ഒരേ ക്ലബിൽ കളിച്ച ഹാളണ്ടും പങ്കാളിയും; 23-ാം വയസ്സിൽ പിതാവായി

എർലിങ് ഹാളണ്ട്, ഇസബെൽ ഹോങ്‌സെങ് ജൊഹാൻസെൻ | Instagram
എർലിങ് ഹാളണ്ട്, ഇസബെൽ ഹോങ്‌സെങ് ജൊഹാൻസെൻ | Instagram

ലോകകപ്പ് ഫുട്‌ബോളിൽ ബ്രസീലിനെ അട്ടിമറിച്ച് നോർവെ ക്വാർട്ടറിൽ കടന്നത് ഫുട്‌ബോൾ ആരാധകരെ മുഴുവൻ ഞെട്ടിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾ അടിച്ചെടുത്താണ് നോർവെ ടീം, ബ്രസീലിന് ലോകകപ്പിൽനിന്ന് പുറത്തേക്കുള്ള വഴി തുറന്നുകൊടുത്തത്. നോർവെയ്ക്കായി രണ്ട് ഗോളുകളും നേടിയത് അവരുടെ സ്റ്റാർ പ്ലെയറായ എർലിങ് ഹാളണ്ട് (Erling Haland) തന്നെ. 79-ാം മിനിറ്റിലും 90-ാം മിനിറ്റിലുമായിരുന്നു ഹാളണ്ട് ഗോളുകൾ നേടിയത്.

അതോടെ ലോകം മുഴുവൻ ഹാളണ്ടിന്റെ ഇഷ്ടങ്ങളുടെയും വ്യക്തിജീവിതത്തിന്റെയും പുറകെയാണ്. കൂടുതലാളുകളും തേടുന്നത് അദ്ദേഹത്തിന്റെ പങ്കാളിയെയാണ്. ഇസബെൽ ഹോങ്‌സെങ് ജൊഹാൻസെൻ (Isabel haugseng johansen) എന്ന മുൻ ഫുട്‌ബോൾ കളിക്കാരിയുമായി വർഷങ്ങളായി പ്രണയത്തിലാണ് ഹാളണ്ട്. നോർവെയിലെ മുൻ ഫുട്‌ബോൾ കളിക്കാരിയാണ് ഇസബെൽ. ഒരേപോലെയുള്ള സാഹചര്യങ്ങളിലൂടെയായിരുന്നു ഇസബെലും ഹാളണ്ടും വളർന്നുവന്നത്. ഇരുവർക്കും ചെറുപ്പത്തിലേ ഫുട്‌ബോളിനോടായിരുന്നു താത്പര്യം. ഒടുവിൽ ഇരുവരും ബ്രയാൻ എഫ്‌കെ എന്ന ക്ലബിലെത്തി. അന്നുമുതൽ ആ ക്ലബായിരുന്നു അവർക്കെല്ലാം.

ആ ക്ലബിൽ ഇരുവരും കുറേക്കാലം ഫുട്‌ബോൾ പരിശീലിച്ചു. അതുകഴിഞ്ഞ് വർഷങ്ങൾക്കുശേഷമാണ് പ്രണയത്തിലായത് 2021 മുതലാണ് അവരുടെ ബന്ധം തുടങ്ങുന്നത്. തങ്ങളുടെ ബന്ധത്തിന് മുൻകൈ എടുത്തത് ഇസബെൽ ആണെന്ന് മുമ്പൊരു അഭിമുഖത്തിൽ ഹാളണ്ട് വെളിപ്പെടുത്തിയിരുന്നു. ''അവളെനിക്കൊരു മെസേജ് അയച്ചു. ഞാൻ കളിച്ചിരുന്ന അതേ ക്ലബിലാണ് അവളും കളിച്ചിരുന്നത്. അവളാണ് എന്നെ ശ്രദ്ധിച്ചത്, ഞാനല്ല''.

തങ്ങളുടെ ചെറുപ്പകാലമെല്ലാം ഏറ്റവും കൂടുതൽ ഓർമയുള്ളതും ഇസബെലിനാണെന്ന് ഹാളണ്ട് പറയുന്നു. ''ചെറുപ്പത്തിൽ എന്നെ കണ്ടതെല്ലാം അവൾക്കോർമയുണ്ട്. പക്ഷേ, എനിക്കതൊന്നും കാര്യമായി ഓർമയില്ല. ഒരുപാട് തവണ ഞങ്ങൾ പരസ്പരം കണ്ടിട്ടുണ്ടെന്ന് പിന്നീട് പലപ്പോഴും അവൾ പറഞ്ഞിട്ടുണ്ട്''.

ഫുട്‌ബോളിനോടുള്ള ഇഷ്ടമാണ് തങ്ങൾക്കിടയിലെ ബന്ധം ദൃഢമാക്കിയതെന്നാണ് ഹാളണ്ടിന്റെ അഭിപ്രായം. ''അവളും ഫുട്‌ബോൾ കളിക്കും. ഫുട്‌ബോൾ കാരണമാണ് ഞങ്ങൾ കണ്ടുമുട്ടിയതും. അവൾക്ക് ഫുട്‌ബോൾ മനസ്സിലാവുന്നതാണ് വലിയ കാര്യം''.

ഡിസംബർ 2024-ലാണ് ഇരുവർക്കും ആദ്യത്തെ കുഞ്ഞുണ്ടായത്. ഒക്ടോബറിലാണ് തങ്ങൾക്ക് കുഞ്ഞുണ്ടാവാൻ പോവുകയാണെന്ന കാര്യം അദ്ദേഹം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. ഫുട്‌ബോൾ ജേഴ്‌സിക്കുള്ളിൽവെച്ചൊരു ചിത്രവുമായിട്ടാണ് ഹാളണ്ട് ഈ സന്തോഷം പങ്കുവെച്ചത്.

ഹാളണ്ടിന്റെ പ്രശസ്തി ഒട്ടും ഏശാത്ത ഒരു സ്വകാര്യജീവിതമാണ് ഇരുവരും ആഗ്രഹിക്കുന്നത്, അങ്ങനെയാണ് അവർ ജീവിക്കുന്നതും. എങ്കിലും നോർവെയുടെ എല്ലാ കളികളും മുടങ്ങാതെ കാണുന്നയാളാണ് ഇസബെൽ. നോർവെ കളിക്കുമ്പോഴെല്ലാം അവർ ഗ്യാലറിയിലിരുന്ന് ടീമിനായി ആർത്തുവിളിക്കും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Haaland and Isabel share a deep connection rooted in their mutual love for football. The couple met while training at the Bryne FK club in Norway.,