ബ്രാഡ് പിറ്റിന് ആത്മഹത്യ ചെയ്യണമെന്ന് തോന്നി, വീണ്ടും മദ്യപാനവും തുടങ്ങി

ആഞ്ജലീന ജോളി, ബ്രാഡ് പിറ്റ് | AP
ആഞ്ജലീന ജോളി, ബ്രാഡ് പിറ്റ് | AP

ഹോളിവുഡ് നടൻ ബ്രോഡ് പിറ്റുമായുള്ള വിവാഹമോചനത്തെക്കുറിച്ചും അത് തന്റെ കുടുംബത്തെയും ആരോഗ്യത്തെയും എങ്ങനെ ബാധിച്ചുവെന്നും ആഞ്ജലീന ജോളി സംസാരിച്ചത് വലിയ ചർച്ചയായിരുന്നു. ഇതിനു പിന്നാലെ അത്തരം ചില വെളിപ്പെടുത്തലുമായെത്തിയിരിക്കുകയാണ് ബ്രാഡ് പിറ്റും. കുടുംബ പ്രശ്നങ്ങൾ തന്റെ മാനസികാരോഗ്യത്തെ താറുമാറാക്കിയെന്നു പറഞ്ഞ നടൻ, ആ കാലഘട്ടത്തിൽ തനിക്ക് ജീവിതത്തിലാദ്യമായി ആത്മഹത്യാ പ്രവണതയുണ്ടായെന്നും (felt suicidal) സമ്മതിച്ചു.

എസ്‌ക്വയറിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ തുറന്നുപറച്ചിൽ. “ഞാൻ ഒരിക്കലും ആത്മഹത്യയെപ്പറ്റി ചിന്തിച്ചിരുന്നയാളല്ല. എന്റെ സ്വഭാവത്തിന് അതൊട്ടും ചേർന്നതല്ല. വാസ്തവത്തിൽ, എനിക്ക് എന്തെങ്കിലും ദൗർബല്യമുണ്ടെങ്കിൽ, അത് ജന്മനാ ഉള്ള ഒരു ശുഭാപ്തിവിശ്വാസമാണ്. അത് പലതവണയെന്നെ സഹായിച്ചിട്ടുണ്ട്, അതേസമയം എന്റെ ശുഭാപ്തിവിശ്വാസം കാരണം ഞാൻ മണ്ടത്തരം കാണിച്ച് ഒരു ലോറിയുടെ മുന്നിലേക്ക് നേരിട്ട് ചെന്നിട്ടുമുണ്ട്.”-ബ്രാഡ് പിറ്റ് പറഞ്ഞു.  ആ സംഭവത്തെപ്പറ്റി വിശദീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. 

അതേസമയം, തന്റെ മാനസികനില വഷളാകുന്നതിൽ കുടുംബകാര്യങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് ബ്രാഡ് വിശദീകരിച്ചു. “ഒരു ചെറിയ കാലയളവിലൊഴികെ ഞാനൊരിക്കലും ആത്മഹത്യയെപ്പറ്റി ചിന്തിച്ചിട്ടില്ല. ആ ചെറിയ കാലയളവിൽ, എനിക്കതിലൊരു പോംവഴി കാണാനായില്ല. വേദന കനത്തതായിരുന്നു. തലയിൽ തണുത്ത ഒരു ബുള്ളറ്റിന്റെ സാന്നിധ്യം എനിക്കനുഭവിക്കാൻ കഴിഞ്ഞു, അതൊരു ആശ്വാസമായിത്തോന്നി. ആത്മഹത്യ എന്നാൽ വെറുമൊരു ആശ്വാസമാണെന്ന അർഥത്തിൽ എനിക്കത് മനസ്സിലായി. വേദനയിൽ നിന്നുള്ള മോചനം തേടൽ മാത്രമാണത്. എന്നാൽ നമുക്ക് അതിജീവനത്തിനായുള്ള അവിശ്വസനീയമായ കഴിവുകളുണ്ടെന്ന് ഞാൻ കരുതുന്നു. എന്നെ സംബന്ധിച്ചിടത്തോളം, അത് പെട്ടെന്നുതന്നെ പ്രവർത്തിച്ചു.”

ഏഴ് വർഷം മദ്യപിക്കാതെ ജീവിച്ചിരുന്ന താൻ പിന്നീട് മിതമായ രീതിയിൽ വീണ്ടും മദ്യം കഴിക്കാൻ തുടങ്ങിയെന്നും ബ്രാഡ് പറഞ്ഞു.

ബ്രാഡ് പിറ്റുമായി പിരിഞ്ഞതിനു ശേഷം താൻ ആരുമായും ഡേറ്റ് ചെയ്തിട്ടില്ലെന്ന് യാഹൂ എന്റർടൈൻമെന്റിന് നൽകിയ അഭിമുഖത്തിൽ, ആഞ്ജലീന ജോളി തുറന്നുപറഞ്ഞിരുന്നു. “ഞാൻ വീണ്ടും ജീവിക്കണമെന്നാണ് കരുതുന്നത്. വീണ്ടും സ്വതന്ത്രയാകണം. ഒരുപക്ഷേ ജീവിതം എന്നെയല്പം തകർത്തിട്ടുണ്ടാകാം” അവർ പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Brad Pitt opened up about experiencing suicidal thoughts for the first time during his family troubles., The Oscar-winning actor admitted to returning to drinking after being sober for seven years., Angelina Jolie recently spoke about her dating life and moving on after their decade-long separation., The former couple finalized their complex divorce in December 2024 after separating in 2016.