ജസ്റ്റിൻ ട്രൂഡോയും കാത്തി പെറിയും പ്രണയത്തിൽ? പങ്കാളികളുമായി വേർപിരിഞ്ഞത് അടുത്തിടെ

കനേഡിയൻ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും പോപ്പ് ഗായിക കാറ്റി പെറിയും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹമാണ് പുറത്തുവരുന്നത്. ഇരുവരുമൊന്നിച്ച് റെസ്റ്റോറന്റിൽ അത്താഴത്തിനെത്തിയതാണ് അഭ്യൂഹത്തിനു പശ്ചാത്തലം. 40 കാരിയായ കാറ്റിയും 53 കാരനായ ട്രൂഡോയും റെസ്റ്റോറന്റിലെ അത്താഴത്തിനുമുമ്പ് പാർക്കിലൂടെ നടക്കാൻ പോയിരുന്നുവെന്ന് ടിഎംസെഡ് എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഒൻപതുവർഷത്തോളമായി നടൻ ഓർലാൻഡോ ബ്ലൂമുമായി പ്രണയജീവിതം നയിക്കുകയായിരുന്ന കാറ്റി, അടുത്തിടെയാണ് അദ്ദേഹവുമായി വേർപിരിഞ്ഞത്. 2019-ൽ കാറ്റിയുടെയും ഒർലാൻഡോ ബ്ലൂമിന്റെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. പക്ഷേ, കോവിഡ് വന്നതോടെ വിവാഹം നടത്താൻ സാധിക്കാതെപോയി. 2020-ൽ ഇരുവരും തങ്ങളുടെ പെൺകുഞ്ഞിനെ വരവേറ്റു. ദീർഘകാലം ബന്ധമുണ്ടായിരുന്നെങ്കിലും പലതവണ ഇവർക്കിടയിൽ വിള്ളലുണ്ടായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. തുടർന്ന് ഈ മാസം ആദ്യമാണ് കാറ്റിയും ഓർലാൻഡോയും പ്രസ്താവനയിലൂടെ വേർപിരിയൽ സ്ഥിരീകരിച്ചത്. നാലര വയസ്സുള്ള മകൾ ഡെയ്‌സി ഡോവിന്റെ കാര്യങ്ങൾ ഇരുവരും ഒന്നിച്ച് നോക്കിനടത്താനും തീരുമാനമായി.
ജസ്റ്റിൻ ട്രൂഡോ, ഭാര്യയും ടെലിവിഷൻ അവതാരകയുമായ സോഫി ഗ്രിഗറിയും ദീർഘകാലത്തെ ദാമ്പത്യമവസാനിപ്പിച്ചത് രണ്ടുവർഷം മുമ്പാണ്. കുട്ടിക്കാലത്ത് ഒന്നിച്ചു കളിച്ചുവളർന്ന ഇരുവരും മുതിർന്നപ്പോൾ പ്രണയം തിരഞ്ഞെടുത്ത് ഒന്നാവുകയായിരുന്നു. 18 വർഷം നീണ്ട ദാമ്പത്യബന്ധത്തിൽ മൂന്ന് കുട്ടികളുമുണ്ട്. വേർപിരിയൽ വേദനിപ്പിക്കുന്നതാണെന്ന് സോഫി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. വിവാഹം വിജയവും വിവാഹമോചനം പരാജയമാണെന്നും.
ഒർലാൻഡോയുടെ ആദ്യഭാര്യ സൂപ്പർമോഡൽ മിരാൻഡ കെർ ആണ്, ആ ബന്ധത്തിൽ ഒരു മകനുമുണ്ട്. കൊമേഡിയൻ റസ്സൽ ബ്രാൻഡുമായി കാറ്റി ഹ്രസ്വമായ വിവാഹജീവിതം നയിച്ചിരുന്നു. ഇക്കൊല്ലം ആദ്യമാണ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ട്രൂഡോ രാജിവെച്ചത്. സ്വന്തം പാർട്ടിയായ ലിബറൽ പാർട്ടിയിൽ നിന്നുള്ള കടുത്ത സമ്മർദ്ദമാണ് രാജിയിലേക്ക് നയിച്ചത്. ഒൻപതുവർഷം കാനഡയുടെ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi