വിവാഹവും ഗര്‍ഭവും പ്രസവവും നമുക്ക് ആഘോഷമാണ്, ലൈംഗികത അശ്ലീലവും

അങ്ങേയറ്റം പുരോഗമിച്ച ഒരു കാലത്താണ് നാം ജീവിക്കുന്നത് എന്നു തോന്നും. പക്ഷേ, ചില കാര്യങ്ങള്‍ മാറാതെ തന്നെ നില്‍ക്കുന്നു. സ്ത്രീയെ സംബന്ധിച്ചിടത്തോളം വിശേഷിച്ചും. വിവാഹം, ഗര്‍ഭം, പ്രസവം തുടങ്ങിയവയോടുള്ള പുതിയ തലമുറയുടെ കാഴ്ചപ്പാടുകള്‍ ഒരു പരിധി വരെ മാറിയിട്ടുണ്ട്. അതേസമയം തന്നെ അത് പരിഷ്‌കരിക്കപ്പെട്ട വിധത്തില്‍ അവരിലേക്കു തന്നെ തിരിച്ചെത്തുന്നുമുണ്ട്. ആര്‍ഭാട വിവാഹം വേണ്ട എന്നു തീരുമാനിക്കുന്ന പെണ്‍കുട്ടികളെക്കാള്‍ കൂടുതലുണ്ടാവും അത് താത്പര്യപ്പെടുന്ന പെണ്‍കുട്ടികള്‍. തന്റെ വിവാഹത്തിന് ഓരോ ദിവസവും വേണ്ട ചടങ്ങുകള്‍, അതിനുള്ള പ്രത്യേക വസ്ത്രാഭരണാദികള്‍, അലങ്കാരങ്ങള്‍, ഫോട്ടോഗ്രഫി, ഭക്ഷണം എന്നിവയെക്കുറിച്ചുള്ള വിശദമായ പദ്ധതി തയ്യാറാക്കി രക്ഷിതാക്കളെ ഏല്‍പ്പിച്ച പെണ്‍കുട്ടികളെ അറിയാം. അതിന്റെ പാതി ചെലവ് പോലും താങ്ങാനാവാത്ത രക്ഷിതാക്കളോട് ദീര്‍ഘകാലം പിണങ്ങി നിന്നവരുണ്ട്. ഗര്‍ഭകാലത്ത് വിശാലമായ ചടങ്ങുകള്‍ നടത്താത്തതിന്റെ പേരില്‍ വഴക്കിട്ടവരുണ്ട്. നവമാധ്യമങ്ങളില്‍ ഇത്തരം ചടങ്ങുകളുടെ വര്‍ണാഭമായ ഫോട്ടോകളും വീഡിയോകളും സുലഭമാണ്. വിവാഹം, ഗര്‍ഭം, പ്രസവം എന്നിവ സംബന്ധിച്ചുള്ള ചടങ്ങുകള്‍ സാമൂഹിക സ്വീകാര്യതയുടെ ഭാഗമായി അംഗീകരിക്കപ്പെട്ടവയാണ്. പക്ഷേ, അതിലെല്ലാം സ്ത്രീയ്ക്ക് മാത്രം ബാധകമായ മെരുക്കല്‍ പ്രക്രിയകളുടെ കൂടി അംശമുണ്ട് എന്നു കാണാം. ഈ മെരുക്കല്‍ പ്രക്രിയകളുടെ കാല്‍പ്പനികമായ ആവിഷ്‌കാരമായി വേണം ഇത്തരം ചടങ്ങുകളെയും അവയുടെ പുതുമ നിറഞ്ഞ ആവിഷ്‌കാരങ്ങളെയും കാണാന്‍. അത് പുതിയ മണവാട്ടിമാര്‍ക്ക് എത്രത്തോളം സാധിക്കുന്നുണ്ടെന്നതാണ് ചോദ്യം.
നാം പറഞ്ഞു നിര്‍ത്തിയത് തുടരാം. വിവാഹവും ഗര്‍ഭവും പ്രസവവും ആഘോഷവേളകളാണ്. എന്നാല്‍ വിവാഹത്തിനകത്തും പുറത്തുമുള്ള ലൈംഗികത അശ്ലീലവുമാണ്! അതൊരു വിഷയമാകുന്നത് പ്രതീക്ഷിത കാലയളവിനകത്തും കുട്ടി ജനിക്കാതിരിക്കുമ്പോഴാണ്. പങ്കാളികളില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന ചോദ്യം ആ സമയത്താണ് ഉന്നയിക്കപ്പെടുക. അതൊന്നും വാസ്തവത്തിലുള്ള പ്രശ്‌നത്തെ ചിലപ്പോള്‍ കാണുക പോലുമില്ല. നേരെ ഏതെങ്കിലും വന്ധ്യതാചികിത്സാകേന്ദ്രത്തിലേക്ക് ദമ്പതികളെ തള്ളിവിടുകയാവും അടുത്തപടി. ചുരുങ്ങിയ സമയം കൊണ്ടുതന്നെ അത്തരമൊരു നീക്കത്തിന് പങ്കാളികളും മാനസികമായി തയ്യാറാകും. അത്തരത്തിലുള്ള സമ്മര്‍ദമാണ് കുടുംബത്തിനകത്തും പുറത്തും നേരിടേണ്ടി വരിക. അത് സ്വാഭാവികമെന്നു കരുതാം. പലപ്പോഴും സ്ത്രീയുടെ തൊഴില്‍, തൊഴില്‍സ്ഥലം, തൊഴില്‍ പ്രാവീണ്യം - ഇതിനെയൊക്കെയും ബാധിക്കുന്ന വിധത്തില്‍ അത് വ്യാപിക്കാറുണ്ട്.
വിവാഹത്തിന്റെ പിറ്റേ മാസം തന്നെ ഗര്‍ഭിണിയാകും... അങ്ങനെയാണെങ്കില്‍ കുറച്ചു കാലം ശമ്പളമില്ലാത്ത അവധിയെടുക്കാം. പിന്നെ ഓണത്തിന് അവധി കിട്ടും. ശേഷം പ്രസവാവധി വരും. അതുകഴിയുമ്പോഴേക്കും ട്രാന്‍സ്ഫര്‍ കൊടുത്ത് ഭര്‍ത്താവിനൊപ്പം പോകാനായേക്കും... ഇതായിരുന്നു എന്റെ കാര്യത്തിലുണ്ടായ കണക്കുകൂട്ടല്‍. അത് ആദ്യമേ പിഴച്ചു കിട്ടി. അതോടെ അങ്കലാപ്പും തുടങ്ങി. ഓരോ മാസവും ആര്‍ത്തവമെത്തുമ്പോള്‍ സ്വന്തം ശരീരത്തെ ശത്രുവിനെപ്പോലെ കണക്കാക്കുന്നിടത്തേക്ക് കാര്യങ്ങളെത്തി. പുറമേ നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍, വസ്ത്രങ്ങളെടുക്കുമ്പോള്‍, ആഘോഷങ്ങള്‍ വരുമ്പോള്‍ അജ്ഞാതമായ ഭയം കൊണ്ടും സങ്കടം കൊണ്ടും ചൂളി. അതിന് കാരണവുമുണ്ടായിരുന്നു. ക്രമരഹിതമായ ആര്‍ത്തവത്തെ തുടര്‍ന്ന് ടീനേജില്‍ ഒരു സ്ത്രീരോഗ വിദഗ്ദ്ധയെ കാണേണ്ടി വന്നിരുന്നു. അതിന്റെ ചികിത്സയ്ക്കായി ഞാനും അമ്മയും വളരെ രഹസ്യമായാണ് ക്ലിനിക്കിലേക്ക് പോയിരുന്നത്. ഗൈനക്കോളജിസ്റ്റിനെ കാണാന്‍ ഗര്‍ഭിണികള്‍ മാത്രമേ പോവുകയുള്ളൂ എന്ന മിത്ത് നിലനില്‍ക്കുന്നതിനാല്‍ അവിടെ കാത്തിരിക്കുന്നവര്‍ക്കിടയില്‍ അമ്മയ്ക്ക് കൂട്ടുവന്നവളുടെ വേഷമായിരുന്നു എനിക്ക് പലപ്പോഴും. പേര് വിളിക്കുമ്പോള്‍ അങ്ങിങ്ങ് പുരികങ്ങള്‍ ചുളിയുന്നുണ്ടോ എന്ന് ഭയത്തോടെ നോക്കും. നീണ്ട കാലത്തെ ഒരു ചികിത്സയെക്കുറിച്ച് ചിന്തിക്കാനാവില്ലെന്ന് അമ്മ പറഞ്ഞു. ഭാവിയില്‍ കുട്ടികളുണ്ടാകാന്‍ താമസിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്‌തേക്കാം എന്ന സാധ്യത കേട്ടതോടെ ഞങ്ങള്‍ രണ്ടും വിഷാദത്തിലായി. എത്രയും വേഗം വിവാഹം നടത്തുകയാണ് പോംവഴി. അതുകഴിഞ്ഞ് ഭര്‍ത്താവിനൊപ്പം തന്നെ താമസിക്കുകയും വേണം എന്ന് ഡോക്ടര്‍ പറഞ്ഞതായി അമ്മ അച്ഛനെ അറിയിച്ചു.
പഠിച്ച് ജോലി കിട്ടാതെ അത്തരം യാതൊരു ഏര്‍പ്പാടുമില്ല. കുട്ടികള്‍ ഉണ്ടായില്ലെങ്കില്‍ വേണ്ട എന്ന് അന്നത്തെ നിലയ്ക്ക് ഭീകരമായ ഒരു തീരുമാനം അച്ഛന്‍ പ്രഖ്യാപിച്ചതോടെ ആ അദ്ധ്യായം അടഞ്ഞതാണ്. അന്നു മുതല്‍ ഞാന്‍ എന്റെ ശരീരത്തോടുള്ള യുദ്ധത്തിലായിരുന്നു എന്നതാണ് വാസ്തവം. അതിനെ വേണ്ടരീതിയില്‍ പരിചരിക്കാതെയും പട്ടിണിക്കിട്ടും ഞാന്‍ ഉപദ്രവിച്ചിട്ടുണ്ട്. എന്നിട്ടും കൗമാരത്തിന്റെയും യൗവ്വനത്തിന്റെയും ശക്തികൊണ്ട് അത് ചെറുത്തുനിന്നു, ഭംഗിയോടെയും ഓജസ്സോടെയും കാണപ്പെട്ടു. ഇന്ന് കാലം പിടിമുറുക്കുമ്പോള്‍ ആരോഗ്യം ക്ഷയിച്ച് പിടിച്ചു നില്‍ക്കാനാവാതെ അതെന്നെ ദീനമായി നോക്കുന്നത് എനിക്ക് കാണാം. അന്നു നല്‍കാത്ത സ്‌നേഹവും പരിചരണങ്ങളും കൊണ്ട് പ്രായശ്ചിത്തം ചെയ്യുന്നുണ്ടെങ്കിലും അതൊന്നും പഴയ സ്വയംപീഡനങ്ങള്‍ക്ക് ന്യായമല്ല. ആരോഗ്യവും സൗന്ദര്യവുമുള്ള ശരീരവും മനസ്സും സ്ത്രീയുടെ അവകാശവും സമ്പത്തുമാണ്. യാതൊന്നിനു വേണ്ടിയും അവയെ അപകടപ്പെടുത്തരുത്. ചെറുപ്പത്തേക്കാള്‍ ചുമതലകളും തിരക്കുകളും കൂടുന്നത് പിന്നീടാണ്. പക്ഷേ, നമുക്ക് നമ്മെ തിരിച്ചു കിട്ടുന്നതും പിന്നീടാണ്. അതിന് ശരീരത്തെയും മനസ്സിനെയും നിക്ഷേപമായി കാത്തു വച്ചേ മതിയാകൂ.
വിവാഹിതയായ ശേഷം ആദ്യത്തെ നാലു മാസത്തിനുള്ളിലും ഗര്‍ഭിണിയാവാതെ വന്നതോടെ സമസ്താപരാധവും ഞാന്‍ ഏറ്റെടുത്തു. നേരത്തെയുള്ള ചികിത്സാചരിത്രം ഭര്‍ത്താവിനോട് പറഞ്ഞത് നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചതുമില്ല. കുട്ടികളുണ്ടാകാന്‍ പ്രയാസമുണ്ടെന്ന് നേരത്തേ തന്നെ ഡോക്ടര്‍ പറഞ്ഞ ചരിത്രമുള്ള ഒരു നവവധുവിന്റെ തുടര്‍ന്നുള്ള ജീവിതം അത്ര അനായാസമല്ല. അതുകൊണ്ടാണ് സാധാരണഗതിയില്‍ കുഞ്ഞുങ്ങളുണ്ടാകട്ടെ എന്നു കാത്തുനില്‍ക്കേണ്ടതില്ലെന്ന തീരുമാനമുണ്ടായത്. ജോലിസ്ഥലങ്ങളുടെ ദൂരം കാരണം മാസത്തില്‍ രണ്ടു തവണ മാത്രം കഷ്ടിച്ച് നാലു ദിവസമാണ് ഞങ്ങള്‍ ഒന്നിച്ചു കഴിഞ്ഞിരുന്നത്. എന്നിട്ടും അഭ്യുദയകാംക്ഷികള്‍ ഞങ്ങള്‍ക്കു മുന്നില്‍ വിദഗ്ദ്ധ ചികിത്സകരുടെയും ആശുപത്രികളുടെയും പട്ടിക നിരത്തി. അങ്ങനെ വിവാഹത്തിന്റെ അഞ്ചാംമാസം വന്ധ്യതാ ചികിത്സയ്‌ക്കെത്തിയ ദമ്പതികളായി ഞങ്ങള്‍. ഒന്നിച്ചു ജീവിക്കാനും കുറച്ചു കാലം കാത്തിരിക്കാനും പറഞ്ഞ ഡോക്ടര്‍മാരെ മറക്കുന്നില്ല. പക്ഷേ, നേരത്തെ പറഞ്ഞ ചികിത്സാ ചരിത്രം അവര്‍ക്ക് അവഗണിക്കാനുമായില്ല. തനിക്ക് സന്താനോത്പാദനത്തിന് യാതൊരു പ്രശ്‌നവുമില്ല, മുണ്ടഴിച്ചു കുടഞ്ഞാല്‍ മതി എന്ന് ജീവിതപങ്കാളി പറഞ്ഞ തമാശയില്‍ പിടഞ്ഞുപോയതു കൊണ്ട് ചികിത്സയ്ക്ക് ശരീരത്തെ ഇട്ടു കൊടുത്തു. ദമ്പതികള്‍ തമ്മില്‍ കാണുന്ന ദിവസങ്ങളിലെ പ്രധാന ജോലി ഡോക്ടറെ കാണലായി. ലീവെടുക്കുന്നത് ഡോക്ടര്‍ പറയുന്ന ദിവസങ്ങളിലായി. ശാരീരികബന്ധവും അങ്ങനെ തന്നെ.
കലണ്ടര്‍, ടൈംടേബിള്‍, പരീക്ഷ, പ്രതീക്ഷ, നിരാശ എന്നിങ്ങനെയായിരുന്നു അക്കാലത്തെ ജീവിതം. വാസ്തവത്തില്‍ ശരീരത്തിന്റെ നൈസര്‍ഗികമായ ആനന്ദങ്ങള്‍ അവസാനിക്കുകയായി. രതി, സമ്പൂര്‍ണമായും ഒരു യാന്ത്രിക പ്രക്രിയയായി. ശരീരവും മനസ്സും അതിനെ സ്വീകരിക്കുന്ന പ്രകാരങ്ങള്‍ മാറി. കൃത്യമായ ഫലം കാത്തിരിക്കുന്ന പരീക്ഷണശാലകളാണ് ഇത്തരം ചികിത്സകളില്‍ സ്ത്രീ ശരീരം. ഒരു പക്ഷേ ആ സമയത്ത് അതാര്‍ക്കും മനസ്സിലായില്ലെന്നു വരും. മനസ്സിലാക്കുന്നവര്‍ പോലും പ്രയോഗിക്കപ്പെടുന്ന മരുന്നുകളുടെ പാര്‍ശ്വഫലത്തെക്കുറിച്ചാണ് ഉത്കണ്ഠപ്പെടുക. മനുഷ്യജീവി എന്ന നിലയില്‍ സ്ത്രീയില്‍ നിന്ന് എടുത്തു മാറ്റപ്പെടുന്ന സ്വാഭാവികതകളെക്കുറിച്ച് അവരും ചിന്തിച്ചെന്നു വരില്ല. ഏത് ആനന്ദവും സ്വീകരിക്കാന്‍ മിനിമം ആത്മവിശ്വാസം ആവശ്യമാണ്. പലപ്പോഴും സ്ത്രീകള്‍ക്ക് വന്ധ്യതാ ചികിത്സക്കാലത്ത് അത് നഷ്ടമായേക്കാം. ഡോക്ടറുടെ അടുത്ത് ചികിത്സയ്ക്കായി ചെന്ന ആദ്യ ദിവസത്തെ ഒരനുഭവമുണ്ട്. ഇരുപതു കിലോ കുറയാതെ കുട്ടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കണ്ട. ഇനി ഇവര്‍ക്കൊന്നും തിന്നാന്‍ കൊടുക്കരുത്. ദിവസം പത്തു കിലോമീറ്റര്‍ നടത്തണം. പൈപ്പും മിക്‌സിയും മാറ്റിവയ്ക്കണം തുടങ്ങിയ ഉപദേശങ്ങള്‍ കേട്ട് ഞാന്‍ അപകര്‍ഷതയുടെ നെല്ലിപ്പടിയില്‍ കണ്ണു നിറഞ്ഞിരിപ്പായിരുന്നു. ശേഷം ഡോക്ടര്‍ ഭര്‍ത്താവിനെ അടുത്തേക്കു വിളിച്ച് അദ്ദേഹത്തിന്റെ വൃഷണങ്ങള്‍ പരിശോധിച്ചു. അത് സ്വാഭാവികമായ പരിശോധനയായിരിക്കാം. പക്ഷേ, അപ്രതീക്ഷിതമായതിനാലാവാം അദ്ദേഹത്തിന്റെ മുഖം പ്രേതത്തെ കണ്ടതുപോലെയായി. നീയെന്തിനാണ് അങ്ങോട്ടു നോക്കിയത് എന്ന് പിന്നീട് മൂപ്പര് എന്നെ ശകാരിച്ചു. ഒരുപക്ഷേ, എന്റെ മുഖഭാവം അതിദയനീയമായിരുന്നിരിക്കാം. പങ്കാളിയുടെ സ്വകാര്യഭാഗത്തിന് സ്വകാര്യ നിമിഷങ്ങളിലുള്ള കാല്പനികതയല്ലല്ലോ കണ്‍സള്‍ട്ടിങ് റൂമിലുണ്ടായിരിക്കുക! എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും ഏറെ നേരം ഞങ്ങള്‍ പരസ്പരം സംസാരിച്ചില്ല എന്നോര്‍ക്കുന്നു.
സെമന്‍ ശേഖരിക്കാനായി കൂട്ടം കൂടി നിന്ന പുരുഷന്മാര്‍ക്കിടയില്‍ നിന്ന് അദ്ദേഹം നടന്നു വന്ന ഒരു കാഴ്ച കൂടി അതേ തീവ്രതയോടെ ഓര്‍മയുണ്ട്. അന്നും അദ്ദേഹം വല്ലാതെ ചെടിച്ചു പോയിരിക്കണം. പരസ്പരം കാണുന്നതില്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും വല്ലായ്മ തോന്നിയ ഒരു ദിവസമായിരുന്നു അത്. വീട്ടിലെത്തിയിട്ടും എന്തോ ഒരു അകല്‍ച്ച നിലനിന്നിരുന്നു. സത്യത്തില്‍ ഞങ്ങള്‍ തമ്മിലുള്ള ശാരീരികമായ ഇടപെടലുകളുടെ സൗന്ദര്യം തന്നെ ഇല്ലായ്മ ചെയ്യപ്പെട്ടിരുന്നിരിക്കാം. അതാവും പില്‍ക്കാലത്ത് ഞങ്ങളുടെ എല്ലാ പാരസ്പര്യങ്ങളെയും ബാധിച്ചിരിക്കുക. അതൊരു സാധ്യതയാണ്. അത് ഇത്തരം ഘട്ടങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍ പങ്കാളികള്‍ പ്രത്യേകമായി കരുതിയിരിക്കേണ്ടതാണ്. ശരീരങ്ങളെ കൂടുതല്‍ സ്‌നേഹിച്ചു കൊണ്ട് മനഃപൂര്‍വം പ്രതിരോധിക്കേണ്ടതാണ്. ശരീരം എക്കാലവും സ്‌നേഹത്തിന്റെ ശക്തമായ ഉപാധികളിലൊന്നാണ്; തിരിച്ചുമാണ്. ഈ സമയങ്ങളിലൂടെ കടന്നു പോയവരും പോകുന്നവരുമായ ദശലക്ഷം മനുഷ്യരെ ഇതെഴുതുമ്പോള്‍ എനിക്ക് കാണാനാവുന്നുണ്ട്. അവര്‍ക്കിത് അക്ഷരംപ്രതി മനസ്സിലാവും.
Content Highlights: marriage life of kerala womens in the period of sex and pregnancy