നന്മയ്ക്ക് അമ്മയെഴുതിയ കത്തുകള്‍

അശ്വിനിയും മകളും
അശ്വിനിയും മകളും

1879 ജൂലായ് 1. വിക്ടോറിയാ രാജ്ഞിയുടെ ചിത്രം പതിപ്പിച്ച നരച്ച നിറമുള്ള പോസ്റ്റ്കാര്‍ഡുകള്‍ ഇന്ത്യയില്‍ എത്തിയ ദിവസം. കാല്‍ അണ വിലയുള്ള ആ പോസ്റ്റ് കാര്‍ഡുകള്‍ പിന്നെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിനിമയ മാധ്യമമായി. പ്രവിശ്യകളുടെ അതിര്‍ത്തികള്‍ കടന്ന് വിഭജനത്തിന്റെയും കലാപങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും പ്രണയത്തിന്റെയും വിശപ്പിന്റെയും നോവുകളും അവയ്ക്കിടയില്‍ വീണുകിട്ടിയ ആനന്ദങ്ങളും പോസ്റ്റ്കാര്‍ഡുകളിലൂടെ പങ്കിട്ടുതുടങ്ങി.

നാളുകള്‍ക്കിപ്പുറം ആശയവിനിമയത്തിന്റെ സാധ്യതകള്‍ ഏറെ മുന്നോട്ടുപോയി. കത്തുകള്‍ക്കായി കാത്തുകാത്തിരുന്നവര്‍ കൈക്കുമ്പിളിലൊതുങ്ങുന്ന കുഞ്ഞന്‍ മൊബൈലില്‍ ഒറ്റ ക്ലിക്കില്‍ സന്തോഷങ്ങളും സന്തോഷങ്ങളും തുറന്നെടുത്തു തുടങ്ങി. ഈ മാറ്റത്തിലും കത്തുകളെ കത്തുകള്‍ പങ്കിടുന്ന സ്‌നേഹത്തുറസുകളെ ചിലരെങ്കിലും ചേര്‍ത്തുപിടിക്കുന്നു. അക്കൂട്ടത്തില്‍ ഒരാളാണ് കാര്യവട്ടം ക്യാമ്പസ് ബയോ ഇന്‍ഫര്‍മാറ്റിക്‌സ്  വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അശ്വിനി ജയചന്ദ്രന്‍.

വരികളിലൂടെ മകളിലേക്ക്

  • പെട്ടെന്നൊന്നും നമുക്ക് നമ്മളെ മാറ്റാന്‍ സാധിക്കില്ല. പക്ഷേ, ഒഴുക്കിനൊപ്പം പോകാതെ ഒരു കച്ചിത്തുരുമ്പ് കിട്ടിയാല്‍ അത് പിടിച്ച് നന്നാവാന്‍ ശ്രമിക്കണം. അത്രയൊക്കെ നമ്മളെക്കൊണ്ട് പറ്റും...
  • നിന്റെ ഇഷ്ടം, സ്വപ്‌നം, ചോയ്‌സ് എല്ലാം നിന്റേത് മാത്രമാണ്. അത് എന്റെ ഇഷ്ടങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും വേണ്ടി മാറ്റേണ്ടതില്ല.
  • ആമസോണ്‍ കാട്ടില്‍ എത്തിപ്പെട്ടാലും താര്‍ മരുഭൂമിയില്‍ എത്തിയാലും ഹിമാലയ സാനുക്കളില്‍ അലഞ്ഞുനടക്കാന്‍ തീരുമാനിച്ചാലും നിന്റെ ഉള്ളിലെ നിന്നെ തിരിച്ചറിഞ്ഞ് മുന്നോട്ടുപോകുക.
  • മറ്റുള്ളവരുടെ അഭിരുചിക്കനുസരിച്ച് നമ്മള്‍ ഒന്നുംതന്നെ തിരഞ്ഞെടുക്കേണ്ടതില്ല. അഭിപ്രായം കേള്‍ക്കാം. പക്ഷേ, ഫൈനല്‍ ഡിസിഷന്‍ നമ്മുടേതായിരിക്കണം...

അശ്വിനി പലതാളുകളില്‍ എഴുതി നിറച്ച എണ്ണമറ്റ കത്തുകളിലെ ചില വരികളാണ്. ഒരമ്മ മകള്‍ക്കെഴുതിയ കത്തുകള്‍ കൂടിയാണ് അത്. ഒമ്പതു വയസ്സുകാരിയായ മകള്‍ക്കായി അശ്വിനി എഴുതിയ കത്തുകള്‍. മകളുടെ പേര് നന്മ.  ജെന്റില്‍ പേരന്റിങ് രീതികള്‍ പിന്തുടരുന്ന, അടിച്ചും ശകാരവാക്കുകള്‍ കൊണ്ടും കുട്ടിയെ തിരുത്താന്‍ ഒരുങ്ങിത്തിരിക്കില്ല എന്ന് ഉറപ്പിച്ച അമ്മ എന്ന നിലയില്‍ അശ്വിനിയ്ക്ക് ഈ കത്തുകള്‍ മകള്‍ക്ക് നല്‍കാനുള്ള പാഠപുസ്തകങ്ങള്‍ കൂടിയാണ്. 

അശ്വിനി പറഞ്ഞുതുടങ്ങി: കോവിഡ് കാലത്താണ് ഞാന്‍ കത്തുകള്‍ എഴുതിത്തുടങ്ങുന്നത്. അന്ന് ഈ ശീലം എത്ര കാലം തുടരും എന്നൊന്നും അറിയില്ലായിരുന്നു. പിന്നെ ട്രാക്കിലേക്ക് കയറി. എന്റെ അനുഭവങ്ങള്‍ മകള്‍ക്ക പാഠങ്ങള്‍ കൂടിയാണെന്ന് തിരിച്ചറിഞ്ഞു. ലോകത്തെല്ലായിടത്തും സ്ത്രീകളുടെ അനുഭവങ്ങള്‍ സമാനമാണ്. തുറന്നു സംസാരിക്കുമ്പോള്‍ സ്ത്രീകള്‍ക്കിടയില്‍ പാരസ്പര്യം അനുഭവപ്പെടുന്നതിന്റെ കാരണവും അതുതന്നെയാണ്. ജീവിതം സമ്മാനിച്ച ചില തിരിച്ചറിവുകള്‍ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ മകള്‍ക്ക് പ്രയോജനപ്പെട്ടേക്കുമെന്ന് കരുതി. അത് ചില മുന്നറിയിപ്പുകള്‍ കൂടിയാണ്. മുന്നില്‍ നടക്കുന്നവര്‍ പിന്നാലേ വരുന്നവരുമായി കണ്ടുതീര്‍ത്ത കാഴ്ചകള്‍ പങ്കിടാറില്ലേ. ഈ കത്തുകളും അങ്ങനെ ചില പങ്കിടലുകളാണ്.

അശ്വിനി എഴുതിയ കത്തുകളിലൊന്ന്‌

മകള്‍ക്കുള്ള സമ്മാനം

നന്മയ്ക്ക് പതിനെട്ടു വയസ്സാകുമ്പോഴേക്കും കത്തുകള്‍ ഒരു പുസ്തകമാക്കി അവള്‍ക്ക് സമ്മാനിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. അതുവരെ ഇതേപ്പറ്റി അവള്‍ അറിയരുതെന്നുണ്ടായിരുന്നു. കത്തെഴുതിത്തുടങ്ങുന്നകാലത്ത് നന്മ ചെറിയ കുട്ടിയാണ്. എഴുതാനും വായിക്കാനും പഠിച്ചുതുടങ്ങുന്ന പ്രായം. പക്ഷേ, അവള്‍ വായിക്കാന്‍ പഠിച്ചതോടെ സസ്‌പെന്‍സ് പൊളിഞ്ഞു. ഞാനെഴുതുമ്പോള്‍ കൂടെ വന്നിരുന്ന് അവള്‍ വായിച്ചു തുടങ്ങി. പിന്നെ എന്റെ കത്തെഴുത്ത് ഒളിച്ചിരുന്നായി. ഇടയ്ക്ക് അവളെന്നോട് കത്തിലെ കാര്യങ്ങളെ പറ്റി പറഞ്ഞുകൊടുക്കാന്‍ പറയും. ഇപ്പോള്‍ അതൊക്ക മനസ്സിലാക്കാനുള്ള പക്വത അവള്‍ക്ക് ഉണ്ടോ എന്നറിയില്ല. പക്ഷേ, മുതിരുമ്പോള്‍ തീര്‍ച്ചയായും മനസ്സിലാവും. നാളെ അവള്‍ എങ്ങനെ ജീവിക്കണം എന്നൊരു സങ്കല്പം എനിക്കുണ്ട്. അതൊരിക്കലും അവളിലേക്ക് അടിച്ചേല്പിക്കില്ല. അവളില്‍ ഞാനാഗ്രഹിക്കുന്ന ആ ജീവിതം സ്വയം ജീവിക്കാനാണ് അമ്മ എന്ന നിലയില്‍ ഞാന്‍ ശ്രമിക്കുന്നത്. 

ഭാരമില്ലാത്ത പാഠപുസ്തകങ്ങള്‍

കുട്ടികളെ അടിച്ചും തല്ലിയും മര്യാദ പഠിപ്പിക്കുന്നതിനോട് തീരെ താല്‍പര്യം ഇല്ലാത്ത അമ്മയാണ് ഞാന്‍. അവര്‍ക്ക് പ്രായത്തിന്റേതായ വികൃതിയും അച്ചടക്കമില്ലായ്മയും ഒക്കെയുണ്ടാകും. അത് പലപ്പോഴും മുതിര്‍ന്നവരുടെ സൈ്വര്യം കെടുത്തുകയും ചെയ്യും. പക്ഷേ, തല്ലിവളര്‍ത്തല്‍ കുട്ടികള്‍ക്ക് നേര്‍വഴി കാട്ടാന്‍ ഉപകരിക്കില്ല. ക്ഷമയാണ് ഏറ്റവും നല്ല മാര്‍ഗം. നന്മയെ ഒപ്പം കൂട്ടി  യാത്രകള്‍ ചെയ്യാറുണ്ട് ഞാന്‍. പുതിയ കാഴ്ചകള്‍, പലതരം ജീവിതങ്ങള്‍ അതില്‍ നിന്നൊക്കെയും ഒന്നും പറഞ്ഞു കൊടുക്കാതെ തന്നെ അവള്‍ക്ക് പഠിക്കാന്‍ ഏറെയുണ്ട്.

അശ്വിനിയും മകളും

മഹത്വവത്കരിക്കുന്നതെന്തിന് അമ്മയെ?

അമ്മ എന്ന പദം മഹത്വവത്കരിക്കപ്പെടുന്ന കാലഘട്ടമാണ് ഇതും. ഒരു കൈയില്‍ ചൂലും മറ്റേ കൈയില്‍ ലാപ്‌ടോപ്പും ഒക്കെയായി പല പടങ്ങളും നമ്മള്‍ കാണാറുണ്ട്. അത് അമ്മയല്ല. സമൂഹം അമ്മയ്ക്ക് കൊടുക്കുന്ന പരിവേഷമാണ്. ദേഷ്യവും സങ്കടവും ആഗ്രഹങ്ങളും ഒക്കെ ഉള്ള സാധാരണ വ്യക്തിയാണ് അമ്മ. അല്ലാതെ ക്ഷമയുടെ മൊത്തവിപണിയുമായി ഭൂമിയില്‍ വന്നതൊന്നുമല്ല. എല്ലാവര്‍ക്കും ഉള്ളപോലെ അവര്‍ക്കും ഉണ്ട് സ്വപ്‌നങ്ങള്‍. സ്ത്രീ ഒരു യാത്ര പോകുമ്പോള്‍ പോലും എത്ര ചോദ്യങ്ങളെയാണ് നേരിടേണ്ടി വരുന്നത്. നമ്മുടെ ഇഷ്ടങ്ങള്‍ കുഞ്ഞുങ്ങളോട് പങ്കിടുക. ആഗ്രഹങ്ങള്‍ അവരെ ധരിപ്പിക്കുക. അമ്മയും ഒരു വ്യക്തിയാണ് എന്ന് കുഞ്ഞുങ്ങള്‍ക്ക് തോന്നുംവിധം ജീവിക്കണം.

ജീവന്റെ അംശമായി കുറേ നാള്‍ ഉള്ളില്‍ കഴിഞ്ഞു. അതിനു ശേഷം ഈ ഭൂമിയിലേക്ക് അവരെ എത്തിച്ചു എന്നതിനപ്പുറം കുഞ്ഞുങ്ങള്‍ സ്വന്തമല്ല എന്ന തിരിച്ചറിവ് ഓരോ വ്യക്തിക്കും വേണം. കുഞ്ഞുങ്ങളെയും വ്യക്തിയായി കണ്ട് ബഹുമാനിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയും ചെയ്യണം. അവരെ സുഹൃത്തിനെ പോലെ കൂടെക്കൂട്ടണം. ആശയവിനിമയം നടത്തണം. ലോകത്ത് നടക്കുന്ന സംഭവ വികാസങ്ങള്‍, വായിക്കുന്ന പുസ്തകങ്ങള്‍, യാത്രകള്‍, പിന്നെ ഈ ജീവിതം തന്നെയും എനിക്ക് നല്‍കിയ അനുഭവങ്ങളൊക്കെയാണ് ഈ കത്തുകളിലൂടെ നന്മയ്ക്കായി ഞാന്‍ കരുതി വച്ചത്. എന്നെ തേടിയെത്തുന്ന തിരിച്ചറിവുകള്‍ ഞാന്‍ ഇനിയും പകര്‍ത്തിവെക്കും. അനുഭവങ്ങളേക്കാള്‍ വലിയ പാഠശാല മറ്റേതാണ്... ഈ കത്തുകള്‍ നന്മയ്ക്കുള്ള പാഠപുസ്തകങ്ങളായി ഒരുനാള്‍ ഞാനവള്‍ക്ക് സമ്മാനിക്കും.  

Content Highlights: mother who writes letters to her daughter