'റൊമാൻസ് കില്ലർ' എന്ന് മില്ലേനിയൽ ഡേറ്റർമാർ; എന്താണ് ലൗഡ് ലുക്കിങ്?

പ്രതീകാത്മക ചിത്രം / freepik
പ്രതീകാത്മക ചിത്രം / freepik

ഒരു ബന്ധത്തില്‍ തങ്ങള്‍ക്ക് എന്താണ് വേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തതയില്ലാതെയും ഉറപ്പില്ലാതെയും ഇരിക്കുന്നവരുണ്ട്. അതല്ലാതെ ഉറപ്പുണ്ടായിട്ടും അതിനെക്കുറിച്ച് മിണ്ടാതിരിക്കുന്നവരും ഉണ്ട്. ആത്മവിശ്വാസത്തിന്റെയും സ്വയം അവബോധത്തിന്റെയും അഭാവം മൂലമാണ് പലരും ഇങ്ങനെ മൗനം ഭജിക്കുന്നത്. എന്നാല്‍ ഇന്നത്തെ തലമുറയില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. പുതിയ ഡേറ്റിങ് ട്രെന്‍ഡുകളില്‍ ഇത്തരം കാര്യങ്ങള്‍ വളരെ പക്വതയോടെയാണ് ആളുകള്‍ കൈകാര്യം ചെയ്യുന്നത്. അതിലൊന്നാണീ 'ലൗഡ് ലുക്കിങ്'.

എന്താണെന്നല്ലേ, ഒരു പങ്കാളിയില്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട കാര്യങ്ങളെക്കുറിച്ച് സത്യസന്ധമായി തുറന്നു സംസാരിക്കുന്നതാണിത്. തങ്ങളുടെ പ്രതീക്ഷകള്‍ പങ്കാളിയെ മനസ്സിലാക്കിക്കാന്‍ ചെറിയ അടയാളങ്ങളിലൂടെയും പരോക്ഷമായ സംസാരങ്ങളിലൂടെയുമായിരുന്നു ആദ്യമൊക്കെ ആളുകള്‍ ശ്രമിച്ചിരുന്നത്.

ജീവിതത്തില്‍ എന്ത് വേണമെന്ന് ആളുകള്‍ ഇപ്പോള്‍ ഉറക്കെയും അഭിമാനത്തോടെയും പറയുന്നു. ഡേറ്റ് ചെയ്യുന്നവര്‍ തങ്ങളുടെ പങ്കാളിയില്‍ എന്തുവേണമെന്ന് യാതൊരു മടിയുമില്ലാതെ പ്രകടിപ്പിക്കുന്നു, ഉദാഹരണത്തിന്, ആദ്യത്തെ സന്ദേശത്തില്‍ തന്നെ 'എനിക്ക് ദീര്‍ഘകാല ബന്ധമാണ് വേണ്ടത്' എന്ന് പറയുന്നതും, 'പൂച്ചകളെ ഇഷ്ടമാണെങ്കില്‍ മാത്രം മെസ്സേജ് അയക്കുക' എന്ന് ചേര്‍ക്കുന്നതും ഒക്കെ ഇതിന്റെ ഭാഗമാണ്.

ജെന്‍സിയും മില്ലേനിയലുകളും ഒരുപോലെ തങ്ങളുടെ ആഗ്രഹങ്ങളെക്കുറിച്ച് തുറന്നുപറയുന്ന പങ്കാളികളെയാണ് ഇന്ന് ഇഷ്ടപ്പെടുന്നത്. ഇത് ഊഹാപോഹങ്ങള്‍ക്കും തെറ്റായ ലക്ഷ്യങ്ങള്‍ക്കുമുള്ള സാധ്യത ഇല്ലാതാക്കുന്നു.

വൈകാരികമായ അടുപ്പം ഉണ്ടാകുന്നതിന് മുമ്പ് തന്നെ ചേരാത്തവരെ ഒഴിവാക്കാന്‍ ഇത് സഹായിക്കുന്നു. അതുവഴി സമയവും ഊര്‍ജ്ജവും ലാഭിക്കുന്നു. ജെന്‍സി ഇതിനെ 'എനര്‍ജി-സേവിങ് മോഡ്' എന്ന് വിളിക്കുന്നു, കാരണം ഇത് നിങ്ങളുടെ വൈബിന് ചേര്‍ന്നവരെ കണ്ടെത്താന്‍ സാധിക്കുന്നു. ആശയക്കുഴപ്പങ്ങള്‍ ഫലപ്രദമായി ഇല്ലാതാക്കുകയും ചെയ്യുന്നു.

മില്ലേനിയല്‍ ഡേറ്റര്‍മാര്‍ ഈ സമീപനത്തെ 'റൊമാന്‍സ് കില്ലര്‍' എന്നും വിളിക്കുന്നു. എന്നിരുന്നാലും ഭൂരിഭാഗം പേരും പറയുന്നത് ഇത് റൊമാന്‍സിനെ ദോഷകരമായി ബാധിക്കുന്നില്ല, മറിച്ച് ഊഹങ്ങള്‍ ഒഴിവാക്കുക മാത്രമാണ് ചെയ്യുന്നത് എന്നാണ്.

'ലൗഡ് ലുക്കിങ്' ചെയ്യുന്ന ആളുകള്‍ ഗ്രീന്‍ ഫ്‌ളാഗ് ആണെന്നും അഭിപ്രായമുണ്ട്. കാരണം അവര്‍ ഒരു ഉദ്ദേശത്തോടെയാണ് ഡേറ്റ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്കറിയാം. അവര്‍ തമാശയ്ക്കോ നിങ്ങളെ വഴിതെറ്റിക്കാനോ വന്നവരല്ല. ഈ ആളുകള്‍ നേരെ സംസാരിക്കുന്നവരും ആത്മവിശ്വാസമുള്ളവരുമാണ്, കൂടാതെ അവര്‍ക്ക് ഒരു ദിശാബോധം ഉണ്ട് എന്ന വസ്തുത അവരെ മറ്റുള്ളവര്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: gen z & millennials embrace `loud looking,` honestly communicating dating expectations upfront for clarity and efficiency.