വിവാഹമോചനം വേദനിപ്പിച്ചുവെന്ന് ജെന്നിഫർ ഗാർണർ

ഒരു കാലത്ത് ഹോളിവുഡിലെ അത്ഭുത ജോഡികളായിരുന്നു ജെന്നിഫർ ഗാർണറും ബെൻ അഫ്ലെക്കും. സഹതാരങ്ങളായി കണ്ടുമുട്ടിയ ഇരുവരും പ്രണയിച്ച് ജീവിതത്തിൽ ഒന്നാവുകയായിരുന്നു. 2005-ൽ വിവാഹിതരായ ഇവർക്ക് വയലറ്റ്, ഫിൻ, സാമുവൽ എന്നിങ്ങനെ മൂന്നു കുട്ടികളും പിറന്നു. 13 വർഷത്തെ വിവാഹബന്ധം അവസാനിപ്പിച്ച് 2018-ൽ ഇവർ പിരിഞ്ഞു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ശ്രദ്ധാകേന്ദ്രമായിരുന്നു ഇരുവരും. അതുകൊണ്ടുതന്നെ ഇവരുടെ വിവാഹമോചനവും അതുപോലെ ചർച്ചചെയ്യപ്പെട്ടു.
പിരിഞ്ഞെങ്കിലും തങ്ങൾക്കിടയിൽ അവരെപ്പോഴും സൗഹൃദം സൂക്ഷിച്ചിരുന്നു. മൂന്നു കുട്ടികളുടെയും ഉത്തരവാദിത്തം ഒന്നിച്ച് നിറവേറ്റി.
ആ വേർപിരിയൽ വേദനാജനകമായിരുന്നുവെന്ന് പറയുകയാണ് ജെന്നിഫർ ഇപ്പോൾ. "അതിന്റെ സത്യമാണ് വേദനിപ്പിച്ചത്. ഒരു കുടുംബം പിരിയുന്നതാണ് വേദനിപ്പിച്ചത്. പങ്കാളിത്തവും സൗഹൃദവും നഷ്ടപ്പെടുന്നതാണ് വേദനിപ്പിച്ചത്"- മേരി ക്ലെയർ യുകെക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. അപൂർവമായിട്ടേ തങ്ങളുടെ ബന്ധത്തെപ്പറ്റി അവർ തുറന്നുപറഞ്ഞിട്ടുള്ളൂ.
ജെന്നിഫർ പിന്നീട് ബിസിനസുകാരനായ ജോൺ സി. മില്ലറുമായി അടുപ്പത്തിലായിരുന്നു. വിവാഹമോചനത്തിന് ശേഷം അഫ്ലെക്ക് പല ബന്ധങ്ങളിലും ഏർപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിൻ്റെ മുൻ പ്രതിശ്രുത വധുവായിരുന്ന ജെന്നിഫർ ലോപ്പസുമായുള്ള വിവാഹവും ഇതിൽ ഉൾപ്പെടും. രണ്ടുവർഷമാണ് ആ ബന്ധം നീണ്ടുനിന്നത്, ശേഷം 2025-ൽ വേർപിരിഞ്ഞു. ജീവിതത്തിലെ ദുസ്സഹമായ സാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോഴെല്ലാം ജെന്നിഫറും അഫ്ലെകും തങ്ങളുടെ സൗഹൃദം ഉപേക്ഷിച്ചിരുന്നില്ല.
അഭിമുഖത്തിൽ, മില്ലറുമായുള്ള ബന്ധത്തെക്കുറിച്ച് ജെന്നിഫർ അധികമൊന്നും സംസാരിച്ചിരുന്നില്ല. അതേസമയം, "എൻ്റെ ജീവിതത്തിൽ വളരെയധികം സ്നേഹമുണ്ട്" എന്ന് മാത്രം പറഞ്ഞു. ലോപ്പസുമായുള്ള വിവാഹമോചനത്തിന് ശേഷം അഫ്ലെക്കിന് താങ്ങായി നിന്നതും ജെന്നിഫർ ഗാർണർ ആയിരുന്നു.
തൻ്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നേട്ടമായി ജെന്നിഫർ പറഞ്ഞത് തന്റെയും അഫ്ലെക്കിൻ്റെയും കുട്ടികളെയാണ്. കുട്ടികളുണ്ടായതിന് ശേഷം അഭിനയ ജീവിതത്തിൽ നിന്ന് ഒരു ഇടവേളയെടുത്തത് അതുകൊണ്ടാണെന്ന് ജെന്നിഫർ പറയുന്നു. "അതൊരിക്കലും ഒരു ത്യാഗമായി തോന്നിയിട്ടില്ല. ആ സമയത്ത് ജോലിക്ക് പോകുന്നത് വളരെ കഠിനമായിരുന്നു"-ജെന്നിഫർ പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Jennifer Garner reflects on her amicable split from Ben Affleck, co-parenting their three kids, and finding peace after public scrutiny. Learn more.