മോഡലിന്റെ വീഡിയോയിൽ ഹാർദിക് പാണ്ഡ്യയുണ്ടെന്ന് റെഡ്ഡിറ്റ്; മഹീകയുമായി പ്രണയത്തിലെന്ന് ആരാധകർ

ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടെ സ്വകാര്യജീവിതം വീണ്ടും വാർത്തകളിലിടം പിടിക്കുന്നു. നടിയും മോഡലുമായ മഹീക ശർമയുമായി ഹാർദിക് പ്രണയത്തിലാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റെഡ്ഡിറ്റിലാണ് ഇരുവരും പ്രണയത്തിലാണെന്ന പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. മഹീകയുടെ ഒരു സെൽഫി വീഡിയോയിൽ, ഹാർദിക്കുമുണ്ടെന്നാണ് ആ പോസ്റ്റിൽ പറഞ്ഞത്.
അതിനുപിന്നാലെ ഇക്കഴിഞ്ഞ ദിവസം നടന്ന ഏഷ്യ കപ്പിലെ ഇന്ത്യ-പാക് മത്സരം കാണാൻ, മഹീകയും ഗ്യാലറിയിലുണ്ടായിരുന്നു. അതോടെയാണ് പ്രണയം തന്നെയെന്ന് ആരാധകർ ഉറപ്പിച്ചത്. പിന്നാലെ മഹീക ശർമയാരാണെന്ന് തിരയുന്ന തിരക്കിലാണ് നെറ്റിസൺസ്.
ഗുജറാത്തിൽ ജനിച്ച മഹീക, ഗുജറാത്തിലും ഡൽഹിയിലുമായിട്ടാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മാതാപിതാക്കൾക്ക് മകളൊരു ഡോക്ടറോ എൻജിനീയറോ ആവണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, ചെറുപ്പത്തിൽ തന്നെ മോഡലിങ് ആണ് തന്റെ വഴിയെന്ന് ആ പെൺകുട്ടി ഉറപ്പിച്ചു. ഗുജറാത്തിലും ഡൽഹിയിലും പ്രാദേശിക സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്തുകൊണ്ടാണ് അവരുടെ തുടക്കം.
പിന്നീട് പ്രശസ്തഡിസൈനർമാർക്കായി മോഡലായി. അതിനൊപ്പം മ്യൂസിക് വീഡിയോകളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ ഫാഷൻ അവാർഡ്സിൽ മോഡൽ ഓഫ് ദ ഇയർ പുരസ്കാരം നേടിയതാണ് അവരുടെ കരിയറിലെ വഴിത്തിരിവായത്.
നേരത്തെ ബ്രിട്ടീഷ് ഗായികയായ ജാസ്മിൻ വാലിയയുമായി ഹാർദിക് പാണ്ഡ്യ പ്രണയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇരുവരുടെയും ഗ്രീസിൽ നിന്നുള്ള അവധിക്കാല ചിത്രങ്ങളിൽനിന്നാണ് പ്രണയത്തിലാണെന്ന് റെഡ്ഡിറ്റ് ഉപയോക്താക്കൾ കണ്ടെത്തിയത്. അതിനുപുറമെ ജാസ്മിന്റെ എല്ലാ ഇൻസ്റ്റഗ്രാം പോസ്റ്റുകളും ഹാർദിക് ലൈക് ചെയ്യുന്നതും ഈ ഊഹാപോഹത്തിന് കൂടുതൽ പിന്തുണയേകി. മാത്രമല്ല ഇന്ത്യയുടെ ചില ക്രിക്കറ്റ് മത്സരങ്ങൾ കാണാൻ ജാസ്മിൻ സ്റ്റേഡിയത്തിലെത്തിയതോടെ, ഈ പ്രണയവാർത്തകൾക്ക് സ്ഥിരീകരണമായി. അധികം വൈകാതെ ഇരുവരും പിരിയുകയും ചെയ്തു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rumors of Indian cricketer Hardik Pandya dating model Mahieka Sharma surface after a Reddit post