മരിച്ച മകന്റെ കുഞ്ഞിനെ വേണം; ദമ്പതിമാര്‍ക്ക് മകന്റെ ബീജം വിട്ടുനല്‍കാന്‍ കോടതി നിര്‍ദേശം നല്‍കി

പ്രതീകാത്മകചിത്രം / Shutterstock
പ്രതീകാത്മകചിത്രം / Shutterstock

പഞ്ചാബില്‍നിന്നുള്ള ദമ്പതികളായ ഹര്‍ബീര്‍ കൗറും ഗുര്‍വിന്ദര്‍ സിങ്ങും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത് ഒരു പ്രത്യേക ആവശ്യവുമായാണ്, മരിച്ചുപോയ മകന്റെ ബീജം കൈമാറാന്‍ ആസ്പത്രിയോട് ആവശ്യപ്പെടണം. സംഭവമിങ്ങനെ. ദമ്പതികള്‍ക്ക് മൂന്നുമക്കളാണ്. അവരുടെ ഏകമകനായ പ്രീത് ഇന്ദര്‍ സിങ്ങിന് 2020-ൽ രക്താർബുദം സ്ഥിരീകരിച്ചു. 30-കാരനായ പ്രീത് വിവാഹം കഴിച്ചിരുന്നില്ല.

കീമോതെറാപ്പിയും മറ്റ് ചികിത്സകളും പ്രീതിന്‍റെ ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കാനിടയുണ്ടെന്ന് ആസ്പത്രി അധികൃതര്‍ അദ്ദേഹത്തോടും മാതാപിതാക്കളോടും പറഞ്ഞു. മുൻകരുതലെന്ന നിലയിൽ കീമോ തുടങ്ങുന്നതിന് മുമ്പുതന്നെ ബീജം ശേഖരിച്ച് ശീതീകരിച്ച് സൂക്ഷിക്കുന്നത് നല്ലതായിരിക്കുമെന്നും. പ്രീത് മരിക്കുമെന്നൊന്നും അന്നാരും കരുതിയിരുന്നില്ല, അതിനാൽ ഭാവിയിൽ ഐ.വി.എഫ് ചികിത്സയ്ക്കുവേണ്ടി അവർ ബീജം സൂക്ഷിച്ചു. പിന്നീട് ജൂണില്‍ ക്യാൻസർ ചികിത്സ തുടങ്ങിയെങ്കിലും, സെപ്റ്റംബറില്‍ പ്രീത് മരിച്ചു.

കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ മകന്റേതായി ഒരു കുഞ്ഞ് വേണമെന്ന് മാതാപിതാക്കള്‍ക്ക് തോന്നി. അങ്ങനെ അവര്‍ ആസ്പത്രിയെ സമീപിച്ചു. എന്നാല്‍, ബീജം നല്‍കാന്‍ ആസ്പത്രി അധികൃതര്‍ തയ്യാറായില്ല. ഭാര്യയ്ക്കു മാത്രമേ അത് നല്‍കാനാവൂവെന്നും മാതാപിതാക്കള്‍ക്ക് അതിനുള്ള അവകാശമില്ലെന്നും പറഞ്ഞാണ് ആസ്പത്രി അവരുടെ ആവശ്യം നിരസിച്ചത്. അങ്ങനെ അനുകൂലമായിട്ടുള്ള ഉത്തരവിനായി കോടതിയെ സമീപിച്ചു. ഒടുവില്‍ ബീജം കൈമാറാന്‍ ആസ്പത്രിക്ക് കോടതി നിര്‍ദേശം നല്‍കി. മരണത്തിനുശേഷവും കുട്ടികള്‍ക്ക് ജന്‍മം നല്‍കുന്ന കാര്യത്തില്‍ വിലക്കൊന്നുമില്ലെന്ന് കോടതി പറയുകയും ചെയ്തു. 

''അവന്റെ മുഖമാണ് എന്റെ ഫോണിന്റെ സ്‌ക്രീന്‍ സേവറിലുള്ളത്. ആ മുഖം കണ്ടാണ് ഒരുദിവസം തുടങ്ങുന്നതും. അവന്റെ പേര് ഇനിയും നിലനില്‍ക്കണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. അതുകൊണ്ടാണ് ഈ മാര്‍ഗം സ്വീകരിക്കുന്നത്'', ഹര്‍ബീര്‍ കൗര്‍ പറയുന്നു.

2018-ലും സമാനമായ സംഭവമുണ്ടായിരുന്നു. അന്ന് പുണെയിലുള്ള രാജശ്രീ പാട്ടീലാണ് ഹൈക്കോടതിയെ സമീപിച്ചത്. ഉപരിപഠനത്തിനായാണ് അവരുടെ മകന്‍ ജര്‍മനിയില്‍ പോകുന്നത്. 2013-ല്‍ ബ്രെയിന്‍ ട്യൂമറാണെന്ന് തിരിച്ചറിഞ്ഞു. അതിനുള്ള ചികിത്സ തുടങ്ങുന്നതിനുമുമ്പേ ബീജം ശീതീകരിച്ച് സൂക്ഷിക്കാനായി ജര്‍മനിയിലുള്ള ആസ്പത്രിയില്‍ ഏല്‍പിച്ചു. 2016-ല്‍ പുണെയില്‍ വെച്ച് മകന്‍ മരിച്ചു. അതിനുശേഷം അവര്‍ ജര്‍മനിയിലെ ആസ്പത്രിയെ സമീപിച്ചു, അവരത് നല്‍കുകയും ചെയ്തു. ഒടുവില്‍ വാടകഗര്‍ഭപാത്രത്തിലൂടെ അവര്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചു.  


 

Content Highlights: court orders hospital to release the frozen egg of a man who died