'ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ മഹേഷും ഞാനും ഒരുകാര്യം തീരുമാനിച്ചു'– ലാറ ദത്ത

ഒരാൾ ടെന്നീസിനെ കീഴടക്കിയ താരം, മറ്റേയാളാണെങ്കിൽ മിസ് യൂണിവേഴ്‌സ് കിരീടം ചൂടിയ നടിയും. മഹേഷ് ഭൂപതി- ലാറ ദത്ത ദമ്പതികളെ ഇങ്ങനെ വിശേഷിപ്പിക്കാം. രണ്ടുപേരും അവരവരുടെ മേഖലകളിൽ കഴിവ് തെളിയിച്ച താരങ്ങൾ. ജീവിതയാത്രയിൽ അവരൊരുമിച്ചപ്പോൾ ആരാധകരേറെയും അത് പ്രതീക്ഷിച്ച പോലെയായിരുന്നു.
ഗ്ലാന്റ്സ്ലാം കിരീടം നേടിയ ആദ്യ ഇന്ത്യക്കാരനായ മഹേഷ് ഭൂപതി, ശ്വേത ജയ്ശങ്കർ എന്ന മോഡലിനെയാണ് ആദ്യം വിവാഹം കഴിച്ചത്. ഏഴുവർഷത്തെ വിവാഹജീവിതത്തിനുശേഷം 2009-ൽ അവർ വിവാഹമോചിതരായി. ലാറയാണെങ്കിൽ മോഡലുകളും സിനിമാതാരങ്ങളുമായ ദിനോ മോറിയ, കെല്ലി ദോർജി എന്നിവരുമായി പ്രണയത്തിലായിരുന്നു. അതുകഴിഞ്ഞാണ് മഹേഷിനെ കണ്ടുമുട്ടുന്നത്.
രണ്ടുപേർക്കും ആദ്യമേ പരസ്പരം അറിയാമായിരുന്നു. എന്നാൽ നേരിട്ട് കണ്ടിട്ടില്ല. അങ്ങനെയിരിക്കുമ്പോഴാണ് തന്റെ സ്‌പോർട്‌സ് കമ്പനിക്കുവേണ്ടി ലാറയെ ഒന്ന് കാണണമെന്ന ആവശ്യവുമായി ഭൂപതി എത്തുന്നത്. തികച്ചും ഔദ്യോഗികമായ കൂടിക്കാഴ്ചയായിരുന്നു ആദ്യത്തേത്. എന്നാൽ, ലാറയെ കാണാൻവേണ്ടി മഹേഷ് കണ്ടുപിടിച്ചൊരു മാർഗമായിരുന്നു ആ കൂടിക്കാഴ്ചയെന്ന് പിന്നീട് പറയപ്പെട്ടു. ഭൂപതിയുടെ ലളിതമായ രീതി ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ലാറയെ ആകർഷിച്ചു. അധികം വൈകാതെ അവർ ഡേറ്റിങ് തുടങ്ങി.
മാസങ്ങൾക്കുള്ളിൽ ഇരുവരും രജിസ്റ്റർ വിവാഹം നടത്തി. പിന്നാലെ ഗോവയിൽവെച്ച് ക്രിസ്തീയ ആചാരങ്ങളോടെയുള്ള വിവാഹവും. വിവാഹച്ചടങ്ങിനിടെ ഭൂപതി ലാറയോട് പറഞ്ഞതിങ്ങനെ, ''ലാറ, നീയാണെന്റെ പങ്കാളിയും ഉറ്റസുഹൃത്തും. വിജയങ്ങളിലും പരാജയങ്ങളിലും നിന്നോടൊപ്പം നിൽക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു''. ഈ വാക്കുകൾ ലാറയുടെ കണ്ണുനിറച്ചു. അതേ വർഷം ആഗസ്റ്റിൽ താൻ ഗർഭിണിയാണെന്ന വാർത്ത ലാറ പുറത്തുവിട്ടു.
കുഞ്ഞുണ്ടായതോടെ സിനിമയിൽ ചുരുക്കം ചില റോളുകളിലേക്ക് മാത്രം ലാറ ഒതുങ്ങുകയും ചെയ്തു. ''ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ തന്നെ മഹേഷും ഞാനും ഒരു കാര്യം തീരുമാനിച്ചു, കുഞ്ഞിന്റെ വളർച്ചയിൽ എല്ലാ കാലത്തും ഞങ്ങളിലൊരാളെങ്കിലും അവൾക്കൊപ്പം ഉണ്ടാകുമെന്ന്. അതിന്നും ഞങ്ങൾ പാലിക്കുന്നു. മകളുണ്ടായശേഷം ആദ്യകാലങ്ങളിൽ അവൾക്കൊപ്പം സമയം ചെലവഴിക്കുക എന്നതായിരുന്നു എന്റെ മുൻഗണന. അതുകൊണ്ടാണ് വാരിവലിച്ച് സിനിമകളിൽ അഭിനയിക്കാതിരുന്നത്. കുഞ്ഞിനെ വിട്ട് അഭിനയിക്കാൻ പോകുമ്പോൾ, അതിൽ പ്രത്യേകിച്ച് എന്തെങ്കിലും വേണമെന്ന് എനിക്ക് നിർബന്ധമായിരുന്നു''.
ഇരുധ്രുവങ്ങളിലുള്ള രണ്ടുപേർ എന്നാണ് ലാറ തങ്ങളെക്കുറിച്ച് വിശേഷിപ്പിക്കാറുള്ളത്. ''എല്ലാം വളരെ കൃത്യമായി സൂക്ഷിച്ചുവെക്കുന്നയാളാണ് ഞാൻ. മഹേഷ് നേരെ തിരിച്ചും- എല്ലാം വാരിവലിച്ചിടും. ഇരുധ്രുവങ്ങളിലുള്ള രണ്ടുപേർ ആയതായിരിക്കാം ഞങ്ങളുടെ കുടുംബജീവിതത്തിന്റെ രഹസ്യവും''.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Tennis star Mahesh Bhupathi and Miss Universe Lara Dutta`s inspiring love story. From their first meeting to family life, discover their journey