64 വര്‍ഷം ഒരുമിച്ചുള്ള ജീവിതം, ഒടുവില്‍ കളര്‍ഫുള്‍ വിവാഹം

64 വര്‍ഷത്തിന് ശേഷം വിവാഹം ആഘോഷിച്ച് ഗുജറാത്ത് ദമ്പതികള്‍
64 വര്‍ഷത്തിന് ശേഷം വിവാഹം ആഘോഷിച്ച് ഗുജറാത്ത് ദമ്പതികള്‍

വിവാഹദിവസം അടിപൊളിയാക്കുക എന്നത് ഭൂരിപക്ഷം ആളുകളുടെയും സ്വപ്‌നങ്ങളിലൊന്നാണ്. പക്ഷെ, അന്നത്തെ ദിവസം അത്ര മനോഹരമായി ആഘോഷിക്കാന്‍ സാധിച്ചില്ലെങ്കിലോ ?  
അങ്ങനെ വിവാഹദിവസം നടക്കാതെ പോയ ആഘോഷങ്ങള്‍ 64 വര്‍ഷത്തിന് ശേഷം കൊണ്ടാടിയിരിക്കുകയാണ് ഗുജറാത്ത് അഹമ്മദാബാദിലെ ഹര്‍ഷ്- മൃണു ദമ്പതികള്‍. സംഭവം ഇങ്ങനെ. ഹര്‍ഷും മൃണുവും ചെറുപ്പത്തിലെ ഇഷ്ടത്തിലായിരുന്നു. പക്ഷെ ഇരുവരുടെയും മതപശ്ചാത്തലം വ്യത്യസ്തവും. ഇതോടെ വിവാഹത്തെ  വീട്ടുകാര്‍ എതിര്‍ത്തു. പക്ഷെ അതൊന്നും അവരുടെ പ്രണയത്തെ തകര്‍ത്തില്ല. ഒരുദിവസം മൃണു വീട് വിട്ടിറങ്ങി.  ഒപ്പം സുഹൃത്തിന്റെ കൈയില്‍ ഒരു കത്തും നല്‍കി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു. ' ഞാന്‍ ഇനി തിരിച്ചുവരില്ല''. അവള്‍ നേരെ ഹര്‍ഷിനൊപ്പം ചേര്‍ന്നു. വിവാഹവും കഴിച്ചു. വീട്ടുകാരുടെ സമ്മതമില്ലാത്തതിനാല്‍ വിവാഹം അത്ര കളര്‍ഫുള്ളായില്ല.

വിവാഹച്ചിത്രം

കാലം കടന്നുപോയി. ഹര്‍ഷും മൃണുവും സ്‌നേഹത്തിന്റെ 64 വര്‍ഷങ്ങള്‍ ജീവിച്ചു. ഒടുവില്‍ വിവാഹത്തിന്റെ 64-ാം വാര്‍ഷികത്തിന് ഈ പ്രണയജോഡിയെ മക്കളും പേരമക്കളും ചേര്‍ന്ന് ഞെട്ടിച്ചു. അന്ന് നടക്കാതിരുന്ന വിവാഹാഘോഷം ആറരപതിറ്റാണ്ടിന് ശേഷം അവര്‍ കളര്‍ഫുള്ളായി നടത്തി. 
സോഷ്യല്‍ മീഡിയയിലും ഈ വിവാഹതരംഗമായി. ഇരുവര്‍ക്കും ആശംസകള്‍പ്പിച്ച് നിരവധി പേരാണ് സൈബറിടത്തിലെത്തിയത്.

Content Highlights: Elderly Couple Who Eloped 64 Years ago married again