ഇമ്രാൻ ഖാനുമായുള്ള പ്രണയം എങ്ങനെയാണ് 'ലവ് ജിഹാദ്' ആവുന്നത്? വിശദീകരണവുമായി ലേഖാ വാഷിങ്ടൺ

'ഹാപ്പി പട്ടേൽ: ഖതർനാക് ജാസൂസ്' എന്ന സിനിമയുടെ പ്രീമിയറിൽ അഭിനേതാവായ ഇമ്രാൻ ഖാനോടൊപ്പം പങ്കാളി ലേഖാ വാഷിങ്ടണും പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകളാണ് ഇരുവർക്കുമെതിരേ. അവർ തമ്മിലുള്ള ബന്ധം ലൗ ജിഹാദാണ് എന്നായിരുന്നു പ്രധാന ആരോപണം. ഇമ്രാൻ ഖാനുമായി പ്രണയത്തിലായതിനെപ്പറ്റിയും അവരുടെ മതസൗഹാർദ ബന്ധത്തെ 'ലവ് ജിഹാദ്' എന്ന് വിശേഷിപ്പിക്കപ്പെട്ടതിനെപ്പറ്റിയും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ മറുപടി നൽകിയിരിക്കുകയാണ് അവർ. ഭാഗികമായി ബർമീസും ഇറ്റാലിയനും പഞ്ചാബിയുമാണ് താനെന്നും തെക്കേ ഇന്ത്യയിലാണ് വളർന്നതെന്നും അവർ പറഞ്ഞു. റോമൻ കത്തോലിക്കനും എന്നാൽ നിരീശ്വരവാദിയുമായ ഒരു അച്ഛനോടൊപ്പം വടക്കേ ഇന്ത്യയിലേക്ക് താമസം മാറുകയും ചെയ്തു. അങ്ങനെ ഒരാളെ, ഭാഗികമായി ഹിന്ദുവും ഭാഗികമായി സ്കോട്ടിഷുകാരനും ആയ അച്ഛന്റെയും മുസ്ലീം ആയ അമ്മയുടെയും മകൻ ലൗ ജിഹാദ് ചെയ്യുന്നുവെന്ന് പറയുന്നതിലെ ഔചിത്യം അവർ ചോദ്യം ചെയ്തു. അതിനാൽ ലവ് ജിഹാദ് അല്ല, പകരം, താൻ വെളിച്ചമുണ്ടാക്കുകയാണെന്നും ലേഖ കൂട്ടിച്ചേർത്തു.
"വെറുപ്പും വിഭജനവും പ്രചരിപ്പിക്കാൻ എന്നെ ഉപയോഗിക്കുന്ന വീഡിയോകൾ എന്റെ നിലപാടുകൾക്ക് വിരുദ്ധമാണ്. എന്റെ കുടുംബം തുറന്നതും, പല വംശങ്ങളിൽ നിന്നുള്ളതും, എല്ലാവരെയും ബഹുമാനിക്കുന്നതുമാണ്, എന്റെ പങ്കാളിയുടെ കുടുംബവും അങ്ങനെ തന്നെ.
ബഹുസാംസ്കാരികതയും വിശാലതയും ദയയും ക്രിയാത്മകതയും ഉൾക്കൊള്ളുന്ന ആളുകൾ പരസ്പരം എങ്ങനെ മനോഹരമായി പിന്തുണയ്ക്കുന്നു എന്ന് കാണാൻ എനിക്ക് ഭാഗ്യംകിട്ടി. ഞാൻ എത്ര ഭാഗ്യവതിയാണ്? എന്നെ ചുറ്റിപ്പറ്റിയുള്ള ആളുകളുടെ മഹത്വത്തിൽ ഞാൻ വളരെ വിനയാന്വിതയാണ്."
ഇത്രയും കാലത്തെ തന്റെ സ്വതന്ത്രമായ കരിയറിനേക്കാളും ഒരു പ്രശസ്ത നടനുമായുള്ള ബന്ധത്തിലൂടെ മാത്രം തന്നെ വിലയിരുത്താനുള്ള പ്രവണതയാണ് ട്രോളുകളേക്കാൾ അലട്ടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
2020-ലാണ് ഇമ്രാനും ലേഖയും പ്രണയത്തിലായത്. സംവിധായകൻ കരൺ ജോഹറിൽ നിന്ന് ബാന്ദ്രയിലെ കടൽത്തീരത്തുള്ള അപ്പാർട്ട്മെന്റ് വാടകയ്ക്കെടുത്താണ് ഇരുവരും താമസിക്കുന്നത്. അപ്പാർട്ട്മെന്റിന്റെ വാടക പ്രതിമാസം 9 ലക്ഷം രൂപയാണ്. ഇമ്രാൻ മുമ്പ് ബാന്ദ്രയിലെ തന്റെ ബംഗ്ലാവിലാണ് താമസിച്ചിരുന്നത്.
"ആരെങ്കിലും സ്നേഹിക്കുന്നത് നിങ്ങളെ ശക്തരാക്കുകയും സുഖപ്പെടുത്തുകയും ചെയ്യും. മറ്റൊരാൾക്ക് നിസ്വാർഥമായി സ്നേഹം കൊടുക്കുന്നതും ശക്തിയും സുഖവും പകരുന്നതാണ്. എന്റെ മകൾക്കും എന്റെ പങ്കാളി ലേഖയ്ക്കും ഇടയിൽ ഞാനിത് കണ്ടെത്തിയിട്ടുണ്ട്. ഇത് എന്റെ രോഗശാന്തിക്കും എന്റെ വളർച്ചയ്ക്കും ക്ഷേമത്തിനും വളരെ നിർണായകമായിരുന്നു."-എന്നാണ് ഒരിക്കൽ ഇമ്രാൻ പറഞ്ഞത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Lekha Washington addresses backlash and `love jihad` accusations surrounding her interfaith relationship with Imran Khan. She uses humor to debunk hate.