ഭാര്യയ്ക്ക് തന്നേക്കാൾ 26 വയസ്സ് കുറവ്; അതിന്റെ പേരിൽ ട്രോളുകൾ നേരിട്ടുവെന്ന് മിലിന്ദ് സോമൻ

നടനും നിർമാതാവും മോഡലുമാണ് മിലിന്ദ് സോമൻ (Milind Soman). ഒരുകാലത്ത് ഫാഷൻ പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട മോഡൽ. സ്‌കോട്ട്‌ലൻഡിലാണ് അദ്ദേഹം ജനിച്ചത്. മിലിന്ദിന് ഏഴുവയസ്സുള്ളപ്പോഴാണ് കുടുംബം മുംബൈയിലേക്ക് മാറുന്നത്. ഗായിക അലിഷ ചിനായ്‌യുടെ 'മെയ്ഡ് ഇൻ ഇന്ത്യ' (Made in India) എന്ന മ്യൂസിക് ആൽബത്തിലൂടെയാണ് അദ്ദേഹം ജനപ്രീതിയാർജിക്കുന്നത്. അതിനുശേഷം ഒട്ടേറെ പരസ്യചിത്രങ്ങളിലും സിനിമകളിലും അഭിനയിച്ചു. കരിയറിനൊപ്പം തന്നെ മിലിന്ദിന്റെ സ്വകാര്യജീവിതവും ഏറെ ചർച്ചയാവാറുണ്ട്.
1995-ൽ, മിലിന്ദ് സോമനും അദ്ദേഹത്തിന്റെ അന്നത്തെ കാമുകിയും മോഡലുമായ മധു സാപ്രെയും ഒരു ഷൂസിന്റെ പരസ്യത്തിൽ നഗ്നരായി പോസ് ചെയ്തത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി. ഷൂസ് മാത്രം ധരിച്ച്, ഒരു പെരുമ്പാമ്പിനെ ദേഹത്തുചുറ്റിയാണ് അവർ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടത്. അതിനെതിരെ പോലീസ് കേസുമുണ്ടായി. വന്യജീവി സംരക്ഷണനിയമപ്രകാരവും കേസ് ഫയൽ ചെയ്തു. 2006-ൽ 'വാലി ഓഫ് ഫ്‌ളവേഴ്‌സ്' എന്ന സിനിമയുടെ സെറ്റിൽവെച്ച് പരിചയപ്പെട്ട മിലേൻ ജാപനോ എന്ന ഫ്രഞ്ച് നടിയെയാണ് മിലിന്ദ് ആദ്യം വിവാഹം കഴിച്ചത്. ആ സിനിമയുടെ സെറ്റിൽവെച്ചുള്ള പരിചയം അധികം വൈകാതെ, പ്രണയത്തിലെത്തി. അതേവർഷം തന്നെ ഗോവയിലെ ഒരു റിസോർട്ടിൽവെച്ച് ഇരുവരും വിവാഹിതരായി. എന്നാൽ ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. 2008 മുതൽ ഇരുവരും വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങി. 2009-ൽ വിവാഹമോചനവും.
2018-ലാണ് അലിബാഗിൽവെച്ച് മിലിന്ദ് വീണ്ടും വിവാഹിതനാവുന്നത്. 52-കാരനായ മിലിന്ദ്, 26 വയസ്സുള്ള അങ്കിത കൊൻവറിനെയാണ് വിവാഹം കഴിച്ചത്. ആ പ്രായവ്യത്യാസം തങ്ങളുടെ ബന്ധത്തെ ബാധിച്ചില്ലെങ്കിലും, ഒട്ടേറെ ട്രോളുകൾ തങ്ങൾക്കുനേരെ ഉണ്ടായെന്ന് മിലിന്ദ് പറയുന്നു. ആ ട്രോളിങ്ങുകൾ അങ്കിതയെ വല്ലാതെ ബാധിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. സൂമിന് നൽകിയ അഭിമുഖത്തിലാണ് മിലിന്ദിന്റെ തുറന്നുപറച്ചിൽ.
അങ്കിതയുടെ അനുഭവം പരിമിതമായതിനാൽ, ട്രോളുകൾ അവളെ നന്നായി ബാധിച്ചുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാൽ ഇന്ന് ആളുകൾ തങ്ങളുടെ ബന്ധം അംഗീകരിച്ചുവെന്നും അദ്ദേഹം പറയുന്നു. ''ട്രോളുകൾ എന്നെ അലട്ടിയില്ല. അങ്കിതയുടെ അനുഭവപരിചയം പരിമിതമായതിനാൽ അത് അവളെ വേദനിപ്പിച്ചു. ഞങ്ങൾ അതിനെക്കുറിച്ച് ചർച്ച ചെയ്തു. ഞാൻ അവളോട് പറഞ്ഞു, 'അവർക്ക് നീ ആരാണെന്ന് അറിയില്ല, ഞാൻ ആരാണെന്ന് അറിയില്ല, അതിനാൽ അവർ എന്ത് പറഞ്ഞാലും അത് അവരുടെ അഭിപ്രായമാണ്'. അവൾക്കത് വളരെ വേഗത്തിൽ മനസ്സിലായി. അതിനുശേഷം, അവൾ അതിനെക്കുറിച്ച് വിഷമിച്ചില്ല, അത് ഞങ്ങളുടെ ബന്ധത്തിന്റെ അടുപ്പം കൊണ്ടാണെന്ന് ഞാൻ കരുതുന്നു. ഇന്ന്, ഞങ്ങളുടെ ബന്ധത്തിന് കൂടുതൽ അംഗീകാരമുണ്ട്. ഞങ്ങൾക്ക് അത് ആവശ്യമാണെന്നല്ല. അത് കാണുമ്പോഴും കേൾക്കുമ്പോഴും സന്തോഷമുണ്ട്''.
ജീവിതം കൂടുതൽ മനോഹരമാക്കിയതിനുള്ള എല്ലാ ക്രെഡിറ്റും മിലിന്ദ് ഭാര്യയ്ക്കാണ് നൽകുന്നത്. ''അവൾ അസമിൽനിന്നാണ്. ഞങ്ങൾ എല്ലാ തരത്തിലും വ്യത്യസ്തരാണ്. തലമുറകൾ തമ്മിലുള്ള വ്യത്യാസമുണ്ട് ഞങ്ങൾക്കിടയിൽ. എങ്കിലും പരസ്പരം കണ്ടെത്താനും നമ്മുടെ ചിന്തകളും വികാരങ്ങളും ആത്മാവും ലയിപ്പിക്കുന്ന ഒരിടം കണ്ടെത്താനും ഞങ്ങൾക്ക് കഴിഞ്ഞുവെന്നത് വളരെ സന്തോഷകരമാണ്.'' സിനിമയ്‌ക്കൊപ്പം തന്നെ വെബ്‌സീരീസുകളിലും സജീവമാണ് മിലിന്ദ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Milind Soman discusses the public backlash regarding his 26-year age difference with Ankita Konwar. The actor explains how Ankita coped with early trolling due to her lack of media experience.