'മക്കളുടെ മുൻപങ്കാളികളുമായി നല്ല ബന്ധം, സ്നേഹം അവസാനിക്കുന്നില്ലല്ലോ?' തുറന്നുപറച്ചിൽ ശ്രദ്ധേയമാകുന്നു

അമേരിക്കൻ മീഡിയാ പേഴ്സണാലിറ്റിയും ബിസിനസ്സുകാരിയും കർദാഷിയാൻ കുടുംബത്തിലെ മുതിർന്ന വ്യക്തിയുമാണ് ക്രിസ് ജെന്നെർ, കിം കർദാഷിയാന്‍, ക്ലോയ് കർദാഷിയാൻ, കോർട്ണി കർദാഷിയാൻ തുടങ്ങിയവരുടെ അമ്മ. തന്റെ മക്കളുടെ മുൻപങ്കാളികളുമായി ഊഷ്മള ബന്ധമാണ് തുടരുന്നതെന്ന് തുറന്നുപറയുകയാണ് അവരിപ്പോൾ. വേർപിരിയൽ സങ്കീർണമായിരുന്ന സമയത്തുപോലും, നല്ല ബന്ധമാണ് താൻ അവരുമായി കാത്തുസൂക്ഷിച്ചതെന്ന് ക്രിസ് പറയുന്നു.
സ്നേഹം, അനുകമ്പ, ദീർഘകാല കുടുംബ മൂല്യങ്ങൾ എന്നിവയിൽ നിന്നാണ് ഈ ബന്ധം വരുന്നതെന്ന് അവർ വിശദീകരിച്ചു. "ഒന്നാമതായി, എന്റെ ഹൃദയത്തിലും ആത്മാവിലും ഞാൻ വിശ്വസിക്കുന്നത് സ്നേഹം സ്നേഹമാണെന്നാണ്. ഞാൻ ആളുകളുമായി സ്നേഹത്തിലാകുന്നു. ഇവരിൽ മിക്കവരും എന്റെ പേരക്കുട്ടികളുടെ അച്ഛന്മാരാണ്. ഈ പുരുഷന്മാരെ ഞാൻ സ്നേഹിക്കുന്നു. വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ പോലും സ്നേഹം മാഞ്ഞുപോകുന്നില്ല. എനിക്കത് അങ്ങനെ ഇല്ലാതാകില്ല." ജെയ് ഷെട്ടിയുടെ ഓൺ പർപ്പസ് പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അവർ.
അവർക്കായി എപ്പോഴും വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും ക്രിസ് പറഞ്ഞു. കുടുംബാംഗങ്ങളെ പോലെയാണവർ. സംഭാഷണും അനുകമ്പയും ക്ഷമയുമെല്ലാം എന്റെ സമീപനത്തിലുണ്ട്. പേരക്കുട്ടികളുടെ ഭാവി കൂടി കണ്ടാണ് താൻ ഇക്കാര്യം ചെയ്യുന്നതെന്നും അവർ പറഞ്ഞു. "ഇരുപത് വർഷം കഴിഞ്ഞ് മുത്തശ്ശി അവരുടെ അച്ഛനോട് മോശമായി പെരുമാറിയിരുന്നു എന്നറിഞ്ഞാൽ എന്റെ പേരക്കുട്ടികൾ എന്തുവിചാരിക്കും?" അവർ ചോദിച്ചു.
ക്ഷമിക്കാനും ജീവിതത്തിൽ മുന്നോട്ട് പോകാനും മക്കളെ താൻ പ്രോത്സാഹിപ്പിക്കാറുണ്ടെന്നും ക്ഷമിച്ച് മുന്നോട്ട് പോകണമെന്നും അവർ പറഞ്ഞു. 70-ാം വയസ്സിലും സജീവമാണ് ക്രിസ് ജെന്നർ. വിരമിക്കൽ തന്റെ മനസ്സിലേ ഇല്ലെന്നാണ് അവർ ഒരിക്കൽ പറഞ്ഞത്. കാരണം അവരുടെ അമ്മ 82 വയസ്സുവരെ ജോലി ചെയ്തിരുന്നു. ജോലിയാണ് അമ്മയെ ചെറുപ്പമായി നിർത്തിയത്. താനും അതുപോലെയാകുമെന്നും ആരോഗ്യവതിയായിരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അവർ പറഞ്ഞു. 45-കാരനായ കോറി ഗാംബിളാണ് ജെന്നറിന്റെ കാമുകൻ. 2014-ൽ കണ്ടുമുട്ടിയതു മുതൽ ഇരുവരും ഒരുമിച്ചാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kris Jenner explains her enduring love for her children`s ex-partners, prioritizing grandchildren and family values. Discover her compassionate approach to relationships.