ്റിൽ സംസാരിക്കവെ, തന്നെ ശ്വാസംമുട്ടിക്കുന്ന ബന്ധങ്ങളിൽ നിന്ന് പുറത്തുകടക്കുക എന്നത് പ്രയാസകരമായിരുന്നെങ്കിലും താൻ അതിന് തയ്യാറായിട്ടുണ്ടെന്ന് നിത്യ പറഞ്ഞു. ഇത് വെറും ഭയം കൊണ്ടാണോ എന്ന് ചോദിച്ചപ്പോൾ, അതൊരു തിരിച്ചറിവാണെന്നായിരുന്നു അവരുടെ മറുപടി. ''പ്രത്യേകിച്ചും ബന്ധങ്ങളിൽ, ഒരാളുടെ ആത്മാവിനെ അടിച്ചമർത്തുന്ന സാഹചര്യം ഉണ്ടാകുമ്പോൾ, അവിടെ നിന്ന് പിന്മാറുക എന്നത് പ്രയാസകരമാണ്. എങ്കിലും ഞാൻ എപ്പോഴും പിന്മാറാനാണ് തീരുമാനിച്ചത്. അത്തരം ബന്ധങ്ങളിലെ വ്യക്തിയുടെ സ്വാധീനം എങ്ങനെയാണെന്ന് വെച്ചാൽ, എനിക്ക് വളരാനോ ശ്വസിക്കാനോ കഴിയാത്ത അവസ്ഥയായിരിക്കും. മറ്റൊരാളെ ശ്വസിക്കാൻ പോലും അനുവദിക്കാത്ത തരത്തിലുള്ള ആളുകൾ ധാരാളമുണ്ട്. ഇതൊരു തിരിച്ചറിവാണ്, ഭയമല്ല'', താരം പറഞ്ഞു.

അത്തരം ബന്ധങ്ങളിൽ നിന്ന് പിന്മാറുക എന്ന തീരുമാനം എളുപ്പമായിരുന്നില്ലെന്ന് നിത്യ പറഞ്ഞു. എന്നാൽ അങ്ങനെ ചെയ്തത് തനിക്ക് വലിയ ആശ്വാസം നൽകിയെന്നും അവർ കൂട്ടിച്ചേർത്തു. ''ഒരു വലിയ ഭാരം ഇറക്കിവെച്ചതുപോലെയോ, അല്ലെങ്കിൽ ഒരു പുതിയ ലോകം മുന്നിൽ തുറന്നുവന്നതുപോലെയോ അനുഭവപ്പെടുന്നു. ശ്വാസം നേരെ വീണതുപോലെ തോന്നുന്നു. അതൊരു നല്ല കാര്യമാണ്. അതുകൊണ്ട്, വിവാഹിതയല്ല എന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ഞാൻ വിവാഹത്തിന് എതിരാണെന്നോ അല്ലെങ്കിൽ എനിക്ക് വിവാഹം വേണ്ടെന്നോ ആണ് പലരും തെറ്റിദ്ധരിക്കുന്നത്. അങ്ങനെയല്ല. എനിക്ക് വിവാഹം വേണ്ടെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. എനിക്ക് വിവാഹം വേണം. പക്ഷേ, എനിക്ക് എന്താണ് വേണ്ടതെന്ന് എനിക്കറിയാം. അത് വെറുമൊരു വിവാഹമല്ല; എനിക്ക് വേണ്ടത് ശരിയായ ഒരു ബന്ധമാണ്. അതുകൊണ്ട്, വെറുതെ ഒരു വിവാഹത്തിന് ഞാൻ തയ്യാറല്ല. എനിക്ക് സ്വാതന്ത്ര്യം നൽകുന്ന ഒരാളല്ലെങ്കിൽ, പിന്നെ വിവാഹവുമില്ല'', എന്ന് താരം വ്യക്തമാക്കി.

തന്റെ മുൻകാല ബന്ധങ്ങളിലെ അനുഭവത്തെക്കുറിച്ച് വിവരിക്കുമ്പോൾ, കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് താൻ 'ഒതുക്കപ്പെടുകയും, തടയപ്പെടുകയും, ചുരുക്കപ്പെടുകയും' ചെയ്തതായി നിത്യ പറഞ്ഞു. അത്തരം ബന്ധങ്ങളിൽ തനിക്ക് 'ചെറിയവളും ദുർബലയുമാണെന്ന' തോന്നലുണ്ടായെന്നും അവർ വ്യക്തമാക്കി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Nithya Menen discussed walking away from suffocating and controlling relationships., She clarified that she is not against marriage but seeks the right partner who offers freedom., Her upcoming Hindi film is 'Mr and Mrs Grey' alongside Vivek Oberoi, slated for a December release., She emphasized personal growth and the importance of not suppressing one's soul in a relationship.