മൻസൂർ അലി ഖാൻ സിമി ഗരേവാളുമായി പ്രണയത്തിലായിരുന്നു

സിമി ഗരേവാൾ, മൻസൂർ അലി ഖാൻ പട്ടൗഡി,ഷർമിള ടാഗോർ/ PTI
സിമി ഗരേവാൾ, മൻസൂർ അലി ഖാൻ പട്ടൗഡി,ഷർമിള ടാഗോർ/ PTI

ശക്തമായ എതിർപ്പുകളെയും വധഭീഷണികളെയും അതിജീവിച്ചാണ് 1968-ൽ മുൻ ക്രിക്കറ്റ് താരം മൻസൂർ അലി ഖാൻ പട്ടൗഡിയും ഭാര്യയും നടിയുമായ ഷർമിള ടാഗോറും വിവാഹിതരായത്. എന്നാൽ ഷർമിളയുമായി പ്രണയത്തിലാകുന്നതിന് മുൻപ് മൻസൂർ അലി ഖാൻ നടി സിമി ഗരേവാളുമായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെക്കുറിച്ച് സിമി സംസാരിക്കുന്ന ചില പഴയ വീഡിയോകൾ ഇപ്പോൾ വീണ്ടും ചർച്ചയാകുകയാണ്.

ഷർമിള ടാഗോറും മൻസൂർ അലി ഖാനും വിവാഹിതരായി വർഷങ്ങൾക്ക് ശേഷം, സിമി ഗരെവാൾ അവതാരകയായി എത്തുന്ന 'റെൻഡെവൂ വിത്ത് സിമി ഗരെവാൾ' എന്ന ചാറ്റ് ഷോയിൽ അതിഥികളായി എത്തിയിരുന്നു. 

മൻസൂർ അലി ഖാൻ ഇന്ത്യയുടെ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന കാലത്താണ് സിമിയും പട്ടൗഡിയും ഡേറ്റ് ചെയ്തിരുന്നത്. സിമിയുടെ ഷൂട്ടിംഗ് സെറ്റുകളിൽ പട്ടൗഡി സ്ഥിരമായി എത്തുമായിരുന്നു.

താൻ ഷർമിള ടാഗോറിനെ കണ്ടുമുട്ടിയെന്നും അവരുമായി പ്രണയത്തിലാണെന്നും പട്ടൗഡി നേരിട്ട് ചെന്നാണ് സിമിയെ അറിയിച്ചതെന്നും ചില റിപ്പോർട്ടുകളിൽ പറയുന്നു. ഇത് കേട്ട സിമി വളരെ പക്വതയോടെയാണ് പ്രതികരിച്ചത്. പട്ടൗഡി യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ ലിഫ്റ്റ് വരെ പോയി അദ്ദേഹത്തെ യാത്രയാക്കാനും സിമി മറന്നില്ല. വിവാഹശേഷവും പട്ടൗഡിയിൽ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം കൂടുതൽ വിവേകശാലിയായി മാറിയെന്നും സിമി പറഞ്ഞിട്ടുണ്ട്..

1968-ലായിരുന്നു ഷർമിള ടാഗോറിന്റെയും മൻസൂർ അലി ഖാൻ്‌റെയും വിവാഹം. വിവാഹത്തിനും ഏറെ എതിർപ്പുകളുണ്ടായിരുന്നു. അതും അവർ പുഞ്ചിരിയോടെ തന്നെ നേരിട്ടു. ടൈഗറിനെ വിവാഹം കഴിക്കാനായി ഷർമിള മതംമാറി, അയേഷ എന്ന പേര് സ്വീകരിച്ചു. വിവാഹശേഷവും ഇരുവരും സിനിമയിൽ സജീവമായി. ഇവർക്ക് ബോളിവുഡ് നടൻ സൈഫ് അലി ഖാൻ, സബ അലി ഖാൻ, നടിയും എഴുത്തുകാരിയുമായ സോഹ അലി ഖാൻ എന്നിങ്ങനെ മൂന്ന് മക്കളുമുണ്ട്. ശ്വാസകോശ സംബന്ധമായ അണുബാധയെത്തുടർന്നായിരുന്നു, 2011-ൽ മൻസൂർ അലി ഖാൻ പട്ടൗഡി അന്തരിച്ചത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Explore the past romance between Mansoor Ali Khan Pataudi and Simi Garewal. Old videos resurface, shedding light on their relationship before his marriage to Sharmila Tagore.