'മാതാപിതാക്കളുടെ വിവാഹതീയതി കുറിച്ചത് ഇന്ദിരാ ഗാന്ധി, എന്നെ ആദ്യം കാണാനെത്തിയതും അവർ തന്നെ'

'കഹോ നാ പ്യാർ ഹെ' എന്ന സിനിമയിലൂടെ ബോളിവുഡിലെത്തിയ താരമാണ് അമീഷ പട്ടേൽ. അതിനുശേഷം ബദ്രി, ഗദ്ദർ: ഏക് പ്രേം കഥ, ക്രാന്തി, ഹംറാസ്, യേ ഹേ ജൽവ, ഭൂൽ ഭുലയ്യ, ഗദ്ദർ 2 എന്നീ സിനിമകളിലൂടെ ബോളിവുഡിൽ സ്വന്തമായൊരിടം കണ്ടെത്തി താരം. തോബ തേരാ ജൽവ എന്ന സിനിമയിലാണ് അവർ അവസാനമായി അഭിനയിച്ചത്.
ഇപ്പോഴിതാ തന്റെ ജീവിതത്തിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ സ്വാധീനത്തെപ്പറ്റി പറയുകയാണ് താരം. ഇന്ദിരാ ഗാന്ധിയുമായി തങ്ങളുടെ കുടുംബത്തിന് ഏറ്റവും അടുത്ത ബന്ധമായിരുന്നുവെന്നും അമീഷ ഓർക്കുന്നു. താൻ ജനിക്കുന്നതിനുമുമ്പ് തന്നെ ആ അടുപ്പമുണ്ടായിരുന്നുവെന്നും അമീഷ വെളിപ്പെടുത്തി.
തന്റെ മുത്തച്ഛനായ രജനി പട്ടേലിൽനിന്നാണ് ആ ബന്ധത്തിന്റെ തുടക്കമെന്ന് അമീഷ. പിന്നീട് രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ട ഒരു പ്രശസ്ത ബാരിസ്റ്റർ എന്നാണ് അമീഷ മുത്തച്ഛനെ കുറിച്ച് പറയുന്നത്. ജവഹർലാൽ നെഹ്റുവുമായി രജനി പട്ടേലിന് ദീർഘകാല ബന്ധമുണ്ടെന്ന് അവർ പറയുന്നു. കാലക്രമേണ, അദ്ദേഹം കോൺഗ്രസ് പാർട്ടിയിൽ ഒരു പ്രമുഖ വ്യക്തിയായി മാറുകയും ഇന്ദിരാഗാന്ധിയുമായി അടുത്ത് പ്രവർത്തിക്കുകയും ചെയ്തു. ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തനായ ഉപദേഷ്ടാവായി രജനി പട്ടേൽ മാറിയെന്നാണ് അമീഷയുടെ അവകാശവാദം. അതിനൊപ്പം പാർട്ടിയിൽ വലിയ സ്ഥാനങ്ങൾ വഹിക്കുകയും ചെയ്തു. പ്രധാന തീരുമാനങ്ങൾ പലപ്പോഴും അദ്ദേഹവുമായി ചർച്ച ചെയ്യപ്പെടുന്ന തരത്തിൽ അദ്ദേഹത്തിന്റെ സ്വാധീനം ഉണ്ടായിരുന്നു. ഈ അടുത്ത പ്രൊഫഷണൽ ബന്ധം സ്വാഭാവികമായും രണ്ട് കുടുംബങ്ങൾ തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തിലേക്ക് വ്യാപിച്ചു.
അമീഷയുടെ മാതാപിതാക്കളുടെ വിവാഹകാര്യം തീരുമാനിക്കുന്നതിലും ഇന്ദിരാ ഗാന്ധിയുടെ സ്വാധീനം ഉണ്ടായിരുന്നുവത്രെ. ''എന്റെ മാതാപിതാക്കളുടെ വിവാഹതീയതിയും ഇന്ദിരാ ഗാന്ധിയാണ് നിശ്ചയിച്ചത്. അവരുടെ ജാതകങ്ങൾ തമ്മിൽ പൊരുത്തമുണ്ടായിരുന്നില്ല. എന്നിട്ടും ഇന്ദിരാ ഗാന്ധിയുടെ സൗകര്യം കൂടി നോക്കി, അവരാണ് തീയതി കുറിച്ചത്''. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ജനിച്ചപ്പോൾ, തന്നെ കാണാൻ ആദ്യം എത്തിയവരിൽ ഇന്ദിരാഗാന്ധിയും ഉണ്ടായിരുന്നുവെന്നും അമീഷ ഓർക്കുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ameesha Patel discusses her family's historical ties with Indira Gandhi. Her grandfather, Rajni Patel, was a close advisor to the former PM. Indira Gandhi personally set the wedding date for Ameesha's parents.