‘ആഗ്രഹിച്ചതുപോലെ കാര്യങ്ങൾ നടന്നില്ല, ആ ബന്ധത്തിൽ ഞാൻ സന്തുഷ്ടയായിരുന്നില്ല’

മലൈക അറോറ/AFP
മലൈക അറോറ/AFP

നടി മലൈക അറോറയും അർബാസ് ഖാനും 1998-ലാണ് വിവാഹിതരായത്. 2016-ൽ ഇവർ ഔദ്യോഗികമായി വേർപിരിഞ്ഞു. ഇവർക്ക് അർഹാൻ എന്ന 22 വയസ്സുള്ള ഒരു മകനുണ്ട്. വളരെ ചെറിയ പ്രായത്തിൽ വിവാഹം കഴിച്ചതിനെക്കുറിച്ചും, വിവാഹമോചനം എന്ന തീരുമാനമെടുത്തപ്പോൾ കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നേരിടേണ്ടി വന്ന വിമർശനങ്ങളെക്കുറിച്ചും മലൈക മനസ്സ് തുറന്നു.

ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ, ആ കാലഘട്ടത്തിലെ തന്റെ ഓരോ തീരുമാനവും എങ്ങനെയാണ് ചോദ്യം ചെയ്യപ്പെട്ടതെന്ന് മലൈക വിവരിച്ചു. 'പൊതുജനങ്ങളിൽ നിന്ന് മാത്രമല്ല, എന്റെ സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും എനിക്ക് വലിയ രീതിയിലുള്ള വിവേചനവും എതിർപ്പും നേരിടേണ്ടി വന്നു. ആ സമയത്തെ എന്റെ എല്ലാ തീരുമാനങ്ങളും ചോദ്യം ചെയ്യപ്പെട്ടു,' തന്റെ സന്തോഷത്തിന് മുൻഗണന നൽകുന്നതും എടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതും എത്രത്തോളം പ്രധാനമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

പുരുഷന്മാർ ഇത്തരത്തിലുള്ള തീരുമാനങ്ങൾ എടുക്കുമ്പോൾ ആരും അവരെ ചോദ്യം ചെയ്യാറില്ലെന്ന് മലൈക ചൂണ്ടിക്കാട്ടി. 'അത്തരം കാര്യങ്ങളിൽ പുരുഷന്മാരെ ആരും കുറ്റപ്പെടുത്താറില്ല. നമ്മൾ ജീവിക്കുന്നത് ഒരു പുരുഷാധിപത്യ സമൂഹത്തിലാണ്. പുരുഷന്മാരുടെ ചില തീരുമാനങ്ങളിൽ ഒരിക്കലും ആരും വിരൽ ചൂണ്ടില്ല. നിർഭാഗ്യവശാൽ, സ്ത്രീകൾ ദിവസവും ഇതിന്റെ ഭാരം ചുമക്കേണ്ടി വരുന്നു. ഒരു സ്ത്രീ സാധാരണ രീതികളിൽ നിന്ന് മാറി ചിന്തിച്ചാൽ അവൾ മോശക്കാരിയായി മാറുന്നു. ഉടൻ തന്നെ അവൾക്കെതിരെ സംസാരങ്ങളും കുറ്റപ്പെടുത്തലുകളും തുടങ്ങുന്നു.

തന്റെ വിവാഹജീവിതം എന്നും നിലനിൽക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ ആഗ്രഹിച്ചതുപോലെ കാര്യങ്ങൾ നടന്നില്ലെന്നും മലൈക മുൻപ് പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. 'വിവാഹജീവിതം വിജയകരമാക്കാൻ പല സാഹചര്യങ്ങളിലും നമ്മൾ പരിശ്രമിക്കാറുണ്ട്. എന്നാൽ ഇത് ഇനി മുന്നോട്ട് പോകില്ല എന്ന് തിരിച്ചറിയുന്ന ഒരു ഘട്ടമെത്തും. മറ്റാരെയെങ്കിലും സന്തോഷിപ്പിക്കുന്നതിന് മുൻപ് എനിക്ക് സന്തോഷം കണ്ടെത്തേണ്ടതുണ്ടായിരുന്നു, കാരണം ആ ബന്ധത്തിൽ ഞാൻ സന്തുഷ്ടയായിരുന്നില്ല,' മലൈക വ്യക്തമാക്കി.

2018 മുതൽ നടൻ അർജുൻ കപൂറുമായി പ്രണയത്തിലായിരുന്ന മലൈക, 2024-ൽ ആ ബന്ധവും അവസാനിപ്പിച്ചു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Malaika Arora opens up about her early marriage, divorce criticisms, and societal double standards. Discover her journey to happiness.