‘കഴുത്തിന് താഴേക്ക് അവളുടെ ശരീരം തളർന്നു, എന്നിട്ടും വീൽചെയറിലിരുന്ന് അവൾ എന്നെ നൃത്തം പഠിപ്പിച്ചു’

ആർ. മാധവൻ നായകനായെത്തിയ ‘ജി.ഡി.എൻ.’ എന്ന ചിത്രത്തിലെ നായികയാണ് ദുഷാര വിജയൻ. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന നഷ്ടത്തെക്കുറിച്ച് നടി ദുഷാര വിജയൻ മനസ്സുതുറന്ന് സംസാരിച്ചിരുന്നു. ചെറുപ്പം മുതൽ തന്നെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട മൂത്ത സഹോദരിയുടെ ഓർമകളാണ് ദുഷാര പങ്കുവച്ചത്. ജന്മനാ മയോപതി ബാധിച്ചിരുന്ന സഹോദരി കഴുത്തിന് താഴേക്ക് പൂർണമായും തളർന്ന നിലയിലായിരുന്നുവെന്നും ദുഷാര പറഞ്ഞു.
''എനിക്ക് അവളെ ഒരുപാട് മിസ് ചെയ്യുന്നു. ഇപ്പോൾ എവിടെയെങ്കിലും പോകുമ്പോൾ ഞാൻ ദൈവത്തോട് പ്രാർഥിക്കാറില്ല. പകരം ചേച്ചിയുടെ ഫോട്ടോ നോക്കി പ്രാർഥിക്കും. ചെറുപ്പം മുതൽ എനിക്ക് നൃത്തത്തോട് താൽപര്യം തോന്നാനുള്ള കാരണം ചേച്ചിയാണ്. അവൾക്ക് നടക്കാൻ കഴിയില്ലായിരുന്നു. 'തോഴാ' സിനിമയിലെ നാഗാർജുന സാറിന്റെ കഥാപാത്രത്തിന്റെ അവസ്ഥയോട് സാമ്യമുണ്ടായിരുന്നു അവളുടെ അവസ്ഥയ്ക്ക്. പക്ഷേ, സിനിമയിലെ കഥാപാത്രം അപകടത്തെത്തുടർന്നാണ് തളർന്നത്. എന്റെ ചേച്ചി ജനിച്ചപ്പോൾ തൊട്ട് അങ്ങനെയായിരുന്നു. കഴുത്തിന് മുകളിൽ അവൾക്ക് യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല. കഴുത്തിന് താഴേക്ക് ശരീരം തളർന്നിരുന്നു. അതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങൾക്കും ഞങ്ങളുടെ സഹായം ആവശ്യമായിരുന്നു.'' ദുഷാര പറഞ്ഞു.
വീൽചെയറിൽ ഇരുന്നുകൊണ്ട് തന്റെ നൃത്തത്തിന് ചേച്ചി നിർദേശങ്ങൾ നൽകുമായിരുന്നുവെന്നും ദുഷാര പറഞ്ഞു. ''അവൾ വീൽചെയറിൽ ഇരുന്ന് 'ഇങ്ങനെ കളിക്കൂ, ഇങ്ങനെ ഡാൻസ് ചെയ്യൂ' എന്നൊക്കെ പറയുമായിരുന്നു. ചിലപ്പോൾ എല്ലാത്തിനും തുടക്കം കുറിച്ചിരുന്നത് അവളായിരുന്നു.''
ചേച്ചിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ദുഷാര വികാരാധീനയായി. തനിക്ക് ഏറ്റവും പ്രിയപ്പെട്ട സഹോദരിയായിരുന്നു അവരെന്നും ഏകദേശം പത്ത് വർഷം മുമ്പാണ് മയോപതിയുമായി ജീവിച്ചിരുന്ന സഹോദരി മരിച്ചതെന്നും ദുഷാര വെളിപ്പെടുത്തി. ലീപിക, ദുർഗ എന്നീ രണ്ട് മൂത്ത സഹോദരിമാരാണ് ദുഷാരയ്ക്കുള്ളത്. ഇതേ അഭിമുഖത്തിൽ തന്റെ ഇളയ സഹോദരനെക്കുറിച്ചും ദുഷാര സംസാരിച്ചു.
''ഏകദേശം ഏഴ് വർഷം ഞാൻ എന്റെ ഇളയ സഹോദരനൊപ്പം ചെന്നൈയിൽ താമസിച്ചിട്ടുണ്ട്. ഞാൻ അവന് അമ്മയാണ്. അങ്ങനെയാണ് ഞങ്ങളുടെ ബന്ധം. അവൻ എനിക്ക് സ്വന്തം കുഞ്ഞിനെപ്പോലെയാണ്,'' ദുഷാര കൂട്ടിച്ചേർത്തു.
'സർപ്പട്ട പരമ്പരൈ', 'നച്ചത്തിരം നഗർഗിരതു', 'രായൻ', 'വേട്ടയ്യൻ', ‘വീര ധീര സൂരൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് ദുഷാര വിജയൻ. ആർ. മാധവൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'ജി.ഡി.എൻ.' ഓഗസ്റ്റ് ഏഴിനാണ് തിയറ്ററുകളിലെത്തിയത്. ആക്ഷൻ ത്രില്ലർ ചിത്രം 'മഗുട'മാണ് ദുഷാരയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ചിത്രം ഓഗസ്റ്റ് 14-ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: dushara-vijayan-emotional-about-late-sister-gdn-interview