'വിവാഹം ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്' എന്ന് ബച്ചൻ പറഞ്ഞേക്കാം, പഴയ മുറിവുകൾ കുത്തിപ്പൊക്കേണ്ടതുണ്ടോ'

അമിതാഭ് ബച്ചനുമായുള്ള തൻ്റെ വിവാഹത്തെക്കുറിച്ചും, വിവാഹമെന്ന സ്ഥാപനം കാലഹരണപ്പെട്ടെന്നും പറയുകയാണ് ജയ ബച്ചൻ.
മോജോ സ്റ്റോറിയുമായുള്ള അഭിമുഖത്തിൽ, വിവാഹം കാലഹരണപ്പെട്ടതായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് അവരുടെ മറുപടി ഇങ്ങനെയായിരുന്നു-“അതെ, തീർച്ചയായും. ഞാൻ ഇപ്പോൾ ഒരു മുത്തശ്ശിയാണ്, കുറച്ച് ദിവസങ്ങൾക്കുള്ളിൽ കൊച്ചുമകൾ നവ്യക്ക് 28 വയസ്സ് തികയും. യുവതലമുറയിലെ പെൺകുട്ടികളെ, കുട്ടികളെ എങ്ങനെ വളർത്തണമെന്ന് ഉപദേശിക്കാൻ ഞാൻ പ്രായമേറിയ ആളാണ്. കാര്യങ്ങൾ ഒരുപാട് മാറി. ഇന്നത്തെ കൊച്ചുകുട്ടികൾ വളരെ മിടുക്കരാണ്, അവർ നിങ്ങളെക്കാൾ മിടുക്ക് കാണിക്കും.”
ഒരു ബന്ധത്തെ നിർവചിക്കാൻ വിവാഹത്തിൻ്റെ നിയമസാധുത ആവശ്യമില്ലെന്നും ജയ പറഞ്ഞു. “ഇതൊരു ഡൽഹി ലഡുവാണ്, കഴിച്ചാലും കുഴപ്പം, കഴിച്ചില്ലെങ്കിലും കുഴപ്പം. ജീവിതം ആസ്വദിക്കുക. പഴയ കാലത്ത് ഞങ്ങൾ രജിസ്റ്ററിൽ പോലും ഒപ്പിട്ടിരുന്നില്ല, പിന്നീട് രജിസ്റ്ററിൽ ഒപ്പിടണമെന്ന് മനസ്സിലായി, വിവാഹം കഴിഞ്ഞ് എത്രയോ വർഷങ്ങൾക്ക് ശേഷമാണ് ഞങ്ങളത് ചെയ്തത്. അതിനർഥം ഞങ്ങൾ നിയമവിരുദ്ധമായി ജീവിക്കുകയായിരുന്നു എന്നാണ്.”
വിവാഹത്തെക്കുറിച്ച് ബച്ചനും ഇതേ അഭിപ്രായമാണോ എന്ന് ചോദിച്ചപ്പോൾ “ഞാൻ അദ്ദേഹത്തോട് ചോദിച്ചിട്ടില്ല. അദ്ദേഹം ഒരുപക്ഷേ 'ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്' എന്ന് പറഞ്ഞേക്കാം, പക്ഷേ എനിക്കത് കേൾക്കാൻ താൽപ്പര്യമില്ല” എന്നായിരുന്നു ജയയുടെ മറുപടി.
അതേസമയം, ബിഗ് ബിയുമായി താൻ ആദ്യ കാഴ്ചയിൽ തന്നെ പ്രണയത്തിലായിരുന്നുവെന്ന് ജയ സമ്മതിച്ചു. ആ നിമിഷത്തെപ്പറ്റി ചോദിച്ചപ്പോൾ അവർ തമാശയായി പറഞ്ഞു-“നിങ്ങൾക്ക് പഴയ മുറിവുകൾ കുത്തിപ്പൊക്കണോ? ഞാൻ കഴിഞ്ഞ 52 വർഷമായി ഒരേ മനുഷ്യനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇതിൽ കൂടുതൽ സ്നേഹിക്കാൻ എനിക്ക് കഴിയില്ല.”
അമിതാഭ് ബച്ചനും ജയ ബച്ചനും വിവാഹിതരായിട്ട് 52 വർഷമായി. 'ഗുഡ്ഡി' എന്ന സിനിമയുടെ സെറ്റിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ജയയ്ക്ക് ആദ്യ കാഴ്ചയിലെ പ്രണയമായിരുന്നു അത്. 'ഏക് നസർ' (1972) എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പ്രണയം തുടങ്ങുന്നത്. 1973-ൽ അവർ വിവാഹിതരായി.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Jaya Bachchan candidly discusses marriage, calling it outdated and joking Amitabh might call it his `biggest mistake`. Read her views on Navya`s future.