അപകടത്തിൽ ഓർമ നഷ്ടപ്പെട്ടു, വിവാഹിതയായ കാര്യവും മറന്നു; പ്രണയം തിരിച്ചുപിടിക്കാൻ അയാൾ നടത്തിയ പോരാട്ടം

ലോറയും ബ്രെയ്ഡനും / Instagram
ലോറയും ബ്രെയ്ഡനും / Instagram

കനേഡിയൻ സ്വദേശികളായ ലോറ ഫഗനെല്ലോയുടെയും ബ്രെയ്ഡന്റെയും ജീവിതകഥ ഒരു സിനിമ പോലെ നിറയെ ട്വിസ്റ്റുകൾ നിറഞ്ഞതാണ്. പ്രണയത്തിനുശേഷം വിവാഹിതരായ രണ്ടുപേർ. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ അവരുടെ ജീവിതം ഇരുട്ടിലായി. തുടർന്ന് ജീവിതവും പ്രണയവും തിരിച്ചുപിടിക്കാൻവേണ്ടി നടത്തിയ പോരാട്ടം.

2016-ലാണ് ലോറയും ബ്രെയ്ഡനും വിവാഹിതരായത്. 2017 ഏപ്രിൽ 27-ന് ഒരു സുഹൃത്ത് വിളിച്ചപ്പോൾ അവരെ സഹായിക്കാനെത്തിയതായിരുന്നു ലോറ. ഒരു ഇവന്റിനായുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. അവിടെ വലിയൊരു കൂടാരം നിർമിച്ചിരുന്നു. മൂന്ന് ഇരുമ്പുതൂണുകളിലാണ് കൂടാരം സ്ഥാപിച്ചിരുന്നത്. പക്ഷേ ആ തൂണുകളിലൊന്ന് കൃത്യമായി ഭൂമിയിൽ ഉറച്ചിരുന്നില്ലെന്ന കാര്യം ലോറ ശ്രദ്ധിച്ചില്ല. അതിനിടയിലൂടെ മേശകൾ അലങ്കരിക്കുന്ന ജോലിയിൽ മുഴുകിയിരിക്കുകയായിരുന്നു അവർ.

അപ്പോഴാണ് വീശിയടിച്ച കാറ്റിൽ ആ ഇരുമ്പുതൂൺ ലോറയുടെ ദേഹത്തേക്ക് വന്നുവീണത്. തലയ്ക്ക് കാര്യമായ ക്ഷതവുമേറ്റു. 'ആ അപകടം നടന്നത് എനിക്കോർമയുണ്ട്. ആ സംഭവം മാത്രം. ആരൊക്കെയോ എന്നോട് പേടിക്കരുതെന്ന് പറയുന്നുണ്ട്. ഓകെ ആണോയെന്ന് ചോദിക്കുന്നുമുണ്ട്'' അല്പം കഴിഞ്ഞപ്പോൾ വേദന കുറഞ്ഞു. എന്നിട്ടും ആ പരിപാടി നടക്കുന്നതിടത്തുതന്നെ ലോറ നിന്നു.

''മാതാപിതാക്കൾ എന്നെ കൊണ്ടുപോകാൻ വരുമെന്ന് ചിന്തിച്ചാണ് അവിടെ തന്നെ നിന്നത്. പക്ഷേ മൂന്നുവർഷം മുമ്പ് അവർ കുറച്ചുദൂരേക്ക് താമസം മാറ്റിയ കാര്യം എനിക്കോർമയില്ല. അതിനിടയിലാണ് ബ്രെയ്ഡന്റെ മെസേജ് വരുന്നത്. ആ മെസേജ് കണ്ടപ്പോൾ ആകെ സംശയമായി. അതാരാണെന്നുപോലും എനിക്കറിയില്ല. എങ്കിലും ഞാൻ തിരിച്ച് മെസേജ് അയച്ചു, 'എന്റെ തലയിൽ ഇരുമ്പുതൂൺ ഇടിച്ചു' എന്നുമാത്രം. ബ്രെയ്ഡൻ ഓടിയെത്തി. നേരെ വീട്ടിലേക്ക് കൊണ്ടുപോയി. അപ്പോഴും എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല''.

വീട്ടിലെത്തിയശേഷം പുറത്തേക്കിറങ്ങിയതേയില്ല. പല പകലുകളും രാവുകളും ലോറ ഉറങ്ങിത്തീർത്തു. മറ്റൊന്നും ചെയ്യാൻ കഴിയുന്നില്ല. ഒരുദിവസം രാവിലെ എഴുന്നേൽക്കുമ്പോൾ തൊട്ടടുത്ത് ബ്രെയ്ഡനുമുണ്ട്. ''അദ്ദേഹം ഗുഡ്‌മോർണിങ് പറഞ്ഞു. പക്ഷേ അതാരാണെന്ന് എനിക്ക് അറിയില്ലായിരുന്നു. 'നിങ്ങളാരാണ്' എന്ന് ഞാൻ തിരിച്ചുചോദിച്ചു. വീട്ടിൽ ഞങ്ങളുടെ വിവാഹ ആൽബവും മറ്റു വസ്തുക്കളും കണ്ടു. പക്ഷേ എന്റെ മനസ്സിൽ ഞാൻ സ്‌കൂളിലെ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സമയമാണ്. വിവാഹിതയാണെന്ന കാര്യമൊക്കെ മറന്നേ പോയിരുന്നു''.

ബ്രെയ്ഡൻ ലോറയെയും കൂട്ടി പല ആസ്പത്രികളിലും പോയി. കുഴപ്പമൊന്നുമില്ല, വിശ്രമിച്ചാൽ മാറുന്ന പ്രശ്‌നമാണെന്നായിരുന്നു പലയിടത്തുനിന്നും കിട്ടിയ മറുപടി. ആകെ ലോറ പറഞ്ഞിരുന്നത് രണ്ടുവാക്കുകളാണ്, 'തല വേദനിക്കുന്നു' എന്നുമാത്രം. പലപ്പോഴും രാത്രി ഞെട്ടിയുണരും, എന്നിട്ട് ഭയന്ന് നിലവിളിക്കാൻ തുടങ്ങും. അടുത്ത് ബ്രെയ്ഡനെ കാണുമ്പോൾ അലറിവിളിക്കും.

ഏതോ ഒരു അപരിചിതനാണ് തന്റെ കൂടെ കിടക്കുന്നതെന്നാണ് അന്നൊക്കെ ലോറ കരുതിയത്. വീണ്ടും ആസ്പത്രികളിലേക്ക്. വിശദമായ പരിശോധനകൾക്കുശേഷമാണ് മസ്തിഷ്‌കാഘാതമുണ്ടായതായി കണ്ടെത്തിയത്. 17 വയസ്സിനുശേഷമുള്ള കാര്യങ്ങളൊന്നും ലോറയ്ക്ക് ഓർമയില്ല. മാഞ്ഞുപോയ ഓർമകളിൽ ബ്രെയ്ഡനെ കണ്ടുമുട്ടിയതും പ്രണയിച്ചതും വിവാഹം കഴിച്ചതുമെല്ലാമുണ്ടായിരുന്നു.

പതുക്കെ ചികിത്സകൾ തുടങ്ങി. അതിനൊപ്പം ലോറ മറ്റൊരു കാര്യവും തീരുമാനിച്ചു. ''വിവാഹം കഴിഞ്ഞത് ഓർമയിലേ ഇല്ല. അതുകൊണ്ട് ഞാൻ ബ്രെയ്ഡനോട് സംസാരിച്ചു, ഒന്നുകിൽ വീണ്ടും ഡേറ്റിങ് മുതൽ തുടങ്ങണം, അല്ലെങ്കിൽ വേർപിരിയാം. ഇതിലേത് വേണമെങ്കിലും തിരഞ്ഞെടുക്കാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. പിരിയാൻ അദ്ദേഹം തയ്യാറല്ലായിരുന്നു. ആദ്യം ഞങ്ങൾ നല്ല സുഹൃത്തുക്കളായി''.

തങ്ങളുടെ ജീവിതം പുനസൃഷ്ടിക്കാൻ ബ്രെയ്ഡൻ തീരുമാനിച്ചു. ലോറയുടെ മുന്നിലേക്ക് പുതിയൊരു സുഹൃത്തായി ബ്രെയ്ഡൻ കടന്നുവന്നു. പണ്ടുനടന്ന വഴികളിലൂടെ, അതേ ജീവിതസന്ദർഭങ്ങളിലൂടെ ബ്രെയ്ഡൻ ലോറയെ കൂട്ടിക്കൊണ്ടുപോയി. പഴയ പ്രണയമുഹൂർത്തങ്ങൾ പുനരാവിഷ്‌കരിച്ചു. അധികം വൈകാതെ ബ്രെയ്ഡന്റെ പ്രണയം ലോറയും മനസ്സിലാക്കി.

പഴയകാലം ഓർത്തല്ല, പകരം പുതിയ കാലത്തെ ബ്രെയ്ഡന്റെ സ്വഭാവമാണ് അവരെ ആകർഷിച്ചത്. ഒടുവിൽ വിവാഹവും. ആദ്യവിവാഹത്തിന്റെ നാലാം വാർഷികദിനമാണ് രണ്ടാം വിവാഹത്തിനായി ബ്രെയ്ഡൻ തിരഞ്ഞെടുത്തത്. ഇന്നും പഴയ ഓർമകളിൽ പലതും ലോറയെ വിട്ടകന്നുതന്നെ നിൽക്കുന്നു. അപ്പോഴും കരുത്തായി നിൽക്കുന്നത് അവരുടെ പ്രണയം മാത്രമാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: A Canadian couple`s incredible journey of love, loss, and rebuilding after a devastating accident caused the wife to lose years of memories