സിനിമയിൽനിന്ന് പുറത്താവുമോയെന്ന് ഭയന്ന ജൂഹി; ശതകോടീശ്വരനുമായുള്ള ആഡംബരവിവാഹം റദ്ദാക്കി താരം

90-കളിലെ ബോളിവുഡിലെ ഏറ്റവും ജനപ്രിയതാരങ്ങളിലൊരാളാണ് ജൂഹി ചൗള. ആമിർ ഖാൻ ആദ്യമായി നായകനായ 'ഖയാമത്ത് സെ ഖയാത്ത് തക്' എന്ന സിനിമയിലൂടെയാണ് ജൂഹിയും നായികയാവുന്നത്. ലൂട്ടേരെ, ഡർ, ഹം ഹെ രഹി പ്യാർ കെ, ദീവാനാ മസ്താന, യെസ് ബോസ്, ഇഷ്‌ക്, മിസ്റ്റർ ആന്റ് മിസിസ് ഖിലാഡി തുടങ്ങിയ ചിത്രങ്ങളിലൂടെ അവർ തന്റെ ഇടം ബോളിവുഡിൽ ഉറപ്പിച്ചു. അതിനിടെ തമിഴ്, കന്നഡ, തെലുഗു, ബംഗാളി ചിത്രങ്ങളിലും താരം അഭിനയിച്ചു. 'ഹരികൃഷ്ണൻസ്' എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിലും താരം സ്ഥിരപ്രതിഷ്ഠ നേടി.

ബോളിവുഡിൽ തിളങ്ങിനിൽക്കുന്ന സമയത്തുതന്നെയാണ് അവർ വിവാഹജീവിതത്തിലേക്ക് കടക്കുന്നതും. 1995-ലാണ് പ്രമുഖവ്യവസായിയും ശതകോടീശ്വരനുമായ ജയ് മേത്തയുമായുള്ള വിവാഹം. വിവാഹത്തിനുമുമ്പും ശേഷവും തന്റെ വ്യക്തിജീവിതം പൊതുജനശ്രദ്ധയിൽ നിന്ന് അകറ്റിനിർത്താനാണ് ജൂഹി ഇഷ്ടപ്പെടുന്നത്. തന്റെ ബന്ധത്തെക്കുറിച്ചും ദാമ്പത്യജീവിതത്തെക്കുറിച്ചും ജൂഹി വളരെ അപൂർവ്വമായേ സംസാരിച്ചിട്ടുള്ളൂ.

ചലച്ചിത്രകാരനായ രാകേഷ് റോഷൻ മുഖേനയാണ് ജയ് മേത്തയും ജൂഹിയും പരിചയപ്പെടുന്നത്. പിന്നാലെ ഇരുവരും സൗഹൃദത്തിലായി. ആദ്യം പ്രണയം തുറന്നുപറഞ്ഞത് ജയ് ആണ്. ''ഒരിക്കൽ, എന്റെ ജന്മദിനത്തിൽ അദ്ദേഹം തന്ന സമ്മാനം ഒരിക്കലും മറക്കില്ല. ഒരു ട്രക്ക് നിറയെ ചുവന്ന റോസാപ്പൂക്കളാണ് അദ്ദേഹം അയച്ചത്. എന്നിട്ടും അദ്ദേഹത്തിന്റെ പ്രണയാഭ്യർത്ഥന സ്വീകരിക്കാൻ എനിക്ക് ഒരു വർഷത്തോളം വേണ്ടിവന്നു''.

വിവാഹത്തിനുമുമ്പ് എല്ലാ ദിവസവും ജയ് തനിക്ക് കത്തുകളെഴുതുമായിരുന്നുവെന്നും ജൂഹി വെളിപ്പെടുത്തി. ''വിവാഹത്തിന് മുമ്പ്, ജയ് എല്ലാ ദിവസവും എനിക്ക് കത്തുകൾ എഴുതുമായിരുന്നു. എന്നാൽ വിവാഹത്തിന് ശേഷം അതെല്ലാം നിർത്തി. അക്കാലത്ത് ഞങ്ങൾ പരസ്പരം കത്തുകളും കാർഡുകളും അയച്ചു''.

ഏകദേശം 2,000 അതിഥികളെ പങ്കെടുപ്പിച്ചുകൊണ്ട് വലിയൊരു ചടങ്ങായി വിവാഹം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, കടുത്ത മാനസിക സംഘർഷത്തിലൂടെ കടന്നുപോവുകയായിരുന്ന തനിക്ക് ആ വലിയ വിവാഹം വേണ്ടെന്നുവെക്കാൻ ആഗ്രഹമുണ്ടായിരുന്നതായി അവർ വെളിപ്പെടുത്തി.

വിവാഹം തന്റെ കരിയറിന്റെ അന്ത്യത്തിന് കാരണമാകുമോ എന്ന ആശങ്കയും ആ സമയത്തുണ്ടായിരുന്നു. ഇത്തരം വികാരങ്ങൾക്കിടയിൽ, വലിയൊരു വിവാഹം നടത്തുക എന്ന ആശയം അവർക്ക് വലിയൊരു ഭാരമായി തോന്നി. അവർ പറഞ്ഞു, ''എന്റെ കരിയറിലെ വളരെ പ്രധാനപ്പെട്ട ചില സിനിമകളുടെ ചിത്രീകരണം നടക്കുന്ന സമയത്തായിരുന്നു വിവാഹവും നിശ്ചയിച്ചിരുന്നത്. അതിനൊരു വർഷം മുൻപാണ് എന്റെ അമ്മ മരിച്ചത്. വിവാഹത്തീയതി അടുത്തുവന്നപ്പോൾ, ഞാൻ ഏറ്റവും കൂടുതൽ സ്‌നേഹിച്ചിരുന്ന അമ്മ പോയിക്കഴിഞ്ഞു, ഇനി എന്റെ കരിയറും നഷ്ടപ്പെടുമോ എന്ന് ഞാൻ ചിന്തിച്ചു. ഒടുവിൽ ഒരു ദിവസം ഞാൻ മാനസികമായി തകർന്നുപോവുകയും ഇക്കാര്യം അമ്മായിയമ്മയോട് പറയുകയും ചെയ്തു''.

അതുകേട്ട ജയ്‌യും അമ്മയും ജൂഹിയുടെ വികാരങ്ങൾക്ക് മുൻഗണന നൽകി. അപ്പോഴേക്കും ഏകദേശം 2000-ത്തോളം അതിഥികൾക്ക് ക്ഷണക്കത്തുകൾ അയച്ചിരുന്നു. ''എന്നിട്ടും ഞാൻ ഇക്കാര്യം പറഞ്ഞപ്പോൾ അമ്മായിയമ്മ പറഞ്ഞു, 'അതു കുഴപ്പമില്ല'. നിങ്ങളുടെ അമ്മായിയമ്മ നിങ്ങൾക്കായി ഇതു ചെയ്യുമെന്ന് സങ്കൽപിക്കാൻ കഴിയുമോ? അവർ തന്നെ എല്ലാവരെക്കൊണ്ടും ഇക്കാര്യം സമ്മതിപ്പിച്ചു'', ജൂഹി ഓർക്കുന്നു. വിവാഹത്തിൽ ആകെ പങ്കെടുത്തത് വെറും 100 പേർ മാത്രം.

കരിയറിനെക്കുറിച്ചും അമ്മായിയമ്മ അനുഭാവപൂർവം സംസാരിച്ചതാണ് തനിക്ക് ആശ്വാസമായതെന്നും അവർ പറയുന്നു. ''ഒരു വാതിൽ അടയുമ്പോൾ ഒരു ജനൽ തുറക്കും. എന്നെ സംബന്ധിച്ചിടത്തോളം അത് ജയ്, അവന്റെ മാതാപിതാക്കൾ, പ്രത്യേകിച്ച് അവന്റെ അമ്മ എന്നിവരായിരുന്നു''. പുതിയ കുടുംബത്തിൽ നിന്നുള്ള ഈ പിന്തുണ ജൂഹിക്ക് താൻ സ്‌നേഹിച്ച വ്യവസായത്തിൽ തുടരാൻ ആത്മവിശ്വാസം നൽകി. രണ്ടുമക്കളാണ് ജൂഹി-ജയ് ദമ്പതികൾക്കുള്ളത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Juhi Chawla revealed why she cancelled her grand wedding with billionaire Jay Mehta, which was initially planned for 2,000 guests., She feared losing her film career and was dealing with the grief of her mother's passing., Only 100 guests attended the intimate wedding ceremony in 1995., Her mother-in-law showed immense support and understanding regarding her career apprehensions.