വിവാഹബന്ധം വേർപെടുത്താൽ അച്ഛനമ്മമാർ പ്രേരിപ്പിച്ചു, ധൈര്യം നൽകി- ധനശ്രീ വർമ

ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലുമായുള്ള വേർപിരിയൽ തന്നെയും മാതാപിതാക്കളെയും ആഴത്തിൽ ബാധിച്ചുവെന്ന് തുറന്നുപറയുകയാണ് നർത്തകിയും കൊറിയോഗ്രാഫറുമാണ് ധനശ്രീ വർമ. ഹ്യൂമൻസ് ഓഫ് ബോംബെയ്ക്ക് നൽകിയ അഭിമുഖത്തിൽ, വിവാഹമോചനം തനിക്ക് ആശയക്കുഴപ്പവും കുടുംബത്തിന് വൈകാരികഭാരവുമുണ്ടാക്കിയെന്ന് ധനശ്രീ പറഞ്ഞു.
ഓൺലൈൻ ട്രോളുകളെ ഒരു പരിധി വരെ സ്വയം നേരിടാൻ കഴിഞ്ഞെങ്കിലും മാതാപിതാക്കൾ ബുദ്ധിമുട്ടി. അവരെ ആശ്വസിപ്പിക്കാൻ ശക്തയായി നിൽക്കേണ്ടിയിരുന്നു. പുതിയ തലമുറയിൽപ്പെട്ട നമുക്ക് മോശം കമന്റുകൾ ശ്രദ്ധിക്കേണ്ടതില്ലെന്ന് അറിയാം. പക്ഷേ അത് എങ്ങനെയാണ് അച്ഛനമ്മമാരെ പറഞ്ഞ് മനസ്സിലാക്കുക? അവരുടെ സുഹൃത്തുക്കൾ അവരെ വിളിച്ച്, എന്തുപറ്റിയെന്ന് ചോദിച്ചുകൊണ്ടേയിരുന്നു. എനിക്കും അവർക്കും ധൈര്യം ആവശ്യമായിരുന്നു-ധനശ്രീ ഓർത്തെടുത്തു.
അമ്മ തകർന്നുപോയ ദിവസങ്ങളുണ്ടായിരുന്നു, ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമുള്ള നിരന്തരമായ ചോദ്യങ്ങൾ കാരണം അമ്മ കോളുകൾ ഒഴിവാക്കി. ഫോണെടുക്കരുതെന്ന് തനിക്കവരോട് കർശനമായി പറയേണ്ടിവന്നിട്ടുണ്ട്. അതേസമയം, ധൈര്യം നൽകി ഒപ്പം ശക്തമായി നിന്നതിന് അവരോട് നന്ദി പറയുകയാണ്.
വിവാഹത്തിൽ നിന്ന് പിന്മാറുന്നത് ശരിയായ തീരുമാനമായിരുന്നുവെന്ന് അവർ ദിവസവും എന്നെ ഓർമിപ്പിച്ചു. അങ്ങനെയൊരു തീരുമാനമെടുക്കാൻ പോലും ഒരുപാട് ധൈര്യം വേണം. നിങ്ങളെക്കാൾ ശക്തനായ ഒരാളിൽ നിന്ന് ബന്ധം ഉപേക്ഷിക്കുക ചെറിയ കാര്യമല്ല. മാതാപിതാക്കൾ എല്ലാ ദിവസവും എന്നെ അത് ഓർമ്മിപ്പിച്ചു. ഞാൻ ഈ തീരുമാനമെടുത്തതിൽ അവർ എത്രമാത്രം അഭിമാനിക്കുന്നുവെന്ന് അവർ പറഞ്ഞുകൊണ്ടിരുന്നുവെന്നും ധനശ്രീ പറയുന്നു.
അതേസമയം, സമാധാനത്തിനുള്ള മാർഗമായിട്ടാണ് മൗനം തിരഞ്ഞെടുത്തതെന്നും അവർ ഓർമിപ്പിച്ചു. 'മൗനം പാലിക്കുക എളുപ്പമല്ല, മിണ്ടാതിരിക്കാൻ ഒരു വ്യക്തിക്ക് ഒരുപാട് സഹിക്കേണ്ടി വരും. സ്വകാര്യ ജീവിതം സ്വകാര്യമായിരിക്കണം. ഒരു നാണയത്തിന് രണ്ട് വശങ്ങളുണ്ട്.'
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Dhanashree Verma opens up about the emotional toll of her divorce from Yuzvendra Chahal on her and her parents. She highlights the courage it took to walk away.