അർജുൻ കപൂർ ഈ നടിയുമായി പ്രണയത്തിലോ? വൈറലായി ഇംഗ്ലണ്ടിൽനിന്നുള്ള ചിത്രങ്ങൾ

നടൻ അർജുൻ കപൂർ പ്രണയത്തിലാണോ? ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽനിന്നുള്ള ഒരു ചിത്രം വൈറലായതോടെ ആരാധകരും ഇതേ ചോദ്യവുമായി ആകാംക്ഷയിലാണ്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ഏകദിന മത്സരത്തിനിടയിൽ അർജുനും കൂടെ ഒരു സ്ത്രീയും ഒരുമിച്ചുള്ള ഒട്ടേറെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങൾക്ക് തുടക്കമായത്.
ഇതാരാണെന്ന തിരച്ചിലിലായി പിന്നീട് സോഷ്യൽമീഡിയ. നടിയും അവതാരകയുമെല്ലാമായ സാഹിബ ബാലിയാണെന്ന് ചിലർ തിരിച്ചറിയുകയും ചെയ്തു. ഒരേനിറത്തിലുള്ള വസ്ത്രം ധരിച്ച്, അടുത്തടുത്താണ് സാഹിബയും അർജുനും ഇരുന്നിരുന്നത്. അതോടെയാണ് ചർച്ചകളുയർന്നത്. 'അവർ ഡേറ്റിങ്ങിലാണോ, അവർ നല്ല ക്യൂട്ട് മാച്ച് ആണ്...'കമന്റുകൾ നിറഞ്ഞു.
ഈ വർഷമാദ്യം അർജുന്റെ പിറന്നാളിന് സാഹിബ ആശംസയറിയിച്ചതിങ്ങനെ. ഒരു വീഡിയോ കോളിന്റെ സ്‌ക്രീൻഷോട്ട് ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ പങ്കുവെച്ച്, 'എല്ലാവരുടെയും ബെസ്റ്റിക്ക് ഹാപ്പി ബർത്ത്‌ഡേ. ഇനിയും ഭാരം കുറയ്ക്കരുത്. കുറച്ച് കേക്ക് കഴിക്കൂ' എന്നാണ് അവർ കുറിച്ചത്. ഇത് റീപോസ്റ്റ് ചെയ്തുകൊണ്ട് 'നീ ഒപ്പം ചേരുന്നതിനായി കാത്തിരിക്കുന്നു' എന്ന് അർജുനും കുറിച്ചു.
ആരാണ് സാഹിബ ബാലി?
കശ്മീരി കുടുംബത്തിലാണ് ജനനം. ഉന്നതവിദ്യാഭ്യാസമെല്ലാം ഡൽഹിയിലും വിദേശത്തുമായിട്ടായിരുന്നു. ഡൽഹി യൂണിവേഴ്‌സിറ്റിയിൽനിന്നാണ് ഇക്കണോമിക്‌സിൽ ബിരുദമെടുത്തത്. അതിനുശേഷം യുകെയിലേക്ക് മാറിയ അവർ ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ നിന്ന് ബിസിനസ് കോഴ്‌സ് പൂർത്തിയാക്കി. ലണ്ടനിൽനിന്ന് തന്നെ മാർക്കറ്റിങ് പഠനവും പൂർത്തിയാക്കി. അതിനുശേഷം ബിസിനസ് മേഖലയിലായിരുന്നു അവർ പ്രവർത്തിച്ചിരുന്നത്. ആദ്യം സൊമാറ്റോയിൽ മാർക്കറ്റിങ് അസോസിയേറ്റായി ചേർന്നു. അധികം വൈകാതെ ബ്രാൻഡിന്റെ മാനേജർ പദവിയിലേക്കുയർന്നു. സൊമാറ്റോയുടെ ഒട്ടേറെ പരസ്യങ്ങളിലും അവർ പ്രത്യക്ഷപ്പെട്ടു.
പഠനത്തിനിടയിൽ തന്നെയാണ് സിനിമയിലേക്കുള്ള വിളി വരുന്നത്. ലണ്ടനിൽ പഠിക്കുമ്പോഴാണ് സംവിധായകൻ ഇംതിയാസ് അലിയുടെ കോൾ വരുന്നത്. സിനിമയിലേക്കുള്ള ഓഡിഷനിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടതും അദ്ദേഹം തന്നെ. 2018-ൽ റിലീസായ 'ലൈല മജ്‌നു' എന്ന ചിത്രത്തിനുവേണ്ടിയായിരുന്നുവത്. നായികാവേഷത്തിനായുള്ള ഓഡിഷൻ ആയിരുന്നുവെങ്കിലും, അത് കിട്ടിയില്ല. പകരം നായികയുടെ സഹോദരിയുടെ വേഷം ചെയ്തു. 'ബാർഡ് ഓഫ് ബ്ലഡ്' എന്ന നെറ്റ്ഫ്‌ളിക്‌സ് പരമ്പരയിലും അവർ അഭിനയിച്ചിട്ടുണ്ട്.
സമീപകാലത്ത്, സ്പോർട്സ് ബ്രോഡ്കാസ്റ്റിംഗ് രംഗത്ത് ഏറ്റവും പരിചിതമായ മുഖങ്ങളിലൊന്നായി സാഹിബ മാറി. ഐപിഎൽ കവറേജ് ചെയ്തും ക്രിക്കറ്റ് താരങ്ങളുമായി അഭിമുഖം നടത്തിയും തത്സമയ ക്രിക്കറ്റ് ഷോകൾ നയിച്ചും അവർ സ്‌പോർട്‌സ് ബ്രോഡ്കാസ്റ്റിങ്ങിലും സജീവമാണ്.
ഡേറ്റിങ് വാർത്തകൾ സോഷ്യൽമീഡിയയിൽ സജീവമായതിനുപിന്നാലെ, അതിനു മറുപടിയുമായി സാഹിബ എത്തി. അർജുൻ കപൂറിനൊപ്പം സ്റ്റേഡിയത്തിൽ നിന്നുള്ള ഒരു ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചുകൊണ്ടാണ് അവർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. 'എല്ലാം വിശ്വസിക്കരുത് പാർട്ട് 2' എന്നവർ കുറിച്ചു. ഇതിലൂടെ തങ്ങൾ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളെ അവർ തള്ളിക്കളയുന്നതാണെന്നാണ് സൂചന.
പ്രമുഖരുമായി ബന്ധപ്പെടുത്തി താരത്തിന്റെ പേര് വാർത്തകളിൽ വരുന്നത് ഇതാദ്യമായല്ല. മുൻപും സ്റ്റാൻഡപ്പ് കൊമേഡിയൻമാരായ സമയ് റെയ്ന, ആദിത്യ കുൽശ്രേഷ്ഠ് എന്നിവരുമായി ബന്ധപ്പെട്ടും ഡേറ്റിങ് ഗോസിപ്പുകൾ ഉയർന്നുവന്നിരുന്നു. നേരത്തെ മലൈക അറോറയുമായി പ്രണയത്തിലായിരുന്നു അർജുൻ. എട്ടുവർഷത്തോളം നീണ്ട ബന്ധത്തിനുശേഷം 2024-ലാണ് ഇരുവരും പിരിഞ്ഞത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Viral photos of Arjun Kapoor and Sahiba Bali at Lord's Cricket Ground sparked dating rumours. Sahiba Bali clarified the rumors via Instagram with the caption 'Don't believe everything'