21-ാം വയസ്സിൽ ഇരട്ടിപ്രായമുള്ള ഇമ്രാൻ ഖാനുമായി ആദ്യവിവാഹം; 52-ൽ രണ്ടാം വിവാഹവുമായി ജമീമ

ജമീമ ഗോൾഡ്‌സ്മിത്ത്, ഇമ്രാൻ ഖാൻ | Instagram, AP
ജമീമ ഗോൾഡ്‌സ്മിത്ത്, ഇമ്രാൻ ഖാൻ | Instagram, AP

ബ്രിട്ടനിലെ സിനിമാനിർമാതാവും തിരക്കഥാകൃത്തുമൊക്കെയായ ജമീമ ഗോൾഡ്‌സ്മിത്തിന്റെ ജീവിതം കൂടുതൽ സംഭവബഹുലമാകുന്നത് ഒന്നാംവിവാഹത്തോടെയാണ്. പാകിസ്താൻ മുൻ ക്രിക്കറ്റ് താരവും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനെയാണ് അവരന്ന് വിവാഹം കഴിച്ചത്. പിന്നീട് വിവാഹമോചിതരാവുകയും ചെയ്തു.

ഇപ്പോഴിതാ 52-ാം വയസ്സിൽ വിവാഹിതയായിരിക്കുകയാണ് ജമീമ. ഐറിഷ്-ഓസ്‌ട്രേലിയൻ ഫിനാൻസ്യറായ കാമറോൺ ഒറെയ്‌ലിയെയാണ് ജമീമ വിവാഹം കഴിച്ചിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ കുടുംബം സ്ഥിരീകരിച്ചു. വിവാഹമോചനം കഴിഞ്ഞ് 22 വർഷത്തിനുശേഷമാണ് ജമീമയുടെ രണ്ടാം വിവാഹം. ജമീമയുടെ സഹോദരന്റെ ഭാര്യ ജമീമ ജോൺസാണ് ഈ വിവാഹകാര്യം പുറത്തുവിട്ടത്. എന്നാൽ, ജമീമ ഇക്കാര്യത്തിൽ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.

പല ചിത്രങ്ങളുടെയും എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറാണ് കാമറോൺ. അങ്ങനെയാണ് ഇരുവരും കണ്ടുമുട്ടുന്നതും. അത് പിന്നീട് സൗഹൃദത്തിലായി, ഒടുവിൽ വിവാഹത്തിലുമെത്തി. കാമറോണിന്റെയും രണ്ടാം വിവാഹമാണിത്. ആദ്യബന്ധത്തിൽ അദ്ദേഹത്തിന് നാലുമക്കളാണുള്ളത്. ജമീമയ്ക്ക് രണ്ടുമക്കളും.

1995-ലാണ് ജമീമയും ഇമ്രാൻ ഖാനും വിവാഹിതരാകുന്നത്. അന്ന് ജമീമയ്ക്ക് 21 വയസ്സാണ്. ഇമ്രാന് 43 വയസ്സും. ജമീമ മതംമാറി, ജമീമ ഖാൻ എന്ന പേര് സ്വീകരിക്കുകയും ചെയ്തു.

ഒമ്പതുവർഷത്തിനുശേഷമാണ് വിവാഹമോചനം നടക്കുന്നത്. ഇമ്രാന്റെ പാകിസ്താനിലെ രാഷ്ട്രീയജീവിതവുമായി പൊരുത്തപ്പെടാൻ പറ്റുന്നില്ലെന്ന കാരണമാണ് അന്ന് ജമീമ പറഞ്ഞത്. പിന്നാലെ അവർ കുട്ടികളോടൊപ്പം സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയി. അതിനുശേഷവും ജമീമ ഖാൻ എന്ന പേര് അവർ നിലനിർത്തി.

അതിനൊപ്പം തന്നെ അവർ സിനിമാ-സീരിയൽരംഗത്ത് സജീവമാവുകയും ചെയ്തു. അറിയപ്പെടുന്ന ഡോക്യുമെന്ററി മേക്കറും സിനിമാ-സീരിയൽ നിർമാതാവുമായി അവർ. അതിനൊപ്പം ദ ന്യൂ സ്റ്റേറ്റ്‌സ്മാൻ, വാനിറ്റി ഫെയർ എന്നിവയ്ക്കായി എഴുതുകയും ചെയ്തിട്ടുണ്ട് അവർ. ഡയാന രാജകുമാരിയുമായും ജമീമ വളരെയേറെ അടുപ്പത്തിലായിരുന്നു. ഏറ്റവുമൊടുവിൽ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ മോചനത്തിനായുള്ള കാമ്പയിനിലും അവരും മക്കളും സജീവമായിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi