‘എന്റെ ജീവിതത്തോട് പുരുഷന്മാർക്ക് അസൂയ, ലൈംഗികതൊഴിലാളികളെ ആശ്രയിക്കുന്നതിൽ വിശ്വസിക്കുന്നില്ല’

ഇതിഹാസ നടനും സംവിധായകനുമായ കമൽ ഹാസന്റെ സിനിമാജീവിതം പോലെത്തന്നെ വ്യക്തിജീവിതവും വളരെയധികം ചർച്ചചെയ്യപ്പെട്ട ഒന്നാണ്. പക്ഷേ, തന്റെ സിനിമാറ്റിക് കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, ആളുകൾ വ്യക്തിജീവിതത്തിലും, പ്രണയബന്ധങ്ങളിലും (romantic relationships) അമിതമായി ശ്രദ്ധ ചെലുത്തുന്നതിൽ കമൽഹാസന് അതൃപ്തിയായിരുന്നു. ഒരിക്കൽ അദ്ദേഹം പ്രതികരിക്കുകയും ചെയ്തു.
തനിക്ക് ചുറ്റുമുള്ളവർ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽനിന്ന് മാറിനടക്കേണ്ട സമയമായെന്ന് അന്നദ്ദേഹം പറഞ്ഞു.
“കമൽഹാസൻ വിവാഹങ്ങൾ കൊണ്ടല്ല പ്രശസ്തൻ, ജോലി നന്നായി ചെയ്യുന്നതുകൊണ്ടാണ്. ആർക്കും വിവാഹം കഴിക്കാം. എന്നാൽ കഥകളി അവതരിപ്പിക്കുക, നിർമ്മാതാവാകുക, സിനിമ സംവിധാനം ചെയ്യുക, എഴുതുക എന്നിവയെല്ലാം വലിയ കാര്യങ്ങളാണ്. സ്ക്രീനിന് പുറത്തല്ല, സ്ക്രീനിൽ ഞാൻ ചെയ്യുന്ന കാര്യങ്ങൾക്ക് ബഹുമാനം കിട്ടണമെന്നാണ് ഞാൻ കരുതുന്നത്,” ഒരു അഭിമുഖത്തിൽ കമൽഹാസൻ പറഞ്ഞു.
അദ്ദേഹം രണ്ട് തവണ വിവാഹിതനായിട്ടുണ്ട്-ആദ്യം നർത്തകിയായ വാണി ഗണപതിയേയും (1978–1988), പിന്നീട് നടി സരിക ഠാക്കൂറിനെയും (1988–2004). ഇരുവരുമായുള്ള ബന്ധങ്ങൾ വിവാഹമോചനത്തിൽ കലാശിച്ചു. ഒരു ദശകത്തിലേറെ നടി ഗൗതമിയുമായി അടുപ്പത്തിലായിരുന്നു അദ്ദേഹം.
വാണിയുമായുള്ള വിവാഹത്തിന് മുമ്പ്, ദക്ഷിണേന്ത്യൻ നടിയായ ശ്രീവിദ്യയുമായി കമൽ വലിയ അടുപ്പത്തിലായിരുന്നു. ഇരുവരും വിവാഹിതരായിരുന്നില്ല.
തന്റെ ബന്ധങ്ങളെക്കുറിച്ചുള്ള വിഷയം എന്തുകൊണ്ട് ഉയർന്നുവരുന്നു എന്ന് കമൽഹാസൻ വിശദീകരിച്ചതിങ്ങനെയാണ്. "പ്രധാനമായും, എന്റെ ജീവിതത്തോട് പുരുഷന്മാർക്ക് അസൂയയാണ്; അതുകൊണ്ടാണ് അവർ അങ്ങനെ സംസാരിക്കാൻ ശ്രമിക്കുന്നത്. ഞാൻ എനിക്ക് ശരിയായത് ചെയ്തു, അവർ (പങ്കാളികൾ) അവർക്ക് ശരിയായത് ചെയ്തു. എന്റെ ജീവിതത്തിലുണ്ടായിരുന്ന രണ്ട് സ്ത്രീകളെയും ഞാൻ സ്നേഹിച്ചു, ഇനിയും സ്നേഹിക്കാൻ എനിക്ക് കഴിയും." ഗൗതമിയുമായി ബന്ധത്തിലായിരിക്കെ അദ്ദേഹം പറഞ്ഞു.
"ഞാൻ നിർബന്ധം പറയില്ല. ഏകഭാര്യത്വം സൗകര്യപ്രദമാണ്, ബഹുഭാര്യത്വം രസകരമാണ്. എന്നാൽ ജീവിതം സൗകര്യം സംബന്ധിച്ചാണ്, താല്പര്യങ്ങളെക്കുറിച്ചല്ല. അതിനാൽ, സൗകര്യപ്രദമായ ജീവിതം നയിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു, എപ്പോഴും അതിൽ വിശ്വസിക്കുന്നു, അതായിരുന്നു എന്റെ ജീവിതരീതി. ലൈംഗിക തൊഴിലാളികളെ ആശ്രയിക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല, ഞാൻ അത് ചെയ്തിട്ടുമില്ല. ജീവിതത്തിൽ കള്ളം പറയുന്നതിലും ഞാൻ വിശ്വസിക്കുന്നില്ല. ഇപ്പോൾ നമുക്ക് കമൽഹാസൻ എന്ന നടനെക്കുറിച്ച് സംസാരിക്കാം, അല്ലാതെ വിവാഹ വിദഗ്ദ്ധനെക്കുറിച്ചല്ല"-അദ്ദേഹം പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kamal Haasan addresses public obsession with his romantic life., The actor emphasizes his professional achievements over personal marital status., Clarification on his views regarding monogamy and personal choices., Reflecting on a 66-year career with over 230 films., Mention of his recent 2025 project, Thug Life.