വിവാഹമോചനം മാറിനിൽക്കുമോ? ചഹലും ധനശ്രീയും റിയാലിറ്റി ഷോയിൽ ഒന്നിക്കുന്നു?

യൂസ്‌വേന്ദ്ര ചഹൽ, ധനശ്രീ വർമ്മ | Mbi Library
യൂസ്‌വേന്ദ്ര ചഹൽ, ധനശ്രീ വർമ്മ | Mbi Library

വിവാഹമോചനത്തിന് ശേഷം ക്രിക്കറ്റ് താരം യൂസ്‌വേന്ദ്ര ചഹലും നർത്തകി ധനശ്രീ വർമ്മയും വീണ്ടും ഒന്നിച്ചു പ്രവർത്തിക്കുമെന്ന് സൂചന. ചില ഓൺലൈൻ റിപ്പോർട്ടുകളിലെ വിവരങ്ങൾ പ്രകാരം, വരാനിരിക്കുന്ന റിയാലിറ്റി ഷോ ആയ 'ദി 50'യിലേക്കായി മുൻ ജോഡികളെ അണിയറ പ്രവർത്തകർ സമീപിച്ചിട്ടുണ്ട്. ഷോയിലെത്താൻ ധനശ്രീയോ ചഹലോ സമ്മതിച്ചോ ഇല്ലയോ എന്ന് വ്യക്തമല്ലെങ്കിലും, ഇരുവരുടെയും ടീമുകളുമായി ചർച്ചകൾ നടക്കുന്നുവെന്നാണ് സൂചന.

ബിഗ് ബോസിനു സമാനമായി 50 മത്സരാർഥികൾ ഒരു വലിയ വീട്ടിൽ ഒരുമിച്ച് കഴിയുകയെന്ന ആശയമാണ് ഈ ഷോ മുന്നോട്ടുവെക്കുന്നത്. നിലവിൽ ഷോയിലേക്ക് സെലിബ്രിറ്റികൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, മുൻ ബിഗ് ബോസ് മത്സരാർഥികൾ എന്നിവരടക്കം പലരെയും പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പ്രശസ്ത ഫ്രഞ്ച് പരമ്പരയായ 'ലെസ് സിൻക്വാന്റെ'യുടെ ഇന്ത്യൻ പതിപ്പാണ് 'ദി 50'. ഫെബ്രുവരി ഒന്ന് മുതൽ സംപ്രേക്ഷണം തുടങ്ങുമെന്നാണ് വിവരം. ബോളിവുഡ് സംവിധായികയും വ്ലോഗറുമായ ഫറാ ഖാനാണ് ഷോയുടെ അവതാരക.

ചഹലും ധനശ്രീയും ഷോയിലെത്താൻ സമ്മതിച്ചാൽ, വിവാഹമോചനത്തിനുശേഷം ഇവരുടെ ആദ്യ സംഗമവേദിയായി ഇത് മാറും. അതേസമയം, വാദപ്രതിവാദങ്ങളുമായി ഓൺലൈനിൽ സജീവമായി നിലനിൽക്കുന്ന രണ്ടുപേരെ ഷോയിലേക്ക് കൊണ്ടുവന്നാൽ റേറ്റങ്ങിന് കാര്യമായി ഗുണം ചെയ്യുമെന്നാണ് അണിയറയിലുള്ളവരുടെ കണക്കുകൂട്ടൽ.

2020-ൽ വിവാഹിതരായ ധനശ്രീയും ചഹലും 2025 ഫെബ്രുവരിയിലാണ് വിവാഹമോചനം നേടുന്നത്. വിവാഹമോചനം വലിയ വിവാദമായിരുന്നു. ഓൺലൈനിൽ പരസ്പരം പഴിചാരിയെത്തിയ ദമ്പതിമാർ പലപ്പോഴും ചർച്ചകളിൽ നിറഞ്ഞു. വിവാഹേതര ബന്ധവും സാമ്പത്തിക ചൂഷണവുമെല്ലാം ആരോപണവിഷയമായി. ചഹൽ ധനശ്രീക്ക് നൽകിയ നഷ്ടപരിഹാരത്തുക സംബന്ധിച്ചും വിവാദങ്ങളുണ്ടായിരുന്നു.

ഇതിനിടെ, 'റൈസ് ആൻഡ് ഫാൾ' എന്ന ഷോയിൽ, ചഹലിനെപ്പറ്റി ധനശ്രീ പലപ്പോഴും സംസാരിക്കാറുണ്ടായിരുന്നു. ഒരു എപ്പിസോഡിൽ, വിവാഹനിശ്ചയം, വിവാഹം, ഒടുവിൽ പിരിയൽ എന്നിവയുടെ വിശദാംശങ്ങളും അവർ വെളിപ്പെടുത്തി.

"അദ്ദേഹം മാറുന്നത് കണ്ടിട്ടും, ഞാൻ അദ്ദേഹത്തിലും ബന്ധത്തിലും വിശ്വാസമർപ്പിച്ചു. എന്റെ ചുറ്റുമുള്ള ആളുകൾക്ക് ഞാൻ ധാരാളം അവസരങ്ങൾ നൽകുന്നു എന്നതാണ് എന്റെ പ്രശ്നം. പക്ഷേ ഒടുവിൽ ഞാനത് അവസാനിപ്പിച്ചു. എന്റെ ഭാഗത്തുനിന്ന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു, എന്റെ നൂറ് ശതമാനം നൽകി. ഞാനെപ്പോഴും അദ്ദേഹത്തെപ്പറ്റി ആശങ്കപ്പെടും, അത് ഞാൻ ഉറപ്പുനൽകുന്നു"- അവർ പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Rumors swirl as Dhanashree Verma and Yuzvendra Chahal might reunite for the first time post-divorce on the new reality show, `The 50`. Discover the details and their potential participation.